കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേമ്പനാട്ടുകായല്‍ പരപ്പുകളിലും സമീപ ഉള്‍നാടന്‍ കായലുകളിലും ജലത്തില്‍ നിറംമാറ്റം. കടുത്ത ചാരനിറത്തിലുള്ള നിറം കായലാകമാനം പരന്നതോടെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലായി.
കായലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറംമാറ്റം ചിലര്‍ക്ക് ദൃശ്യമായെങ്കിലും ആദ്യം ആരും ഗൗരവമായെടുത്തില്ല. തുടര്‍ദിവസങ്ങളിലും ഈ നിറംമാറ്റം നിലനിന്നതോടെ തൊഴിലാളികള്‍ ആശങ്കയിലായി. പിന്നീടുള്ള ദിവസങ്ങളിലും തൊഴിലാളികള്‍ കൂട്ടത്തോടെ നിരീക്ഷണം നടത്തിയെങ്കിലും നിറം സാധാരണമട്ടിലെത്തിയിട്ടില്ല. വേമ്പനാട്ട് കായലിന്റെ അരൂര്‍, കുമ്പളം, പനങ്ങാട് മേഖലകളിലും ഇടക്കൊച്ചി കായലിലും ആദ്യഘട്ടത്തില്‍ നിറംമാറ്റം ദൃശ്യമായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇതിനിടെ, പ്രകൃതിക്ഷോഭത്തിന് മുന്നോടിയായുള്ള ചില മാറ്റങ്ങളാണ് കായലില്‍ പ്രതിഫലിക്കുന്നതെന്ന് ചില കേന്ദ്രങ്ങളില്‍നിന്നും പ്രചാരണം വന്നതോടെ പലരും കഴിഞ്ഞ ദിവസങ്ങളില്‍ കായലില്‍ ജോലിക്കിറങ്ങിയില്ല. സമീപത്തെ കടലുകളില്‍ പക്ഷേ ജലത്തിന്റെ നിറംമാറ്റം കാണാനായില്ല. മത്സ്യങ്ങള്‍ക്ക് നാശം സംഭവിച്ചതായി ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലങ്ങിമറിഞ്ഞ രീതിയിലുള്ള കായല്‍ നിറം മാറ്റ പ്രതിഭാസം ദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും ആരുംതന്നെ ഇതു സംബന്ധിച്ച പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്ന ഒരുനടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടുമില്ല.
അതേസമയം, കായലിലെ സസ്യപ്ലവകങ്ങള്‍ മാറിമാറി വരുമ്പോള്‍ പെട്ടെന്ന് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാമെന്ന് പനങ്ങാട് ഫിഷറീസ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ജി. മധുസൂദനക്കുറുപ്പ് ‘ജന്മഭൂമി’യോട് പറഞ്ഞു. ജലത്തിന്റെ സാന്ദ്രതയിലുള്ള വ്യത്യാസം ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമാകാം. അമിതമായ രാസമാലിന്യം കായലിലേക്ക് തള്ളുന്നത് ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമാകാമെന്ന് സംശയിക്കാം. വിഷമുള്ള പ്ലവകങ്ങള്‍ അമിതമായി വര്‍ധിക്കുമ്പോള്‍ ഇത്തരം നിറവ്യതിയാനം ദൃശ്യമാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: