കോന്നി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഒന്നരവര്‍ഷം മുമ്പ് സര്‍ക്കാര്‍ ഉറക്കിയ ഉത്തരവ് പ്രഹസനമായി. വ്യവസ്ഥകള്‍ കര്‍ശനവും അപ്രായോഗികവുമായതിനാലാണ് ഇവയുടെ ശല്യം രൂക്ഷമായിട്ടും അനുമതിക്കായി കര്‍ഷകര്‍ അധികൃതരെ സമീപിക്കാത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി വനം ഡിവിഷനുകളുടെ പരിധിയില്‍ കോന്നി -വള്ളിക്കോട് സ്വദേശി മാത്രമാണ് ഇതുവരെയായി അപേക്ഷ നല്‍കിയത്. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അപേക്ഷയ്ക്ക് അനുമതി നല്‍കിയതുമില്ല. വരള്‍ച്ച രൂക്ഷമായതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്. കൂട്ടമായി എത്തുന്ന കാട്ടുപന്നികളാണ് മലയോര മേഖലയിലെ കര്‍ഷകരെ പ്രധാനമായും കണ്ണീരിലാഴ്ത്തുന്നത്. കൃഷിനാശത്തിന് പുറമെ പന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുവാനുള്ള അനുമതിക്കായി പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ ഏറെ സങ്കീര്‍ണ്ണവും അപ്രായോഗികവുമാണ്. നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്പോഴായിരിക്കണം കര്‍ഷകര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ റെയിഞ്ച് ഓഫീസര്‍ക്കോ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകള്‍ ഹാജരാക്കണം.
എന്നാല്‍ വനമേഖലയിലെ കൃഷിയിടങ്ങളില്‍ മിക്കതിനും ഇത്തരം പ്രമാണങ്ങളുണ്ടാവാറില്ല. പാട്ടക്കരാറില്‍ കൃഷി ചെയ്യുന്ന ആളുകളുമുണ്ട്. അപേക്ഷ നല്കിയാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനനടത്തി തീരുമാനം കര്‍ഷകരെ അറിയിക്കും. പന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതി ലഭിച്ചാല്‍ തന്നെ വീണ്ടും കടമ്പകളേറെ. കര്‍ഷകര്‍തന്നെ ലൈസന്‍സുള്ള തോക്കുടമയെ കണ്ടെത്തണം. മുലയൂട്ടുന്ന പന്നികളെ യാതൊരു കാരണവശാലും കൊല്ലാന്‍ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാല്‍ പിന്തുടര്ന്ന് വെടിവെയ്ക്കരുത്, അഥവാ വെടിയേറ്റ് ചത്താല്തന്നെ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം എന്നിങ്ങനെ പോകുന്നു വ്യവസ്ഥകള്‍.
നിബന്ധനകള്‍ പാലിച്ച് രാത്രി കാത്തിരുന്ന് പന്നികളെ കൊല്ലാന്‍ ലൈസന്‍സുള്ള തോക്കുടമ തയ്യാറാവാറില്ല. ഒരിക്കല്‍ അപേക്ഷ സമര്‍പ്പിച്ച് നിരസിക്കപ്പെട്ടാല്‍ പിന്നീട് പ്രദേശത്ത് ഏതെങ്കിലും കാട്ടുമൃഗം കൊല്ലപ്പെട്ടാല്‍ അയാള്‍ സംശയനിഴലിലാവും എന്നതാണ് കര്‍ഷകരെ ഭയപ്പെടുത്തുന്നത്.
വനമേഖലയിലെ കൃഷി സംരക്ഷിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പാക്കാറില്ല. നടപ്പിലാക്കുന്നവ കാര്യമായ പ്രയോജനം ചെയ്യാറുമില്ല. സൗരോര്‍ജ്ജവേലി ,ജൈവ മതില് തുടങ്ങി പലതും പരീക്ഷിച്ചെങ്കിലും ഇതൊന്നും കര്‍ഷകര്‍ക്ക് ആശ്വാസമായില്ല. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവാദിത്വം വനംവകുപ്പിന്റെ ദ്രൂതകര്മ്മസേനയെ ഏല്‍പ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പി.എ.വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: