കൊച്ചി: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ നികുതി വരുമാനത്തില്‍ എറണാകുളം ജില്ലയ്ക്ക് വന്‍ നേട്ടം. ജനുവരി 31 വരെയുള്ള കാലയളവില്‍ ഈ വര്‍ഷം ലക്ഷ്യമിട്ടതിന്റെ 77.1 ശതമാനം നികുതി പിരിച്ചെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു. 977.75 കോടി രൂപയാണ് ഇതുവരെയുള്ള നികുതിപിരിവ്. ജനുവരിയില്‍ മാത്രം 113.18 കോടി രൂപ നികുതിയായി സര്‍ക്കാര്‍ ഖജനാവിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 170.91 കോടി രൂപയുടെ അധിക വരുമാനമാണ് ജില്ല കൈവരിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു.
ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെയുള്ള റവന്യൂ വരുമാനത്തിലും മുന്‍വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 14.77 കോടി രൂപയുടെ നേട്ടമുണ്ടാക്കി. മുന്‍വര്‍ഷം ജനുവരിയില്‍ 30.66 കോടി രൂപ നേടിയ സ്ഥാനത്ത് ഇക്കുറി 45.42 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തി. ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന വരുമാനത്തിന്റെ 40.43 ശതമാനമാണിതെന്നും 66.93 കോടി രൂപ കൂടി പിരിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു.
13.87 കോടി രൂപയുടെ റവന്യൂ റിക്കവറിയുമായി കണയന്നൂര്‍ താലൂക്കാണ് വരുമാനത്തില്‍ മുന്നില്‍. 6.09 കോടി രൂപ പിരിച്ചെടുത്ത മൂവാറ്റുപുഴ താലൂക്കിനാണ് രണ്ടാം സ്ഥാനം. കൊച്ചി 5.05 കോടിയും ആലുവ 4.47 കോടിയും വരുമാനമുണ്ടാക്കി. കുന്നത്തുനാട് താലൂക്കില്‍ 4.13 കോടി രൂപയും പറവൂരില്‍ 3.74 കോടിയുമാണ് വരുമാനം. 1.24 കോടി രൂപയാണ് കോതമംഗലത്തിന്റെ സംഭാവന.
നികുതി വരുമാനത്തില്‍ ലക്ഷ്യമിട്ടതിന്റെ 97 ശതമാനവുമായി ലോട്ടറി വകുപ്പാണ് മുന്നില്‍. ആര്.ടി.ഒ മുവാറ്റുപുഴ 90 ശതമാനവും ആര്.ടി.ഒ എറണാകുളം 89 ശതമാനവും കൈവരിച്ചു. രജിസ്ട്രേഷന്, സ്റ്റാമ്പ് ഡ്യൂട്ടി ഇനങ്ങളില്‍ 63 ശതമാനമാണ് രജിസ്ട്രേഷന് വകുപ്പ് ഇതിനകം രേഖപ്പെടുത്തിയത്. വാണിജ്യ നികുതി വകുപ്പിന്റെ എറണാകുളം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് 79 ശതമാനവും മട്ടാഞ്ചേരി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് 78 ശതമാനവും വരുമാനം നേടി. വനം വകുപ്പിന്റെ മലയാറ്റൂര്‍ ഡിവിഷന് 73 ശതമാനവും പെരുമ്പാവൂര്‍ ഡിവിഷന് 50 ശതമാനവും നേടിയപ്പോള്‍ കോതമംഗലം ഡിവിഷന്റെ ഇതുവരെയുള്ള വരുമാനം ലക്ഷ്യമിട്ടതിന്റെ 21 ശതമാനമാണ്.
ഭൂനികുതിയില്‍ നിന്നും ജില്ലയില്‍ ലഭിച്ച വരുമാനം 39.96 കോടി രൂപ. ലക്ഷ്യമിട്ടതിന്റെ 96.27 ശതമാനമാണിത്. കെട്ടിട നികുതിയായി ഇതുവരെ 9.4 കോടി രൂപയും പിരിഞ്ഞു കിട്ടി. 37.07 ലക്ഷം രൂപയാണ് ആഡംബര നികുതി പിരിവ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിഭവ സമാഹരണ സമിതി യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: