ന്യൂദല്‍ഹി: കൊല്ലം തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. നാവികരെ മടക്കി അയക്കാമെന്ന് സുപ്രീംകോടതിയ്ക്ക് നല്കിയ ഉറപ്പ് പാലിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയാറാവണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇറ്റലിയുടെ നിലപാടിനെക്കുറിച്ച് മുഖ്യപ്രതിപക്ഷമായ ബിജെപി ലോക്സഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ ഇന്ത്യയിലേക്ക് തിരികെ വരേണ്ടെന്ന ഇറ്റലിയുടെ നിലപാട് ഗൗരവമേറിയതാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കും. നാവികരെ ഇന്ത്യയിലെക്ക് തിരിച്ചയക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയതാണ്. നാവികരെ തിരിച്ചയക്കാനാവില്ലെന്ന ഇറ്റാലിയന്‍ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിഷയത്തില്‍ ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ലോക്സഭയെ അറിയിച്ചു. പാര്‍ലമെന്റംഗങ്ങളുടെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നതിനിടെ ഇടതുപക്ഷാംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റെങ്കിലും കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ പ്രധാനമന്ത്രി പ്രസ്താവന അവസാനിപ്പിച്ചു.
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷധിച്ച് പാര്‍ലമെന്റ് സമ്മേളിച്ച ഉടനെ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ഇടതുപക്ഷവും ബഹളം വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: