കൊട്ടാരക്കര: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ സ്പിരിറ്റ് കടത്തിയ ലോറി ഉപേക്ഷിച്ച് കടന്ന കേസിലെ പ്രതികളിലൊരാളെ കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. അഞ്ചല്‍ അഗസ്ത്യക്കോട് പനമൂട്ടില്‍ വീട്ടില്‍ ഷിബു എന്നു വിളിക്കുന്ന സതീശന്(30) ആണ് പിടിയിലായത്.
മുന്‍പ് ഇയാള്‍ ഒരു വാഹനമോഷണകേസിലും പ്രതിയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. കൊട്ടാരക്കര ബസ്സ്റ്റാന്റില് നിന്നും ആണ് ഇയാള്‍ പിടിയിലാകുന്നത്. 2012 ആഗസ്റ്റ് 26നാണ് 2500 ലിറ്റര്‍ സ്പിരിറ്റുമായി ലോറി പിടിയിലാകുന്നത്. എക്സൈസും സെയില്‍ടാക്സും സംയുക്തമായി പരിശോധന നടത്തുന്നതിനിടയില്‍ സതീശനും കോന്നി സ്വദേശി ബാഷ എന്നുവിളിക്കുന്ന മുഹമ്മദ് സിയാദും ഓടിരക്ഷപെടുകയായിരുന്നു. വണ്ടിക്ക് പ്രത്യേകം നിര്‍മ്മിച്ച അറയില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുവണ്ണമംഗലത്ത് നിന്നും ചെട്ടികുളങ്ങര ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു സ്പിരിറ്റ് എന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ കള്ളുഷാപ്പുകള്‍ക്ക് നല്‍കാനാണ് ഇതെന്നാണ് ഇയാള്‍ പറയുന്നത്. ഒരുലോഡ് എത്തിച്ചുകൊടുത്താല്‍ അളവിന്റെ കൂടുതലനുസരിച്ച് 5000 രൂപ മുതല്‍ 10000 രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തൃശൂര്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയ ലോറിയില്‍ അതിവിദഗ്ധമായി പ്രത്യേക അറ നിര്‍മ്മിച്ചാണ് സ്പിരിറ്റ് കടത്തുന്നത്. കോന്നി സ്വദേശി ബാഷക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും സിഐ പറഞ്ഞു. എസ്ഐ ഓമനക്കുട്ടന്, ചന്ദ്രമോഹനന്‍പിള്ള, വി.എസ്. രാജു, സന്തോഷ്കുമാര്‍, അശ്വന്ത്, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: