ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്‍ ഏഴ് സര്‍ക്കിളുകളില്‍ ത്രിജി സേവനം നിര്‍ത്തുന്നു. ലൈസന്‍സ് ഇല്ലാത്ത സര്‍ക്കിളുകളില്‍ തിങ്കളാഴ്ചയോടെ 3 ജി സേവനം അവസാനിപ്പിക്കണമെന്നാണ് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളവും ഈ ഏഴ് സര്‍ക്കിളുകളില്‍ ഉള്‍പ്പെടും. കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, യുപി, മധ്യപ്രദേശ് എന്നിവയാണ് മറ്റുസര്ക്കിളുകള്. കൂടാതെ 350 കോടി രൂപ പിഴ അടയ്ക്കണമെന്നും ഭാരതി എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 3ജി ലൈസന്‍സി ഇല്ലാതിരുന്നിട്ടും സേവനം നല്‍കിയതിന്റെ പേരിലാണ് പിഴ.
ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ എയര്‍ടെല്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ കോടതി നാളെ വാദം കേള്‍ക്കും. വോഡാഫോണിനും ഐഡിയ സെല്ലുലാറിനും ഇതിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ കമ്പനികളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ടെന്നും ടെലികോം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സമയപരിധി വ്യക്തമാക്കിയിട്ടില്ല.
ഭാരതി എയര്‍ടെല്ലിന് 13 ഉം വോഡാഫോണിന് ഒമ്പതും ഐഡിയയ്ക്ക് 11 സര്‍ക്കിളുകളിലും ത്രിജി സേവനം നടത്തുന്നതിനാണ് 2010 ലെ ലേലത്തില്‍ ലൈസന്‍സ് ലഭിച്ചത്. വോഡാഫോണ്‍, ഐഡിയ എന്നിവരുമായി ഉണ്ടാക്കിയ ഇന്‍ട്ര സര്‍ക്കിള്‍ റോമിംഗ് കരാറിലൂടെയാണ് എയര്‍ടെല്‍ ഏഴ് സര്‍ക്കിളുകളില്‍ ത്രിജി സേവനം നല്‍കിയിരുന്നത്. മൂന്ന് കമ്പനികളും ഇക്കാര്യത്തില്‍ പരസ്പര സഹകരണത്തിലൂടെയാണ് ത്രിജി സേവനം ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഈ റോമിംഗ് കരാര്‍ നിയമവിരുദ്ധമാണെന്ന കാരണത്താലാണ് ടെലികോം വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനമായി എയര്‍ടെല്ലിന് 63 ലക്ഷത്തോളം ത്രിജി വരിക്കാരാണുള്ളത്. ഏഴ് സര്‍ക്കിളുകളില്‍ സേവനം മതിയാക്കുമ്പോള് ഇതില്‍ 30 ശതമാനം വരിക്കാരെ എയര്‍ടെല്ലിന് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: