കൊച്ചി: മല്‍സ്യബന്ധനമേഖലയില്‍ ഊര്‍ജ ഉപഭോഗം കുറക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു. ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തുന്നതിന് നിയമനിര്‍മാണവും വേണ്ടിവരും. ഉഷ്ണമേഖലയിലുള്ള കടലുകളില്‍ ഹരിത മല്‍സ്യബന്ധനത്തിനുള്ള സംവിധാനം കൊച്ചി സിഫ്ട് ഹാളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്‍സ്യബന്ധനമേഖലയില്‍ 10 ശതമാനത്തോളം ഇന്ധന ഉപഭാഗത്തില്‍ കുറവ് വരുത്തുന്ന പദ്ധതി ഇന്ത്യയില്‍ ഈ രംഗത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ പ്രോട്ടീന്‍ ഊര്‍ജത്തേക്കാള്‍ 12.5 മടങ്ങ് ഊര്‍ജമാണ് ഈ രംഗത്ത് ആഗോളാടിസ്ഥാനത്തില്‍ കത്തിച്ചുകളയുന്നതെന്നാണ് കണക്കാക്കുന്നത്. ഹരിത മല്‍സ്യബന്ധന രീതികള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതു തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എഎസ്ആര്‍ബി മുന്‍ അംഗം ഡോ.മോഹന്‍ ജോസഫ് മോഡയില്‍ മുഖ്യാതിഥിയായിരുന്നു. എന്എഫ്ബിഎസ്എഫ്എആര്എ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.ബന്ദോപാധ്യായ, ജിഇഎസ് ആന്റ് എസ്ആര്‍ ഗോവ ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ രഘുവീര്‍ സിങ്, പൂനെ ഗാര്‍വേര്‍-വാള് റോപ്സ് വൈസ് പ്രസിഡന്റ് സഞ്ജയ് വി. റാവത്ത്, മുംബൈ ഡിഎസ്എം ഇന്ത്യ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ രാകേഷ് ഗെയ്ക്വാദ് എന്നിവര്‍ പ്രസംഗിച്ചു. സിഫ്ട് ഡയറക്ടര്‍ ടി.കെ.ശ്രീനിവാസഗോപാല്‍ സ്വാഗതവും ഫിഷിങ് ടെക്നോളജി ഡിവിഷന് മേധാവി ഡോ.ലീല എഡ്വിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: