പത്തനംതിട്ട : ജലസ്രോതസ്സുകളായ നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തി വന്‍കിട പ്രോജക്ടുകള്‍ക്ക് അനുമതി നല്കുന്ന സര്‍ക്കാര്‍ നീര്‍ത്തട സംരക്ഷണത്തിനും മഴവെള്ളസംഭരണികള്ക്കും വേണ്ടി കോടികള്‍ ബജറ്റില്‍ വക കൊള്ളിച്ച നടപടി പരിഹാസ്യവും പ്രഹസനവുമാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
നീര്‍ത്തടം നികത്തി ആറന്മുളയില് വിമാനത്താവളം പണിയുന്ന കമ്പനിയില്‍ പത്തു ശതമാനം ഓഹരി എടുത്ത സര്‍ക്കാരിന് നീര്ത്തടത്തെപ്പറ്റി പറയുവാന്‍ ധാര്‍മ്മികാവകാശമില്ല. ആറന്മുള ഉള്‍പ്പെടെ മുപ്പതിനായിരം ഏക്കര്‍ നെല്‍പ്പാടവും നീര്ത്തടവുമാണ് സെപ്തംബര്‍ 12-ന് എമര്‍ജിംഗ് കേരളയില്‍ വ്യവസായങ്ങള്‍ക്കു വേണ്ടി നീക്കി വച്ചത്. അഞ്ച് വന്‍കിട പ്രോജക്ടുകള്‍ക്ക് വേണ്ടി ഈ സ്ഥലമത്രയും നികത്തുന്നതിന് വന്‍തോതില്‍ വിശാലമായ കുന്നുകളും ഇടിച്ചു നിരത്തേണ്ടി വരും. 7 ഹെക്ടര്‍ നെല്‍വയല്‍ ഇപ്പോള്‍ 2 ഹെക്ടറായി കുറഞ്ഞു, തല്‍ഫലമായി ഭൂഗര്‍ഭ ജലവിതാനം 3 മീറ്റര്‍ താഴ്ന്നു. ജലസ്രോതസ്സുകളെ നശിപ്പിയ്ക്കുന്ന സര്‍ക്കാര്‍ നീര്‍ത്തടങ്ങള്‍ സംരക്ഷിയ്ക്കുമെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥതയോ സത്യസന്ധതയോ ഇല്ല. വെറും പ്രഹസനം മാത്രമാണ് ഈ ബജറ്റ് നിര്‍ദ്ദേശമെന്ന് കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: