നദികളും കടലും കായലുകളുമെല്ലാം കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. എന്നാല്‍ ഇവ സങ്കടകരമാകുന്ന കാഴ്ചകളാണ് ഇപ്പോള്‍ ഒരുങ്ങുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച പുന്നമടക്കായലിലുണ്ടായ ദുരന്തം. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടില്‍ നിന്നെത്തിയ 63 അംഗ സംഘത്തിലെ നാലുപേരുടെ ജീവനാണ് പുന്നമടക്കായലില്‍ നഷ്ടപ്പെട്ടത്. ശനിയാഴ്ച 11.45നു പുന്നമട കുരിശടി ജെട്ടിക്കു സമീപമായിരുന്നു ദുരന്തം. ചെന്നൈ ഹിയറിങ് എയ്ഡ് സെന്ററിലെ ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ സംഘം രാവിലെ തിരുവനന്തപുരം മെയിലില്‍ എറണാകുളത്തെത്തി അവിടെ നിന്നു പതിനൊന്നരയോടെയാണു പുന്നമട കുരിശടി ജെട്ടിയിലെത്തിയത്. ‘ലില്ലി ഡാര്‍ളിങ്’ എന്ന ബോട്ടിലാണു സംഘത്തിനു യാത്ര ഒരുക്കിയിരുന്നത്. ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ‘ആതിര എന്ന ബോട്ടിലൂടെ യാത്രാ ബോട്ടിലേക്കു കയറുകയായിരുന്നു സംഘം.
ഇരുപത്തഞ്ചോളം പേര് ആതിരയുടെ ഇടനാഴിയിലൂടെ നടന്നു ലില്ലി ഡാര്ങ്ങിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ ഭാരം താങ്ങാനാകാതെ ആതിര മറിയുകയായിരുന്നു. മറ്റു ബോട്ടുകളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമനസേനയും പൊലീസും റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വൈകാതെ സ്ഥലത്തെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാസയാത്രയ്ക്കിടെ പതിനേഴ്പേരാണ് മരണപ്പെട്ടത്. ഇരുപത് അപകടങ്ങളുണ്ടായി. ആയിരക്കണക്കിന് ഹൗസ്ബോട്ടുകളാണ് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിനോദസഞ്ചാരികളെയുംകാത്ത് ഒരുങ്ങിനില്ക്കുന്നത്. ഇവയില്‍ പലതിനും ലൈസന്‍സില്ല. പലിശീലനം നേടിയ ജീവനക്കാരില്ല. കായല്‍ മലിനീകരണം തടയാനുള്ള സംവിധാനമില്ല. ബോട്ടുകള്‍ പലതും കൂട്ടിയിടിക്കുന്നതും നിത്യസംഭവങ്ങളാണ്. ബോട്ടുകള്‍ മുങ്ങുന്നതും തീപിടിക്കുന്നതും പതിവുകാഴ്ചയാണ്. ഓരോ സംഭവം നടക്കുമ്പോഴും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഓടിയെത്തും. ഉറപ്പുകളും പദ്ധതികളും ഉണ്ടാകും. അവയൊക്കെ പൊടിതട്ടിയെടുക്കുന്നത് അടുത്ത ദുരന്തം സംഭവിക്കുമ്പോള്‍ മാത്രമാണ്. ദാരുണമായ സംഭവമായിരുന്നു തട്ടേക്കാട് ദുരന്തം. അന്നും സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് വാചാലരായി. അത് പിന്നെ കേട്ടത് തേക്കടിയില്‍ അപകടം സംഭവിച്ചപ്പോഴാണ്. ഇപ്പോഴിതാ ഹൗസ്ബോട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നതായി ധാരണപരത്തുന്നു. സുരക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നതത്രെ. പരിശോധനകള്‍ കര്‍ശനമായി നടപ്പാക്കാനും തീരുമാനമായെന്ന് പറയുന്നു.
എല്ലാ ഹൗസ്ബോട്ടുകളിലും ലൈഫ്ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ എത്ര ബോട്ടു ജെട്ടികള്‍ ഉണ്ടെന്നു കണ്ടെത്താന്‍ സംഘത്തെ നിയോഗിക്കും. ഓട്ടോ, ടാക്സി സ്റ്റാന്‍ഡ് പോലെ ഒരു ഹൗസ്ബോട്ടിന് ഒരു ജെട്ടിയില്‍ നിന്നു മാത്രമേ ആളുകളെ കയറ്റാവു എന്ന നിയമം കൊണ്ടുവരും. ഇതു കൂടാതെ ഹൗസ്ബോട്ട് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമായി അപകടമുണ്ടായാല്‍ നേരിടേണ്ടതുള്പ്പെടെയുള്ള പ്രത്യേക ക്ലാസുകള്‍ നടത്തും. മാര്‍ച്ച് 8 മുതല്‍ ക്ലാസ് തുടങ്ങും. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും തീരുമാനമെടുത്തിരിക്കുകയാണ്. ഹൗസ്ബോട്ടുകളുടെ ചാകര തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍പോലും തട്ടിക്കൂട്ടി വിനോദസഞ്ചാരികളെ കാത്തുകിടക്കുന്നു. കായലുകളുടെ ശേഷിയും ബോട്ടുകളുടെ സൗകര്യവും സംവിധാനവുമൊന്നും നോക്കാതെ അവയെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ പിന്നില്‍ വന്‍ നിക്ഷിപ്ത താല്പര്യങ്ങളായിരുന്നില്ലേ. ഹൗസ്ബോട്ടുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇതുവരെ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയില്ല എന്ന ചോദ്യമാണ് പ്രസക്തം. ഇനിയെങ്കിലും ഇതിന് കാലവിളംബം സംഭവിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: