ന്യൂദല്‍ഹി: മത്സ്യതൊഴിലാളികല്‍ കൊല്ലപ്പെട്ട കടല്വെടിവയ്പ്പ് കേസില്‍ നിരന്തരമായി നേരിടുന്ന വീഴ്ച്ചകളെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാടുപ്പെടുന്നു. പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ കഴിവതും ഈ വിഷയത്തിലെങ്കിലും ആവുന്നത് ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സിനിയോട് രാജ്യം വിടരുതെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. സ്ഥാനപതി ഒരു തരത്തിലും രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണിത്. ഇതു സംബന്ധിച്ച കടുത്ത നിര്‍ദ്ദേശങ്ങളാണ് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളെ കൂടാതെ ഇന്ത്യന്‍ നാവിക സേനയ്ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ ഭടന്മാരെ തിരികെയെത്തിക്കാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസഡറോട് അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ബാധ്യസ്ഥരാണെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തി ല്‍ യുപിഎഅദ്ധ്യക്ഷ സോണിയാഗാന്ധിയെ വലിച്ചിഴയ്ക്കുന്നത് അനൗചിത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും രാജ്യം വിട്ടു പോകില്ലെന്നും മാന്‍സിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാപനപതിയെ പുറത്താക്കുന്നത് അടക്കമുള്ള കാര്യ പരിഗണിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ നിലപാട് അറിഞ്ഞ ശേഷമാകും സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുക.
ഇതിനു പുറമെ സ്ഥാനപതിക്കു നേരെയുണ്ടായേക്കാവുന്ന നടപടി മുന്നില്‍ കണ്ട് ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ പുതിയതായി സ്ഥാനമേല്‍ക്കേണ്ട ഇന്ത്യന്‍ സ്ഥാനപതി ബസന്ത്കുമാര്‍ ഗുപ്തയോട് തല്‍ക്കാലത്തേക്ക് ജോലിക്ക് പ്രവേശിക്കേണ്ടെന്ന നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് പോയി കഴിഞ്ഞതായും സൂചനയുണ്ട്. പ്രതികാര ബുദ്ധിയോടെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരെ ഇറ്റലി തിരിയാതിരിക്കാനാണിത്. ഇറ്റലിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വിദേശമന്ത്രാലയം യൂറോപ്യന്‍ യൂണിയന്പ്രതിനിധിയെ വിളിച്ചുവരുത്തി സഹായം തേടി. നാവികരുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന നിരുത്തരവാദപരമായ നിലപാടുകളെ പ്രതിരേധിക്കാനുള്ള തത്രപാടിലാണ് സര്‍ക്കാര്‍ എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നിയമ നടപടികളോടൊപ്പം ഇറ്റലിയുമായി കാര്യമായ നയതന്ത്ര ചര്‍ച്ചകള്‍ക്കൊന്നും ഇതുവരെ വിദേശകാര്യമന്ത്രാലയം മുന്കൈയ്യെടുക്കാത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇറ്റാലിയന്‍ സ്ഥാനപതിക്കു നേരെ നടപടിയെടുക്കാന്‍ സുപ്രീംക്കോടതിക്ക് പോലും കഴിയുമോ എന്ന കാര്യത്തിന് ഇപ്പോഴും വ്യക്തതയില്ല. കോടതി നിയമനടപടികള്‍ക്ക് മുതിര്‍ന്നാല്‍ 1961ലെ വിയന്ന ഉടമ്പടി തെറ്റിക്കുന്നതു പോലെയാകും. ഉടമ്പടിപ്രകാരം മറ്റൊരുരാജ്യത്തെ നയതന്ത്രജ്ഞ രെ ആ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയരാക്കാനാകില്ല. എല്ലാ കോടതികളില്‍ നിന്നും അവര്‍ക്ക് പ്രതിരോധമുണ്ട്. നടപടിയുണ്ടായാല്‍ തന്നെ നയതന്ത്രപരമായ ചര്‍ച്ചകളെയും ഇതു ബാധിച്ചേക്കും. എല്ലാം സുപ്രീംകോടതിക്ക് വിട്ടുകൊണ്ടുള്ള തടിതപ്പലിനാണ് സര്‍ക്കാര്‍ മുതിരുന്നത്.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: