ന്യൂദല്‍ഹി: ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫോട്ടോയും പേരും മേല്‍വിലാസവും പത്രങ്ങളില്‍ അച്ചടിച്ചുവന്നേക്കാം. വായ്പാ കുടശിക തിരിച്ചടയ്ക്കുന്നതില്‍ വിമുഖത കാട്ടുന്നവരെ പൊതുജന മധ്യത്തില്‍ നാണം കെടുത്തുന്ന നയം സ്വീകരിക്കാനാണ് ബാങ്കുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം തന്നെ ഈ മാര്‍ഗ്ഗം പിന്തുടരുന്നുണ്ട്.
വായ്പ എടുത്തിട്ടുള്ളവര്‍ നോട്ടീസ് കിട്ടി 15 ദിവസത്തിനകം കുടിശിക തിരിച്ചടച്ചില്ലെങ്കില്‍ ജാമ്യം നില്ക്കുന്നവരുടെ ഫോട്ടോയും പേരും മേല്‍വിലാസവും മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനും നീക്കമുണ്ട്. കൂടാതെ ബാങ്കുകളുടെ പ്രാദേശിക ശാഖകളിലും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ചില ബാങ്കുകള്‍ തീരുമാനിച്ചിട്ടുള്ളതായി പ്രമുഖ ബാങ്കിലെ സീനിയര്‍ എക്സിക്യൂട്ടീവ് പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ രീതിയ്ക്ക് തുടക്കമിട്ടത്. ദല്‍ഹിയില്‍ വായ്പ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ അഞ്ച് പേരുടെ വിശദാംശങ്ങളാണ് എസ്ബിഐ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.
വായ്പ എടുത്തിട്ടുള്ളവരില്‍ ഭൂരിഭാഗവും കുടിശിക അടയ്ക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച വരുത്തുന്നവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വായ്പ അടയ്ക്കാത്തവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് മറ്റ് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ്. ഇത്തരക്കാര്‍ക്ക് തുടര്‍ന്നും ഒരു തരത്തിലുമുള്ള ബാങ്ക് വായ്പ ലഭിക്കുന്നതായിരിക്കില്ല.
വായ്പ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതില്‍ നിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതിനും ഈ നടപടിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷത്തിനും അതിന് മുകളിലുമുള്ള വായ്പാ കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡിന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: