മഥുര: ഇന്ത്യ- പാക് അതിര്‍ത്തി പ്രദേശമായ പൂഞ്ച് സെക്ടറില്‍ പാക് സൈന്യം വധിച്ച ലാന്‍സ് നായിക് ഹേംരാജിന്റെ കുടുംബാംഗങ്ങളെ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് സന്ദര്‍ശിച്ചു. ഭാര്യ സൂര്‍ജിത് കൗറും മുതിര്‍ന്ന കമാന്‍ഡോ ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ കോസി കലാനിലെത്തിയാണ് അദ്ദേഹം കുടുംബത്തെ സന്ദര്‍ശിച്ചത്. ഹേംരാജിന്റെ തല പാക് സൈനികര്‍ വെട്ടിമാറ്റുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.വെട്ടിമാറ്റപ്പെട്ട തല വീണ്ടെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹേംരാജിന്റെ ഭാര്യയും അമ്മയും അഞ്ച് ദിവസം നിരാഹാരമനുഷ്ഠിക്കുകയും ചെയ്തിരുന്നു. കരസേനാമേധാവി നേരിട്ട് കുടുംബത്തെ സന്ദര്‍ശിക്കുമെന്ന ഉറപ്പിന്മേല് പിന്നീട് നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് ജനറല്‍ ബിക്രം സിംഗ് നേരത്തെ വ്യക്തമാക്കി. കരസേനാ മേധാവിയെന്ന നിലയില്‍ ഹേംരാജിന്റെ കുടുംബത്തെ സ്വന്തം കുടുംബം പോലെയാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് സൈനികന് കൊല്ലപ്പെട്ടെന്ന പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പാക് സൈനികന് മരിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിലായിരിക്കും അതെന്നും ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിക്രം സിംഗ് പറഞ്ഞു. പാക് സൈനികര്‍ വെടിവെച്ചപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുള്ളത്. പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് സുധാകറിന്റെ ബന്ധുക്കളെ ഈ മാസം 18 ന് ജനറല്‍ ബിക്രം സിങ് സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ സഹമന്ത്രി ജിതേന്ദ്ര സിംഗും കരസേന മേധാവിയ്ക്കൊപ്പം ഉണ്ടാകും. ഇതിന് മുന്നോടിയായി സൈന്യത്തില്‍ നിന്നുള്ള പ്രത്യേക സംഘം സുധാകറിന്റെ ജമ്മനാടായ സിദ്ധിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: