വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഒരു രാജ്യത്ത് ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമാണ് വേണ്ടതെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 25-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. സംസ്ഥാനത്ത് ഭൂമിക്കും ക്ഷാമമുണ്ട്. ഇതിനാല്‍ നഗരവല്‍ക്കരണ പദ്ധതികള്‍ പരിസ്ഥിതി സുരക്ഷയെ ബാധിച്ച് മലിനീകരണം രൂക്ഷമാക്കുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വര്‍ധിച്ചുവരുന്ന മാലിന്യമാണ് സംസ്ഥാനം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നം എന്നും മറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നു. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക വികസനാവശ്യങ്ങളും ശാസ്ത്ര സാങ്കേതിക അറിവുകളും തമ്മില്‍ സന്തുലിതാവസ്ഥ ആവശ്യമാണെന്നും അദ്ദേഹം അംഗീകരിക്കുന്നു. പക്ഷെ പൊടുന്നനെയുള്ള അംഗീകാരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലൈവുഡ് മലിനീകരണ വിരുദ്ധസമരം. കഴിഞ്ഞ ഒക്ടോബര്‍ 31 ന് ആരംഭിച്ച റിലേ നിരാഹാര സമരത്തിനിടയില്‍ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വര്‍ഗീസ് പുല്ലുവഴി മരണം വരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാന്‍ പോകുകയാണ്.
എറണാകുളം ജില്ലയിലെ 800 ല്‍ പരം പ്ലൈവുഡ് കമ്പനികളില്‍ 150 എണ്ണത്തില്‍ മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയുളളത്. പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ വന്‍ തോതില്‍ കള്ളപ്പണം ഇടപാട് നടക്കുന്നതായും വാര്‍ത്തയുണ്ട്. ഇതിന് ഭരണ-പ്രതിപക്ഷ നേതാക്കളുടെ പിന്തുണ ഉണ്ടെന്നും ആരോപണമുണ്ട്. പ്ലൈവുഡ് കമ്പനികള്‍ വയലുകള്‍ നികത്തി ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വ്യാപകമായ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. പെരുമ്പാവൂര്‍ മേഖലയിലെ കുടിവെള്ളം വളരെ മലിനീകൃതമായിക്കഴിഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും പരിമിതമായത് ജലമലിനീകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ വികസനവും ശാസ്ത്ര സാങ്കേതിക അറിവുകളും സമന്വയിപ്പിച്ച് മലിനീകരണ നിര്‍മ്മാര്‍ജ്ജനത്തിന് അടിയന്തര നടപടി ആവശ്യമാണ്. സമരം വ്യാപകമാകുമ്പോഴും രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കാനേ ഉതകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: