ഹൈദരാബാദ്: ഹൈദരാബാദിലെ ഇരട്ടസ്ഫോടനം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടു. 16 പേര് കൊല്ലപ്പെടുകയും 114 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം ആസൂത്രണം ചെയ്തവര്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് ദില്‍സുഖ്നഗറിലെ സായി ബാബ ക്ഷേത്രമായിരുന്നത്രെ. എന്നാല്‍ അവസാന നിമിഷമാണ് അവര്‍ പദ്ധതി മാറ്റിയതെന്ന് എന്‍ഐഎയും ഹൈദരാബാദ് പോലീസും വെളിപ്പെടുത്തി.
ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ വ്യാഴാഴ്ച വൈകിട്ട് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനിരിക്കുകയായിരുന്നു. അതിനാലാണ് അവസാനനിമിഷം ഭീകരര്‍ പദ്ധതി മാറ്റിയത്. യഥാര്‍ഥ ആസൂത്രണം സായിബാബ ക്ഷേത്രം ആക്രമിക്കാനായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ 50 ലധികം ജഡങ്ങള്‍ കാണാനാകുമായിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു ബോംബുകള്‍ സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യം.
എന്തായാലും കമ്മീഷണറുടെ ക്ഷേത്രദര്‍ശനം പ്രമാണിച്ച് സ്ഥലത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. മാത്രമല്ല കനത്ത പോലീസ് ബന്തവസ്സും പ്രദേശത്തുണ്ടായിരുന്നു. ഇതാണ് പദ്ധതി അവസാനനിമിഷം മാറ്റി സൈക്കിളില്‍ ബോംബ് ഘടിപ്പിച്ച് ക്ഷേത്രത്തിന് അകലെ സ്ഫോടനം നടത്താനും അവര്‍ തീരുമാനിച്ചത്, എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
അഞ്ചുമാസങ്ങള്‍ കൊണ്ടാണ് അതീവസൂക്ഷ്മമായി ആക്രമണപദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് അറിയിച്ചു. നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ അഞ്ചുദിവസം മുമ്പു തന്നെ മുറിച്ചു മാറ്റിയിരുന്നതിനാല്‍ സ്ഫോടനം ആവിഷ്കരിക്കുന്നതില്‍ പിഴവുകളുണ്ടായില്ല. ആക്രമണകാരികള്‍ ആദ്യം ലക്ഷ്യമിട്ടത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെയായിരുന്നു. അതോടൊപ്പം മറ്റൊരു ആക്രമണ പദ്ധതിയും അതിന്റെ പുറകിലായി അവര്‍ തയ്യാറാക്കിയിരുന്നു. സാധാരണ നിലയ്ക്ക് കാര്യങ്ങള്‍ മുന്നോട്ടു പോയില്ലെങ്കില്‍ പദ്ധതി തെറ്റുകയും ആക്രമണം പരാജയപ്പെടുകയും ചെയ്തേനെ. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ക്ക് ശരിയായ പിന്തുണ ഉണ്ടായിരുന്നെന്ന് തെളിയുന്നു. ഹൈദരാബാദ് പോലീസിലെ ഉന്നതന് ചൂണ്ടിക്കാട്ടി.
ദില്‍സുഖ്നഗര്‍ ക്ഷേത്രത്തിലെ സുരക്ഷ മറ്റുള്ളിടത്തെക്കാള് കര്‍ശനമാണെന്ന് ആക്രമണകാരികള്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് ഇതോടൊപ്പം മറ്റൊരു പദ്ധതിയും അവര്‍ തയ്യാറാക്കിയിരുന്നത്. സ്ഫോടനം നടത്തിയ സംഘം തന്നെയാണോ നിരീക്ഷണ ക്യാമറകളുടെയും കേബിളുകള്‍ മുറിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാരണം നിരീക്ഷണ ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കുമെന്നതിനാല് അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ 2002ല്‍ സായിബാബ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് രണ്ട് പേര് കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഉപയോഗിച്ച ബോംബുകള്‍ പ്രഹരശേഷി കുറഞ്ഞവയായതിനാലാണ് ഉഗ്രസ്ഫോടനം നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിച്ച ബോംബുകള്‍ മാരകവും വിദഗ്ധനായ ഒരാള്‍ കൂട്ടിയോജിപ്പിക്കുകയും ചെയ്തവയാണ്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സ്ഫോടനക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎക്ക് സഹായകമായി രണ്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: