ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 6.84 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന ഇന്ധന വിലയാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനകാരണം. നാണ്യപ്പെരുപ്പം 6.54 ശതമാനമായിരിക്കുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ജനുവരിയിലിത് 6.62 ശതമാനമായിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ അടുത്ത ആഴ്ച നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പം 7.56 ശതമാനമായിരുന്നു.
അതേസമയം ഡിസംബറിലെ പണപ്പെരുപ്പം 7.18 ശതമാനത്തില്‍ നിന്നും 7.31 ശതമാനമായി പുതുക്കി നിശ്ചയിച്ചു. പണപ്പെരുപ്പം ആറ് ശതമാനത്തില്‍ അധികം ഉയരുകയാണെങ്കില്‍ നയ നിലപാട് കൂടുതല്‍ കടുത്തതാക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നിര്‍മാണ സാമഗ്രികളുടെ വിലയില്‍ നേരിയ ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.51 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ 11.38 ശതമാനവും ഇടിവുണ്ടായി. ജനുവരിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 11.88 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ ഉള്ളിവിലയില്‍ 154.33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 111.52 ശതമാനം വര്‍ധനവാണ് ജനുവരിയില്‍ ഉണ്ടായിരിക്കുന്നത്.
അരിവില 18.84 ശതമാനം ഉയര്‍ന്നു. ജനുവരിയിലിത് 17.31 ശതമാനമായിരുന്നു. പച്ചക്കറിവിലയില്‍ 12.11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ്, ധാന്യങ്ങള്‍ മുതലായവയുടെ വിലയില്‍ യഥാക്രമം 21.63 ശതമാനം, 19.19 ശതമാനം വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. ഉരുളക്കിഴങ്ങ്, പയറിനങ്ങള്‍ മുതലായവയുടെ വിലയില്‍ യഥാക്രമം 45.99 ശതമാനവും 14.96 ശതമാനവും ഇടിവുണ്ടായി.
മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 12.85 ശതമാനവും പാല് വിലയില്‍ 4.57 ശതമാനവും പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 8.93 ശതമാനവും വര്‍ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: