ചോദ്യം: വിദേശത്ത് ജോലി ചെയ്യുന്നവരില്‍ 40 ശതമാനം പേര് പത്തനംതിട്ട പ്രദേശത്തുള്ളവരായതിനാല്‍ ആറന്മുള വിമാനത്താവളം അവര്‍ക്ക് വലിയ സഹായമല്ലേ? -ഗോപാലന് കെ.കെ., പുല്ലാട്.
ഉത്തരം: ഈ നിഗമനം വിമാനത്താവളക്കമ്പനിക്കാരുടേതാണ്. വസ്തുത മറിച്ചാണ്. കൊച്ചിയില്‍ സമീപകാലത്ത് നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ വിദേശത്ത് താമസിക്കുന്ന മലയാളികളും അവരുടെ പണമിടപാടുകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയുണ്ടായി. വിദേശമലയാളികള്‍ നാട്ടിലേക്ക് അയച്ച മൊത്തം തുകയില്‍ മലപ്പുറം ജില്ലയാണ് (18 ശതമാനം) ഒന്നാം സ്ഥാനത്ത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. പത്തനംതിട്ട ഇക്കാര്യത്തില്‍ ഏഴാംസ്ഥാനത്താണ്. ഇന്ത്യയില്‍ ആകെയുള്ള എന്‍ആര്‍ഐ ഒരുകോടിയാണ്. അതില്‍ 23 ലക്ഷം പേര് കേരളത്തില്‍ നിന്നുള്ളവരാണ്. അവിടെയും പത്തനംതിട്ടയുടെ സ്ഥാനം ആറാമതാണ്. നാല്‍പ്പതുശതമാനം വിദേശമലയാളികള്‍ പത്തനംതിട്ട ജില്ലക്കാരാണെന്ന വിമാനക്കമ്പനിക്കാരുടെ വാദഗതി പച്ചനുണയാണെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് (സിഡിഎസ്) പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്തനംതിട്ട ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള വിമാനയാത്രികര്‍ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഉള്ള വിമാനത്താവളം വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. യാത്രികരുടെ താങ്ങാനാവാത്ത തിക്കും തിരക്കും ഇവിടങ്ങളില്‍ ഇല്ല. അതുകൊണ്ടുതന്നെ നഷ്ടം വളരെയുണ്ട്. സാധാരണ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാകുമ്പോഴാണല്ലോ മറ്റൊരിടത്ത് പുതിയ സൗകര്യം ഉണ്ടാക്കാന്‍ ശ്രമിക്കാറ്. ആറന്മുള വന്നാല്‍ കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഭാവിയില്‍ അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: