കൊച്ചി: മഴ ഗതിമാറ്റിയ മലയാളക്കര ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ മറു സംവിധാനമൊരുക്കുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പ്രതിസന്ധി ഒഴിവാക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗമായ “സൗരോര്‍ജ്ജ പദ്ധതി” വിപുലീകരിക്കുവാന്‍ ഒരുങ്ങുകയാണ് മലയാളനാട്. മഴ കുറവിന്റെ ആദ്യഘട്ട പ്രതിഫലനമായെത്തിയ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുവാന്‍ സൂര്യതാപത്തില്‍ നിന്നുള്ള വൈദ്യുതി സംവിധാനത്തിനുള്ള പ്രചാരണവും പദ്ധതികളും പ്രവര്‍ത്തനങ്ങളും നടത്തുകയാണ് സര്‍ക്കാര്‍. നീരൊഴുക്കില്ലാതെയും നീരാവിയായും ജലസംഭരണികളിലെ ജലസംഭരണ തോത് കുറയുകയും താപനിലയങ്ങളും ഇതര വൈദ്യുതോല്‍പ്പാദന പദ്ധതികളുടേയും വര്‍ധിച്ച ഉല്‍പ്പാദന ചെലവും ഊര്‍ജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ വന്‍ സാമ്പത്തികാഘാതമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. സ്വകാര്യ മേഖലയിലെ ചെറുകിട ജലവൈദ്യുത പദ്ധതി പ്രോത്സാഹനം നയപരമായി വിമുഖത പ്രകടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ‘സൗരോര്‍ജ്ജ പദ്ധതി’വ്യാപകമാക്കി പ്രകൃതിദത്ത ഊര്‍ജ്ജ ഉല്‍പ്പാദനം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും ഉല്‍പ്പാദിപ്പിച്ചിരുന്ന ജലവൈദ്യുത പദ്ധതികളില്‍നിന്ന് മഴ കുറവ് മൂലമുള്ള നീരൊഴുക്കിന്റെയും ജലസംഭരണ ശേഷിയുടെ ബലക്ഷയത്താലും പ്രതിസന്ധിയിലാണ്. വൈദ്യുതി ഉല്‍പ്പാദന ചെലവില്‍ ദേശീയ ശരാശരിയെക്കാള്‍ പകുതിയിലും താഴെയാണ് ജലവൈദ്യുതി നിര്‍മാണ ചെലവ്. എന്നാല്‍ കാലാകാലങ്ങളില്‍ അവഗണന തുടര്‍ക്കഥയായതോടെ കാലാവസ്ഥ വ്യതിയാന ഘട്ടം ജലസംഭരണികളില്‍ ജലവൈദ്യുത ഉല്‍പ്പാദന പ്രവര്‍ത്തനത്തെ വന്‍ പ്രത്യാഘാതത്തിലാക്കുകയും ചെയ്തു. കേരളത്തിനാവശ്യമായ വൈദ്യുതിയിലെ 60 ശതമാനത്തിലുമേറെ അധികനിരക്ക് നല്‍കിയാണ് ഇന്ന് സര്‍ക്കാര്‍ വാങ്ങുന്നത്. സംസ്ഥാനത്ത് അതിരൂക്ഷ പ്രതികൂല കാലാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ വൈദ്യുതി ഉല്‍പ്പാദനം (പ്രതിദിനം) 135 ലക്ഷം യൂണിറ്റാണ്. കൂടാതെ കുറഞ്ഞത് 500 ലക്ഷം യൂണിറ്റ് വൈദ്യുതി പുറമേനിന്നും വാങ്ങുകയും ചെയ്യുന്നു. എന്നാലും സംസ്ഥാനത്തെ ഊര്‍ജ്ജ ലഭ്യത ഫലവത്താകുന്നില്ലെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തുന്നത്. ഗാര്‍ഹിക ഉപഭോക്തൃ മേഖലയില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തുമ്പോള്‍ വ്യവസായിക വാണിജ്യ-നിര്‍മാണ മേഖലയ്ക്കാവശ്യമായ വൈദ്യുതി നല്‍കുന്നതിലെ നിയന്ത്രണങ്ങളും അധികനിരക്കുകളും ബഹുമുഖ പ്രതിസന്ധിയും പരാജയവുമാണ് സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്നത്.
സംസ്ഥാനത്തെ ജലസംഭരണികളില്‍ ജലനിരപ്പ് താഴ്ന്നത് വൈദ്യുതി ഉല്‍പ്പാദനത്തിന് തിരിച്ചടിയായപ്പോള്‍ നദികളിലേയ്ക്ക് ഉപ്പുവെള്ളം കയറി ശുദ്ധജല ലഭ്യത കുറഞ്ഞത് താപവൈദ്യുത നിലയങ്ങളെയും പ്രതിസന്ധിയിലാഴ്ത്തുകയാണ്. സംസ്ഥാന വ്യാപകമായി 62 ഓളം ചെറുകിട-ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടുള്ള 200 മെഗാവാട്ട് ലഭ്യത ഇനിയും കാലതാമസം നേരിടുവാനാണ് സാധ്യത. ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊജക്ട് (ഐപിപി)ലൂടെയുള്ള വൈദ്യുതി കെഎസ്ഇബി വഴി വിതരണത്തിനായി ആവശ്യപ്പെടുമ്പോള്‍ ക്യാപിറ്റേറ്റീവ് പവര്‍ പ്രൊജക്ട് ഉല്‍പ്പാദന വൈദ്യുതി സ്വന്തമായി ഉപയോഗിക്കാനും കഴിയുന്നതിനായി നിശ്ചിത തുക സര്‍ക്കാരിന് നല്കിയാല് മതിയെന്നതായിരുന്നു പദ്ധതി നയം. 30 വര്‍ഷ കാലാവധിയുള്ള പദ്ധതിക്ക് തണുപ്പന്‍ പ്രതികരണമാണ് ആദ്യം ലഭിച്ചതെങ്കിലും ഊര്‍ജപ്രതിസന്ധി രൂക്ഷമായതോടെ പദ്ധതി വീണ്ടും സജീവമായിരിക്കയാണ്. പുറമെനിന്നുള്ള അധിക വൈദ്യുതി വിഹിതത്തിന് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നത് സംസ്ഥാന വൈദ്യുതി വിതരണ മേഖലക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുക. നിലവിലെ നിയന്ത്രണങ്ങളും അധികനിരക്ക് ഈടാക്കലും വ്യാവസായിക-വാണിജ്യ-നിര്‍മ്മാണ മേഖലയില്‍ അധിക സാമ്പത്തികഭാരമുണ്ടാക്കുമ്പോള് വിലവര്‍ധനവിന്റെ പ്രതിഫലനമായി ജനങ്ങള്‍ ഇതിന്റെ ഭാരവും ഏറ്റെടുക്കേണ്ടിയുംവരുന്നു.
മഴയുടെ കുറവും കാലാവസ്ഥയിലെ മാറ്റവും ജനങ്ങളുടെ ആഡംബര ജീവിതശൈലിയും ഊര്‍ജപ്രതിസന്ധിക്ക് കാരണമായി മാറിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം കേരളത്തില്‍ വില്‍പ്പന നടത്തുന്ന എയര്‍ കണ്ടീഷന്‍, ഫ്രിഡ്ജ്, എയര്‍കൂളര്‍ എന്നിവയുടെ വര്‍ധന ഇത് വെളിപ്പെടുത്തുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ഒന്നര ലക്ഷത്തിലേറെ എയര്കണ്ടീഷണനറുകളാണ് ഈ കാലയളവില്‍ വില്‍പ്പന നടന്ന ശരാശരി കണക്കെന്ന് വ്യാപാരശൃംഖലകള്‍ പറയുന്നു. ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തോടൊപ്പം ഇവ പ്രകൃതിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും വിവിധ കേന്ദ്രങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ഇലക്ട്രിക്കല്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യയിലെ ഒന്നാംനിര വിപണിയായാണ് കമ്പനികള്‍ കേരളത്തെ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധിയുടെ നേട്ടം കൊയ്യാന്‍ സൗരോര്‍ജ ഇലക്ട്രിക്കല്‍ പാനല്‍ വിപണി സജ്ജമായിക്കഴിഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായ എനര്ട്ടിനൊപ്പം സ്വകാര്യകമ്പനികളും സോളാര്‍ വൈദ്യുതി സജ്ജീകരണങ്ങളുമായി വിപണിയിലെത്തിക്കഴിഞ്ഞു. സോളാര്‍ റാന്തലുകള്‍, ട്യൂബുകള്‍, വിളക്കുകള്‍, ഹീറ്ററുകള്‍, അടുക്കള സംവിധാനം, ബാത്ത്റൂം ഹീറ്റര്‍ തുടങ്ങിയവ വന്‍തോതില്‍ വിപണിയിലേക്കെത്തുകയാണ്. 500 രൂപയുടെ റാന്തല്‍വിളക്ക് മുതല്‍ 50,000 രൂപയുടെ കുക്കിംഗ്-ഹീറ്റര്‍ ഉല്‍പ്പന്നങ്ങള്‍ വരെ വിപണിയില്‍ ലഭിക്കുന്ന ഉപകരണങ്ങളാണെന്ന് വ്യാപാരികള്‍ പറയുന്നു. കുത്തനെ ഉയരുന്ന വൈദ്യുതിബില്ലുകളും ഇടക്കിടെയുള്ള തടസങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളെ സോളാര്‍ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയാണെന്ന് കൊച്ചിയിലെ വ്യാപാരിയായ തോംസണ്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനസര്‍ക്കാരിന്റെ എനര്ട്ടും സോളാര്‍ വിംഗും സൗരോര്‍ജ ഉപകരണ പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഉല്ലാസകേന്ദ്രങ്ങളിലെ വിളക്കുകള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ പാനല്‍ സംവിധാനമേര്‍പ്പെടുത്തി ജനവിശ്വാസവും അംഗീകാരവും നേടിയെടുക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 2013 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുന്ന സോളാര്‍ പദ്ധതിയില്‍ 75,000 വീടുകള്‍ക്ക് മുകളില്‍ സോളാര്‍ റൂഫ്ടോപ്പ് പാനല്‍ സ്ഥാപിക്കാനാണ് അനര്‍ട്ട് തയ്യാറെടുക്കുന്നത്. ആദ്യഘട്ടമായി 10,000 റൂഫ്ടോപ്പു സോളാര്‍പാനലുകളാണ് സ്ഥാപിക്കുക. ഇതിനായി 175 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക സോളാര്‍ പാനല്‍ സംവിധാനമൊരുക്കുന്നതിന് 20-50 ശതമാനം വരെ സബ്സിഡി നല്കിക്കൊണ്ടും സൗരോര്‍ജ സംവിധാനം വ്യാപകമാക്കി ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രാജ്യത്ത് ഗുജറാത്ത്, മഹാരാഷ്ട്ര, ന്യൂദല്‍ഹി സംസ്ഥാനങ്ങളില്‍ സോളാര്‍ പാനല്‍ സംവിധാനം വ്യാപകമായതിന് പിന്നാലെ കേരളവും സോളാര്‍ സംസ്ഥാനമായി മാറുവാനൊരുങ്ങുകയാണെന്ന് വേണം കരുതാന്‍.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: