ന്യൂദല്‍ഹി: ഹൈദരാബാദ് സ്ഫോടനത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. ഭീകരാക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നെന്ന് ലോക്സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത്തരത്തിലൊരു ഭീകരാക്രമണം നടക്കാനിടയായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ഏജന്‍സികളുടെ സൂചനകളുണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച വലുതാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ലോക്സഭ സമ്മേളിച്ചയുടന്‍ തന്നെ ആക്രമണത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ട് അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ തടസ്സപ്പെട്ടിരുന്നു. സിപിഎം നേതാവ് ബസുദേവ ആചാര്യ, എസ്പി നേതാവ് മുലായം സിംഗ് തുടങ്ങി വിവിധനേതാക്കളും സംഭവത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. എവിടെയാണ് സര്‍ക്കാരിന് വീഴ്ച പറ്റുന്നതെന്ന് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇട വരരുതെന്ന് ബിഎസ്പി നേതാവ് ദാരാ സിംഗ് ചവാന് ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്തം നഷ്ടമായ സര്‍ക്കാര്‍ പാപ്പരായെന്ന് ജെഡിയു നേതാവും എന്‍ഡിഎ കണ്‍വീനറുമായ ശരദ് യാദവ് പറഞ്ഞു.
ഭീകരത പോലുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം അനുയോജ്യമല്ലെന്നും പതിവ് സംഭവം പോലെ തികച്ചും സ്വാഭാവികമായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബിജെപി മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഐഎ മുന്നറിയിപ്പ് നല്‍കിയെന്ന കാര്യം കേന്ദ്രആഭ്യന്തരമന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
വളരെ ഗൗരവകരമായ ഇക്കാര്യത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും ഷിന്‍ഡെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. സ്ഫോടനം നടന്ന വ്യാഴാഴ്ച തന്നെ ഷിന്‍ഡെ ഹൈദരാബാദിലെത്തണമായിരുന്നെന്നും വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിനെ അവഗണിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് ആദ്യം പറഞ്ഞ ഷിന്‍ഡെ ഹൈദരാബാദിന് ഭീഷണിയുള്ളതായി അറിയില്ലായിരുന്നു എന്ന് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഭീകരാക്രമണത്തിന് ഹൈദരാബാദാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. കസബിനെയും അഫ്സല് ഗുരുവിനെയും തൂക്കിക്കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘടനകളായ ഇന്ത്യന്‍ മുജാഹിദീനും ലഷ്ക്കറെ തോയ്ബയും പരസ്യമായ പ്രസ്താവന നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ ഭീകരര്‍ നോട്ടമിടുന്നതായി ദല്‍ഹി പോലീസിന്റെ പ്രത്യേകവിഭാഗവും സൂചന നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് മുന്നറിയിപ്പാണ് വേണ്ടിയിരുന്നത്, നായിഡു ചോദിച്ചു. ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി നഷ്ടപരിഹാരം നല്‍കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഭീകരാക്രമണത്തില്‍ സര്‍ക്കാരിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരതക്ക് മതമില്ലെന്നും ഒറ്റക്കെട്ടായി നിന്ന് ഭീകരതയെ എതിര്‍ക്കുകയാണ് വേണ്ടതെന്ന് ലോക്സഭാപ്രതിപക്ഷ നേതാവ് സുഷമ സ്വരാജും വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പതിവ് പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുക മാത്രമായിരുന്നില്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: