കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായ 24 കോടി രൂപ നല്കാന് സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന വാര്‍ത്ത വായിച്ചപ്പോഴാണ് കൊച്ചി ബിനാലെയിലേക്ക് പണമൊഴുക്കുന്ന ഭരണക്കാരുടെ അജണ്ടകളില്‍ സംശയമുണ്ടാകുന്നത്. ദര്‍ബാര്‍ ഹാള്‍ നവീകരണത്തിന് രണ്ടരകോടി രൂപ ചെലവാക്കി. ബിനാലെ ഭാരവാഹികളുടെ യാത്രാ ചെലവ് 60 ലക്ഷം, ഉദ്ഘാടനമാമാങ്കത്തിന് 32 ലക്ഷം, സ്റ്റേഷനറിയും ഫര്‍ണിച്ചറും 31 ലക്ഷം, കണ്‍സള്‍ട്ടന്‍സി 18 ലക്ഷം, വാടക 9 ലക്ഷം, ഫോണ്‍വിളി നാല് ലക്ഷം, വിമാനയാത്രയ്ക്ക് ഒരു കോടിയിലേറെ. പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ടുള്ള ധൂര്‍ത്തുകളുടെ കണക്കുകള്‍ ഇനിയുമുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ക്കും അവശ കലാകാരന്മാര്ക്കും പെന്ഷന് നല്കാന് വീഴ്ച വരുത്തുന്ന സര്‍ക്കാരാണ് ഇത് ചെയ്യുന്നത്.
ദര്‍ബാര്‍ ഹാള്‍ നവീകരണത്തില്‍ അഴിമതി നടന്നതായി കെട്ടിടം ഉടമയായ ലളിതകലാ അക്കാദമി തന്നെ ആരോപിക്കുന്നു. ദല്‍ഹിയില്‍ ട്രിനാലെ നടത്തിയത് കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ്. എന്നാല്‍ യാതൊരു ജനാധിപത്യ സ്വഭാവവുമില്ലാത്ത ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന കൊച്ചി ബിനാലെയ്ക്ക് അഞ്ച് കോടി രൂപയാണ് മുന്‍ ഇടതു സര്‍ക്കാര്‍ നല്‍കിയത്. ബോസ് കൃഷ്ണമാചാരിയും റിയാസ്കോമുവും ആരുടെയൊക്കെ ബിനാമികളാണെന്നേ അറിയേണ്ടൂ. ബിനാലെയ്ക്ക് എതിരെ അന്വേഷണം നടത്തുവാനും ബിനാലെ ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ പെടുത്തുവാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ബിനാലെയ്ക്ക് നല്കിയ പണം തിരികെ പിടിക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും രണ്ടുമുന്നണികളിലും ഒരുപോലെ വേരുകളാഴ്ത്തി നില്ക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ ആ തീരുമാനത്തെ അട്ടിമറിച്ചു.
കലയുടെ പേരില്‍ ബിനാലെയ്ക്കുവേണ്ടി തുറന്ന അഴിമതി നടത്തുന്ന സര്‍ക്കാരിന്റെ കേരളീയ കലകളോടുള്ള സമീപനത്തെപ്പറ്റി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രവിവര്‍മയുടെ മൗലിക സൃഷ്ടികളുടെ വലിയൊരു ശേഖരമുള്ള സ്ഥാപനമാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി. 1936 ല്‍ സ്ഥാപിതമായ അത് വികസന പദ്ധതികളൊന്നുമില്ലാതെ മുരടിച്ചു. പ്രസ്തുത ഗ്യാലറിയില്‍ പലതും സ്ഥലപരിമിതിമൂലം സ്റ്റോര്‍ റൂമില്‍ പൊടിയും മാറാലയും പിടിച്ച് കെട്ടികിടക്കുന്നു. ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയും കെ.സി.എസ്.പണിക്കര്‍ ഗ്യാലറിയും നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഉള്‍ക്കൊള്ളുന്ന ഭരണനിര്‍വഹണത്തിന്റെ ചുമതലയിലേക്ക് മൃഗ ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്.
മുസിരിസ് ഖാനനത്തിലൂടെ ചരിത്രത്തെ അപനിര്‍മിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ തന്നെയാണ് മുസിരിസ് ബിനാലെയിലൂടെ കലയെ സെമിറ്റിക് വല്ക്കരിക്കാന് ഇറങ്ങിയിട്ടുള്ളത്. സിനിമ ഉള്‍പ്പെടെ സാംസ്കാരികതയുടെ സമസ്ത മേഖലകളിലും സെമിറ്റിക് വല്‍ക്കരണത്തിന്റെ അജണ്ടകള്‍ സജീവമാണ്. ഒരു നവാഗത സംവിധായകനെ ‘വാരിക്കാശേരി മനയുടെ മുറ്റത്തുനിന്ന് മലയാള സിനിമയെ മാറ്റിക്കെട്ടിയ പുതുനിര സംവിധായകന്’ എന്നു വിശേഷിപ്പിക്കുകയും സിനിമയില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്ന മലയാളം വാരികയിലെ ‘ലോകം മനകളല്ല ഭായ്’ എന്ന ലേഖനം (18.1.13) ഈ അജണ്ടകളുടെ എന്‍ഡോസള്‍ഫാനാണ് തളിക്കുന്നത്.
കല അതതുകാലത്തെ ആധ്യാത്മികതയുടെ ആവശ്യങ്ങളെയാണ് പ്രതിഫലിപ്പിക്കേണ്ടത് എന്നുപറഞ്ഞ ആനന്ദ കെ.കുമാരസ്വാമിയെയോ കല ഇന്ദ്രിയപരമല്ല അത് ആത്മീയബോധത്തോടെ ആസ്വദിക്കണമെന്ന് പറഞ്ഞ മഹര്‍ഷി അരവിന്ദനെയോ പറ്റി ബിനാലെ ഭാരവാഹികളോടോ അതിന്റെ സൂത്രധാരകനായ എം.എ.ബേബിയോടോ പറഞ്ഞിട്ടുകാര്യമില്ലല്ലോ? കലയുടെ കളത്തില്‍ എങ്ങനെ അഴിമിയുടെ പകിട കളിക്കാമെന്ന് ‘സ്വരലയയി’ലൂടെ കാട്ടിത്തന്നവര്‍ തന്നെയാണ് 12.12.12 ല്‍ തുടങ്ങിയ കൊച്ചി ബിനാലെയുടെയും മസ്തിഷ്കം. (പകിട പന്ത്രണ്ട് എന്നാണല്ലോ പറയാറ്).
കേരളീയ ചുമര് ചിത്രകലയുടേയും കളമെഴുത്തിന്റെയും തെയ്യം, തിറ, പടയണി, കെട്ടുകാഴ്ചകള്‍, വാസ്തുശില്‍പ്പങ്ങള്‍, ദാരുശില്‍പ്പങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കേരളത്തനിമയുടേയും സാംസ്ക്കാരിക മുദ്രകളുടേയും സമ്പന്നമായ പാരമ്പര്യത്തെ സംരക്ഷിക്കുവാന്‍ ശ്രമിക്കേണ്ട സാംസ്ക്കാരിക വകുപ്പ് അവയൊക്കെ ഇല്ലായ്മ ചെയ്ത് കൊച്ചി ബിനാലെ പോലുള്ള വക്രതകളുടെ വ്യാജ നിര്‍മിതികളെ കൊഴുപ്പിക്കുകയാണ് ചെയ്യുന്നത്. ബിനാലെ കാണുന്ന കലാസ്നേഹികളുടെ മനസിലേക്ക് ‘ചാണക്യനീതി’യിലെ ഈ വരികളാണ് കടന്നുവരിക. “കൂടുതല്‍ നേര്‍വഴിക്ക് സഞ്ചരിക്കുന്നത് ദോഷം ചെയ്യും. കാട്ടില്‍ ചെന്ന് നോക്കുക. നേരെ നീണ്ടുവളര്‍ന്നു വന്ന മരങ്ങളെ വെട്ടി നിലത്തിട്ടിരിക്കുന്നതു കാണാം. തെറ്റിയും വളഞ്ഞും വളര്ന്നുപോയവയാകട്ടെ, പോറലൊന്നുമേല്ക്കാതെ തലയുയര്‍ത്തി നില്ക്കുന്നു.”
** കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: