നെടുമങ്ങാട്: വട്ടപ്പാറ റോഡില്‍ വേങ്കോട് എസ്യുറ്റി ആശുപത്രിക്കുസമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്പൊട്ടി റോഡ് തകര്‍ന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് പൈപ്പ് പൊട്ടിയത്. ഇതിനു സമീപത്തായി സ്വകാര്യവ്യക്തി കുന്നിടിച്ച് ദിവസങ്ങളായി ലോറിയില്‍ മണ്ണുകൊണ്ട് പോകുന്നുണ്ട്. ടാര്സന് ലോറിയിലാണ് മണ്ണ്കൊണ്ടുപോകുന്നത്. അഞ്ചോളം ലോറികള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ റോഡുവഴി കടന്നുപോകുന്നുണ്ട് അമിതഭാരവുമായി ലോറി കടന്നുപോകുന്നതിനാല്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളുടെയയും കടകളുടെയും ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ നാട്ടുകാരില്‍ ചിലര്‍ കഴിഞ്ഞദിവസം ലോറികള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഒരു പാസ്കാണിച്ച് ലോറി ഡ്രൈവര്‍മാര്‍ തടി തപ്പുകയായിരുന്നു. ഇത്രയും അധികം മണ്ണ് വലിയലോറിയില് ജനപാര്‍പ്പുള്ള റോഡിലൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ പ്രതിഷേധമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ അമിതഭാരവുമായി ലോറികടന്നുപോയ ഉടനെ റോഡ് ഇടിഞ്ഞുതാഴ്ന്നശേഷം പൈപ്പ് പൊട്ടുകയായിരുന്നു. വന്‍ശബ്ദത്തില്‍ വെള്ളം ചീറ്റിപ്പാഞ്ഞ് സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലും വീട്ടിലും പതിച്ചു. നാട്ടുകാര്‍ ഫോണിലൂടെ വിവരംഅറിയിച്ചതിനെതുടര്ന്ന് ജലവിതരണം നിര്‍ത്തിവച്ചു. 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതുമൂലം വട്ടപ്പാറ മേഖലയില്‍ ജലവിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസം എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡിന്റെ പകുതിയിലേറെ ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ് ഇതിന് പുറമെ റോഡ് ചെളിക്കളമായി മാറിയിട്ടുണ്ട്.ജനത്തിരക്കേറിയ നെടുമങ്ങാട്, വട്ടപ്പാറ റോഡില്‍ ഗതാഗതക്കുരുക്കിനും പൈപ്പ് പൊട്ടല്‍ ഇടയാക്കിയിട്ടുണ്ട്. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പൈപ്പുപൊട്ടല്‍ തുടര്‍ക്കഥയാണ്. ആഴ്ചകള്‍ക്കുമുമ്പ് പത്താംകല്ലില് പൈപ്പ് പൊട്ടി പ്രൊഫ. ദേശികം രഘുനാഥന് പുരാവസ്തുക്കളുടെ ശേഖരം അടങ്ങിയ വീട് തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: