കുണ്ടറ: സാമൂഹ്യവിരുദ്ധരുടെ താവളമായി കുണ്ടറ റയില്‍വേ ഗോഡൗണും പരിസരവും മാറുന്നു. മീറ്റര്‍ ഗേജ് പാത ഉണ്ടായിരുന്ന കാലത്ത് റയില്‍വേ വഴി വരുന്ന ധാന്യങ്ങള്‍ ശേഖരിച്ചിരുന്നിടമാണ് ഇവിടം. പാതയുടെയും റയില്വേസ്റ്റേഷന്റെയും വികസനത്തിന് ശേഷം ഉപയോഗശൂന്യമാവുകയും പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലുമാണ് ഇപ്പോള്‍. റയില്‍വേ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് ചുറ്റും കാടു പിടിച്ചു കിടക്കുന്ന കെട്ടിടത്തിനുള്ളില്‍ നടക്കുന്ന പ്രവൃത്തികള്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിവുള്ളതുമാണ്.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ഈ സ്ഥലം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ മലവിസര്‍ജ്ജനത്തിനും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നതായും നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന് പിറകുവശത്തുള്ള വഴി നിരവധിപേര്‍ ഉപയോഗിച്ചുവരുന്നതാണ്. ചുറ്റും കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ സമീപത്തുകൂടി ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകള്‍ മിക്കപ്പോഴും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് ഇടവരുത്തിയിട്ടുണ്ട്. ബൈക്കില്‍ എത്തി ഈ ഭാഗങ്ങളില്‍ നില്‍ക്കുകയും വിദ്യാര്ത്ഥിനികള്ക്കുപ്പെടെയുള്ളവര്ക്ക് ശല്യം ഉണ്ടാകുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
ഒറ്റപ്പെട്ട് നില്ക്കുന്ന ഇത്തരക്കാരോട് നാട്ടുകാര്‍ നില്ക്കുന്ന വിവരം അന്വേഷിച്ചാല്‍ റയില്‍വേ ഭൂമിയെന്ന പേരില്‍ ഭീഷണിപ്പെടുത്തലാണ് മറുപടിയാണ് ലഭിക്കുന്നത്. പലരും പോലിസില്‍ വിവരം അറിയിച്ചിട്ടും വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല. റയില്‍വേ പുറമ്പോക്കില്‍ സൂക്ഷിച്ചിരിക്കുന്ന റയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരാളെ ദിവസങ്ങള്‍ക്ക് മുമ്പ് റയില്‍വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
തികച്ചും ഉപയോഗ ശൂന്യമായി മാറിയ ഗോഡൗണ്‍ കെട്ടിടം പൊളിച്ചു നീക്കിയെങ്കില്‍ മാത്രമേ ഇത്തരം വിഷയങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആര്. കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: