ചിറയിന്‍കീഴ്: അന്തരിച്ച മലയാള സിനിമയുടെ നിത്യഹരിത നായകന് പ്രേംനസീറിന്റെ പേരില്‍ ചിറയിന്‍കീഴ് പൗരാവലി ഏര്‍പ്പെടുത്തിയ പുരസ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രൗഢഗംഭീരമായ ചടങ്ങില്‍ ഏറ്റുവാങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം നല്‍കിയത്. 25001 രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി.ദത്തന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. പ്രേംനസീര്‍ സ്മൃതിസായാഹ്നം ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി നടത്തിയ നന്ദി പ്രസംഗത്തില്‍ നസീര്‍ വ്യക്തി ജീവിതത്തിലും, സിനിമയിലും ഉപേക്ഷിച്ചിട്ടു പോയ ഒരു ചരിത്രവും ആര്‍ക്കും മറികടക്കാന്‍ സാധിക്കില്ലെന്ന് ഓര്‍മ്മിപ്പിച്ചു. തനിക്ക് ഒരിക്കലും നസീറിന് പകരക്കാരനാവാന്‍ സാധിക്കില്ലെന്ന് ശാര്‍ക്കര മൈതാനിയില്‍ തടിച്ചു കൂടിയ വന്‍ ജനാവലിയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. അവശകലാകാരന്മാര്ക്കുള്ള ധനസഹായവും വേദിയില്‍ വച്ച് വിതരണം ചെയ്തു. ചടങ്ങില്‍ നിര്‍മ്മാതാവ് ഷാജി നടേശന്, രാഗേഷ് ബ്രഹ്മാനന്ദന് തുടങ്ങിയ കലാകാരന്മാരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: