കൊല്ലം: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, നെഹ്റുയുവകേന്ദ്ര, വിവേകാനന്ദ സംഘടനകള്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വിവേകാനന്ദ ജ്യോതിപ്രയാണത്തിന് ഓച്ചിറ ക്ഷേത്രകവാടത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പ് നല്കി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് മണ്ണേല്‍ ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് പായിക്കുഴി ഹാരാര്‍പ്പണം നടത്തി. ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തകരായ പി.എസ്. ഗോപകുമാര്‍, ആര്. ധനരാജന്, എ. വിജയന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ്, നെഹ്റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ അലിസാബ്രിന്‍ എന്നിവര്‍ പ്രയാണത്തെ അനുഗമിച്ചു. കരുനാഗപ്പള്ളിയിലെത്തിയ ദീപശിഖാ പ്രയാണത്തെ ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്റില്‍ നഗരസഭാ ചെയര്മാന് എം. അന്‍സാര്‍ സ്വീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബോബന് ജി. നാഥ്, എക്സ് സര്‍വീസ് ലീഗ് പ്രതിനിധി കോടിയാട്ട് രാമചന്ദ്രന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പന്മന ആശ്രമത്തിലെത്തിയ ദീപശിഖാ പ്രയാണത്തെ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ സ്വീകരിച്ച് സംസാരിച്ചു. ആശ്രമം പിആര്‍ഒ പന്മന മഞ്ജേഷ്, സ്വാമി ഭൂമാനന്ദ എന്നിവര്‍ പങ്കെടുത്തു. കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പന്മന ഉപകേന്ദ്രത്തിലെത്തിയ ദീപശിഖാ പ്രയാണത്തെ സ്വീകരിച്ച് പ്രൊഫ.രാധാകൃഷ്ണപിള്ള സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയില്‍ ശ്രീരാമകൃഷ്ണമിഷന് പ്രവര്‍ത്തകര്‍ ദീപശിഖാപ്രയാണത്തെ സ്വീകരിച്ചു. കളക്ട്രേറ്റില്‍ ജില്ലാകളക്ടര്‍ പി.ജി. തോമസ് ദീപശിഖാ പ്രയാണത്തിന് ഔദ്യോഗിക സ്വീകരണം നല്കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ വിവേകാനന്ദ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ജില്ലാകളക്ടര്‍ സംസാരിച്ചു. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍ഡിഒ വി. ജയപ്രകാശ്, എഡിഎം ഒ രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ്, ശിരസ്തദാര്‍, അസി. എഡിറ്റര്‍ സി. അജോയ്, കളക്ട്രേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശ്രീനാരായണ കോളേജില്‍ നടന്ന വിവേകാനന്ദ സ്മൃതി സംഗമം ജില്ലാകളക്ടര്‍ പി.ജി. തോമസ് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദന് യുവാക്കള്‍ക്ക് മാതൃകയാവണമെന്ന് കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ പ്രൊഫ.വി.എസ്. ലീ അധ്യക്ഷനായിരുന്നു. വിദ്യാര്‍ഥി പ്രതിനിധി ഷിബിന്‍രാജ്, പ്രൊഫ.കെ. ജയപ്രസാദ്, നെഹ്റുയുവകേന്ദ്ര ഉപദേശക സമിതി അംഗം വടക്കേവിള ശശി എന്നിവര്‍ സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും വിവേകാനന്ദ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. കൊട്ടാരക്കര എന്‍എസ്എസ് കോളേജ്, ആയൂര്‍, അഞ്ചല്‍ എന്നിവിടങ്ങളിലൂടെ പ്രയാണം നാളെ വൈകിട്ട് പാരിപ്പള്ളിയില്‍ ജില്ലയിലെ പ്രയാണം സമാപിക്കും. മന്ത്രി കെ.സി. ജോസഫ് ജനുവരി 12ന് കാസര്‍ഗോഡ് ഫ്ലാഗ് ഓഫ് ചെയ്തതാണ് പ്രയാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: