തിരുവനന്തപുരം: സൂര്യനെല്ലി വിഷയത്തില്‍ നിയമസഭയ്ക്കു പുറത്തു പ്രതിഷേധിച്ച രണ്ട് വനിതാ എംഎല്‍എമാര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ നടപടിയെടുത്തു. പ്രതിപക്ഷത്തിന്റെ ശക്തമാ യ സമ്മര്‍ദ്ദത്തിനു വഴങ്ങി വനിതാ എസ്ഐയ്ക്കു സസ്പെന്ഷന്. നടപടി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അറിയിക്കുകയായിരുന്നു. വനിതാ എസ്ഐ കെ.കെ.രമണിക്കാണ് സസ്പെന്ഷന്. പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഡ്യൂട്ടി ലീഡര്ക്കായതിനാലാണ് എസ്ഐയെ സസ്പെന്റ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇ.എസ്.ബിജിമോള്‍ക്കു ം ഗീതാഗോപിക്കും മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷം സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.
എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ഇന്നലെ സഭയെ അറിയിച്ചു. മര്‍ദിച്ച പൊലീസുകാരുടെ പേര് പ്രതിപക്ഷം പറയാത്തതിനാല്‍ സസ്പെന്ഷന് സാധ്യമല്ലെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ നിലപാട്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ചപ്പോഴും എംഎല്‍എമാരെ ആരെങ്കിലും ഉപദ്രവിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ ആരെയും ബലിയാടാക്കില്ലെന്നുമാണ് ഇതുവരെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്.
എന്നാല്‍ സസ്പെന്ഷന് ആവശ്യമുന്നയിച്ചു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്കു നിര്‍ബന്ധിതരായത്. വനിതാ എസ്.ഐയെ ബലിയാടാക്കി സര്‍ക്കാര്‍ തടിയൂരുകയായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഈ വിഷയമുന്നയിച്ചു കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധത്തില്‍ സഭാനടപടികള്‍ തടസപ്പെട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടിയെടുത്ത് അറിയിക്കാമെന്ന ആഭ്യന്തരമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വനിതാ എംഎല്‍എമാരുടെ സത്യഗ്രഹം താത്ക്കാലികമായി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നടപടിക്കു പകരം വാചകീയ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സഭയില്‍ സമരം തുടങ്ങുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്കിയ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി സസ്പെന്ഷന് പ്രഖ്യാപിച്ചത്. വൈകിയെങ്കിലും നടപടിയെടുത്തതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അറിയിച്ചു. വനിതാ എംഎല്‍എമാരെ മര്‍ദിച്ച സംഭവത്തില്‍ ആദ്യം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യാതെ ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ല എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: