യാങ്കോണ്‍: മ്യാന്മാറിലെ ഭരണഘടന ഭേഗഗതി ചെയ്യാനുള്ള നടപടികള്‍ക്ക് ആരംഭമായി. നിലവില്‍ ഭരിക്കുന്ന സൈനിക അനുകൂല യൂണിയന് സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന അംഗങ്ങളാണ് ഭരണഘടന ഭേദഗതിക്കുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.
പാര്‍ലമെന്റിലെ സൈനിക പ്രതിനിധികള്‍ ഇതിനെ അനുകൂലിക്കുകയും ചെയ്തു. മ്യാന്മാര് പ്രതിപക്ഷനേതാവ് ആങ് സാന്‍ സ്യൂകി പ്രസിഡന്റാകുന്നതിന് തടസമാകുന്ന വകുപ്പുകളുള്ള ഭരണഘടന 2008-ലാണ് നിലവില്‍ വന്നത്. ജീവിതപങ്കാളിയോ കുട്ടികളോ വിദേശ പൗരന്മാരാണെങ്കില് അവര്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വിലക്കുണ്ടെന്നാണ് ഇതിലെ പ്രധാനമായ ഒരു നിബന്ധന.
സ്യൂകിയുടെ ഭര്‍ത്താവ് മൈക്കല്‍ ആരിസ് ബ്രിട്ടീഷുകാരനായിരുന്നു. രണ്ട് ആണ്മക്കളുടെ പൗരത്വവും ബ്രിട്ടനിലാണ്. ഒപ്പം പാര്‍ലമെന്റില്‍ നാലിലൊന്ന് സീറ്റ് സൈന്യത്തിന് സംവരണം ചെയ്യുന്ന വ്യവസ്ഥയും ഭരണഘടനയിലുണ്ട്. ജനാധിപത്യ വിരുദ്ധവ്യവസ്ഥകളടങ്ങിയെന്നതിന് അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനവിധേയമായതാണ് മ്യാന്മറിന്റെ ഭരണഘടന.
ഭേദഗതികള്‍ നിലവില്‍ വന്നാല്‍ 2015-ല്‍ നടക്കുന്ന മ്യാന്മാര് പൊതുതിരഞ്ഞെടുപ്പില്‍ സ്യൂകിക്ക് പ്രസിഡന്റാകാനുള്ള സാധ്യതയും ഇതോടെ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: