ബമാക്കോ: മാലിയില്‍ മുസ്ലീംഭീകരര്ക്കെതിരെയുള്ള ഫഞ്ച് സൈനിക നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. വടക്കന്‍ പ്രിവിശ്യയിലെ വിമതകേന്ദ്രങ്ങളില്‍ ഫ്രഞ്ച് സൈന്യം ബോംബിട്ടു. മലയോരമേഖലകളില്‍ തമ്പടിച്ചിരിക്കുന്ന വിമതരെ തുരത്താനും പ്രദേശത്ത് ഇവര്‍ കേന്ദ്രീകരിക്കാതിരിക്കാനുമാണ് നടപടി. വിമതര്‍ക്ക് ഇനി ഏറെ നാള് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫേബിയസ് പറഞ്ഞു. അതേസമയം ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ വ്യാപാരികള്‍ പ്രദേശം ഉപേക്ഷിച്ച് പോകുന്നതിനാല്‍ മേഖലയില്‍ ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനമുള്പ്പെടെയുള്ളവയുടെയും വില കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
വടക്കു കിഴക്കന്‍ മേഖലകളിലായി തമ്പടിച്ചിരിക്കുന്ന വിമതര്‍ ഈ മേഖലയില്‍ തന്നെ തുടരാനാണ് സാധ്യതയെന്നും എന്നാല്‍ ഇവര്‍ക്ക് വേണ്ട അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടാല്‍ ഇത് സാധ്യമല്ലെന്നും ലോറന്റ് ഫേബിയസ് പറഞ്ഞു.
വിമതരുടെയും മുസ്ലീം ഭീകരരുടെയും ശക്തികേന്ദ്രമായ കിടാലിന്റെ പൂര്ണനിയന്ത്രണമേറ്റെടുക്കാന് സര്‍ക്കാരിനോ ഫ്രഞ്ച് സൈന്യത്തിനോ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ കിടാല്‍ വിമാനത്താവളം സൈന്യം തിരികെ പിടിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് മാലിയിലെ ഇടക്കാല പ്രസിഡന്റ് ദിയോക്കൗണ്ടോ താരോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൃദുസമീപനം പുലര്‍ത്തുന്ന വിമതവിഭാഗമായ തരേഗുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വയംഭരണാവകാശം ഉന്നയിച്ച് വടക്കന്മേഖലയില് പ്രക്ഷോഭം തുടങ്ങിയ വിഭാഗമാണ് തരേഗ്. എന്നാല്‍ പിന്നീട് ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുസ്ലീംഭീകരസംഘടനകളുമായി ചേര്‍ന്നു. അതേസമയം, ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ തരേഗ് വിമതരെ തള്ളി മാലിയിലെ പ്രധാനനഗരങ്ങളില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു.
സൈനിക അട്ടിമറിയെത്തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിക്കിടെയായിരുന്നു മുസ്ലീം ഭീകരര്‍ ഉള്‍പ്പെടുന്ന വിമതവിഭാഗം മാലിയുടെ പ്രധാനനഗരങ്ങള്‍ പിടിച്ചെടുത്തത്.
തലസ്ഥാനമായ ബമാക്കോയിലേക്ക് ഭീകരര്‍ നീങ്ങിയതിനെത്തുടര്‍ന്നാണ് മാലി ഫ്രാന്‍സിന്റെ സഹായം തേടിയത്. പ്രധാന നഗരങ്ങളുടെ ആധിപത്യം നേടിയ മുസ്ലീം ഭീകരര്‍ മാലിയുടെ ചരിത്ര സ്മാരകങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നശിപ്പിക്കുന്നത് പതിവാക്കുകയാണ്. സംഗീതം, ടെലിവിഷന്‍, കായികവിനോദങ്ങള്‍ എന്നിവയ്ക്കും ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: