ഭുവനേശ്വര്‍: പോസ്കോ പദ്ധതിക്കെതിരെ സമരക്കാര്‍ നടത്തിയ അര്‍ധനഗ്ന പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തു. മൂന്ന് സ്ത്രീകള്‍ക്കെതിരേയും പോസ്കോ പ്രതിരോധ് സംഗ്രാം സമിതി പ്രസിഡന്റ് അഭയ സാഹുവിനെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. അഭയ്ചാന്ദ്പൂര് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊതുജനമധ്യത്തില്‍ അശ്ലീലം കാട്ടാന്‍ ശ്രമിച്ചതിനുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമം 294-ാം വകുപ്പു പ്രകാരവും മറ്റു വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ പോസ്ക്കോ പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇന്നലെ പ്രത്യേകം യോഗം ചേര്‍ന്നു. പദ്ധതിക്കെതിരെ ഏതറ്റം വരെ പോകാനും തയാറാണെന്ന് പോസ്കോ പ്രതിരോധ് സംഗ്രാം സമിതി വനിതാ വിഭാഗം ദുര്‍ഗ വാഹിനി നേതാവ് മനോരമ ഖത്വ വ്യക്തമാക്കി. അര്‍ദ്ധനഗ്നയായി പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് മനോരമയ്ക്കെതിരെയും കേസുണ്ട്.
എന്നാല്‍ പദ്ധതിയെ അനുകൂലിക്കുന്ന വനിതാസംഘടന അര്‍ധനഗ്ന പ്രതിഷേധത്തെ അപലപിച്ചു. പോസ്കോ പ്രതിരോധ് സംഗ്രാം സമിതി പൊതുജനമധ്യത്തില്‍ സ്ത്രീയെ തുണിയുരിയാന്‍ പ്രേരിപ്പിക്കുകയാണെന്നും സംഘടനയുടെ നേതാവ് അഭയ സാഹുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ദ്ധനഗ്ന പ്രതിഷേധം ജില്ലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും നാണക്കേടുണ്ടാക്കുന്നതായിരുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: