ഇന്‍ഡോറില്‍ പരമാനന്ദയോഗ ആശുപത്രിയുടെ ഉദ്ഘാടനപരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് നടത്തിയ പ്രഭാഷണത്തിലെ, വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട ഭാഗങ്ങളുടെ പൂര്‍ണ്ണരൂപം വായിക്കുക:
കഴിഞ്ഞ 300 വര്‍ഷങ്ങളായി തന്റെ അഹന്തയോടെയാണ് മനുഷ്യന് ചിന്തിക്കുന്നത്. താനെന്താണോ പറയുന്നത് അതാണ് സത്യമെന്നാണ് മനുഷ്യന് കരുതുന്നത്. പരമേശ്വരനുണ്ടെങ്കില് അയാള്‍ക്കും എന്റെ ടെസ്റ്റ് ട്യൂബില്‍ സന്നിഹിതനാകേണ്ടിവരും, അപ്പോള്‍ ഞാന്‍ അംഗീകരിക്കാം എന്ന് പറയുന്നത്രത്തോളം അഹങ്കാരം മനുഷ്യനില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.” പാശ്ചാത്യസാമൂഹ്യവീക്ഷണം ഭിന്നിപ്പിക്കുന്നതാണ്. അതുകൊണ്ട് ലോകമെന്നാലെന്താണ്, ആത്മാവ്, പരമാത്മാവ് എന്നതെല്ലാം വ്യര്ത്ഥവിചാരങ്ങളാണ്, എല്ലാം ജഡത്വത്തിന്റെ കളികളാണ്. ഹിഗ്സ് ബോസോണ്‍ എന്ന ഏതോ ഒന്നുണ്ട്, അത് കണങ്ങളെ രൂപപ്പെടുത്തുന്നു, പിന്നീടീ കണങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നു, ചിലത് ഉണ്ടായിത്തീരുന്നു, ചിലത് ഇല്ലാതാകുന്നു, അതില്‍നിന്ന് ഊര്‍ജ്ജവും ഉത്പാദിപ്പിക്കപ്പെടുന്നു, ഒപ്പം പദാര്‍ത്ഥങ്ങളും ഉണ്ടായിത്തീരുന്നു. മാത്രമല്ല ഇവയില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല, പരസ്പരബന്ധങ്ങളുമില്ല.
ഒരു കണത്തിന് മറ്റൊന്നിനോട് യാതൊരു സംബന്ധവുമില്ല. ഈ സൃഷ്ടിയില്‍ ഒന്നിനും മറ്റൊന്നിനോട് സംബന്ധമില്ല, ലക്ഷാവധി വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഈ ലോകത്തില്‍ പരസ്പരസംബന്ധത്തിന്റെ വിഷയങ്ങളൊന്നുമില്ല. സ്വാര്‍ത്ഥതയുടെ വിഷയമേയുള്ളൂ. ഇതൊരു ഉടമ്പടിയാണ്, theory of contract, theory of social contract. ഭാര്യയോട് ഭര്‍ത്താവ് ഉടമ്പടി ചെയ്തിരിക്കുന്നു. ഇതിനെ നിങ്ങള്‍ വിവാഹസംസ്ക്കാരം എന്ന് പറയുന്നുണ്ടാകാം എന്നാല്‍ അത് കരാറാണ്. നിങ്ങള്‍ എന്റെ വീട് പരിപാലിക്കൂ, എനിക്ക് സുഖം നല്‍കൂ, ഞാന്‍ നിങ്ങളുടെ ആഹാരനീഹാരങ്ങളുടെ ഏര്‍പ്പാട് ചെയ്യാം, ഒപ്പം നിങ്ങളെ സുരക്ഷിതയാക്കാം. അതുകൊണ്ട് അപ്രകാരം ജീവിക്കുന്നു. ഭാര്യ ഇതെല്ലാം പാലിക്കുന്നിടത്തോളം ഭര്‍ത്താവ് തന്റെ കരാര്‍ പ്രകാരം അവളെ പരിപാലിക്കുന്നു, ഭാര്യയ്ക്ക് കരാര്‍ പാലിക്കാനാവാത്തപ്പോള് അവളെ ഉപേക്ഷിക്കാം. ഏതെങ്കിലും കാരണത്താല്‍ ഭര്‍ത്താവിന് കരാര്‍ പൂര്ത്തിയാക്കാനാവുന്നില്ലെങ്കില് അയാളെ ഉപേക്ഷിക്കൂ. മറ്റൊരു കരാറുണ്ടാക്കാന്‍ ആളെ അന്വേഷിക്കൂ. അങ്ങനെയാണ് നടന്നുവരുന്നത്. എല്ലാ കാര്യത്തിലും കരാറാണ്. തന്റെ നാശത്തെക്കുറിച്ചുള്ള ഭയം കാരണം മറ്റുളളവരെ രക്ഷിക്കുക. പരിസ്ഥിതിയെ ശുദ്ധമാക്കിവെയ്ക്കുക. അല്ലെങ്കിലെന്തുണ്ടാകും? ഇല്ലെങ്കില്‍ മനുഷ്യവംശത്തിന്റെ സമ്പൂര്ണ്ണനാശമുണ്ടാകും. മനുഷ്യന്റെ സര്വ്വനാശമുണ്ടാകില്ലെങ്കില് പരിസ്ഥിതിക്ക് യാതൊരു പ്രസക്തയുമില്ല. അതുകൊണ്ട് ഒരു വശത്ത് വൃക്ഷം നടീല്‍ പരിപാടി നടത്തും മറുവശത്ത് ഫാക്ടറി മാലിന്യം നദികളിലൊഴുക്കും. രണ്ടു കാര്യവും ഒന്നിച്ചു നടത്തും. ‘സര്‍വ്വേ ഭദ്രാണി പശ്യന്തു’ എന്നത് എന്തുകൊണ്ടാണ്? അങ്ങനെയുണ്ടായില്ലെങ്കില്‍ വലിയ തോതില്‍ സംഹാരമുണ്ടാകും, ഭയപ്പെട്ട് മരിക്കും. ഭയം അധികകാലം നടപ്പാകില്ല.
സര്വ്വസാമര്ത്ഥ്യത്തോടു കൂടിയ റഷ്യയുണ്ടായിരുന്നു, 70-72 വര്‍ഷത്തേയ്ക്ക് അവരെക്കുറിച്ചുള്ള ഭയം നിലനിന്നു. പിന്നീട് ജനങ്ങള്‍ അവരെ ഭയക്കാതെയായി. ചത്ത പിള്ളയുടെ ജാതകം വായിക്കുമോ? ഭയപ്പാടു പരത്തി ഉണ്ടാക്കുന്ന വൈഭവദൃശ്യം നിലനില്‍ക്കില്ല.
ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയ സാമൂഹ്യകാഴ്ചപ്പാട് സംശ്ലേഷണാത്മകമാണ്. ഈ വിഷയത്തില്‍ ഭാരതീയചിന്തയെന്താണ്? അങ്ങനെയല്ല, ലോകം പരസ്പരബന്ധത്തിലാധാരിതമാണെന്നാണ് അത് പറയുന്നത്. കാഴ്ചയില്‍ വിവിധതയുണ്ടാകാമെങ്കിലും എല്ലാം ഒന്നാണ്. ഒന്ന് അനേകമായി പ്രകടമായതാണെന്ന് അത് പറയുന്നു. അതുകൊണ്ട് എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെവിടെയെങ്കിലും ഉണ്ടാകുന്ന നിരര്‍ത്ഥകമായ സംഭവങ്ങള്‍പോലും മുഴുവന്‍ വിശ്വത്തിന്റേയും ജീവിതത്തിലെ ഒന്നല്ലെങ്കില്‍ മറ്റൊരു പരിണാമത്തിന് കാരണമാകുന്നു. കാര്യങ്ങള്‍ ശുഭമായാല്‍ പരിണാമങ്ങളും ശുഭമാകും. ആര്‍ക്കെങ്കിലും നാശമുണ്ടായാല്‍ അത് നിങ്ങളുടെ കൂടി നാശമാണ്. അതുമായി നിങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളതിന്റെ ഭാഗമാണ്.
മനുഷ്യനുള്‍പ്പെടെ ആരും സൃഷ്ടിജാലത്തിനു പുറത്തല്ല. തങ്ങളുടെ ചിന്താഗതിയില്‍ പരിശീലനത്തിലൂടെ ക്രമേണ ഇക്കാര്യത്തെ കാണുക, മനസ്സിലാക്കുക, അതുമായികൂടിച്ചേരുക, കൂടിച്ചേരുന്നതിനോടൊപ്പം അതിനനുസരിച്ച് ജീവിക്കാന്‍ അഭ്യസിക്കുക. അങ്ങനെ ഇഴുകിച്ചേരാന്‍ പരിശ്രമിക്കുന്ന, കുറച്ചേറെ ഇഴുകിച്ചേര്‍ന്ന വ്യക്തിക്ക് എല്ലാം എന്റെ തന്നെയാണ്, സര്‍വ്വം ഞാന്‍തന്നെയാണ് എന്നത് തിരിച്ചറിയാനാകും. അതോടെ, ഗീതയില്‍ ‘യോഗഃ കര്‍മസുകൗശലം’ എന്ന് പറഞ്ഞിരിക്കുന്നതുപൊലെ ഏത് കര്‍മ്മവും എങ്ങനെ ചെയ്യുന്നതിലും അയാള്‍ സമര്ത്ഥനായിത്തീരും. അയാള്‍ സ്വന്തം ജീവിതം സുഖമയമാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതസുഖത്തിന് കാരണക്കാരനുമാകുന്നു. സ്വവികാസത്തിലൂടെ സമ്പൂര്ണ്ണവിശ്വത്തേയും വികസിപ്പിക്കുന്നു, സമ്പൂര്ണ്ണവിശ്വത്തിന്റേയും വികാസത്തില്‍നിന്ന് സ്വവികാസവും നേടുന്നു. വിശ്വത്തില്‍ യാതൊരു സംഘര്‍ഷവും നിലനില്ക്കുന്നില്ല. ലോകത്തില്‍ യാതൊരുവിധ തൃഷ്ണയും ഉണ്ടാകുന്നില്ല. ലോകത്തിലെ ദുഃഖങ്ങള്‍ പരിഹരിക്കപ്പെടുന്നു. നമ്മുടെ ഇവിടെ, ഭാരതത്തില്‍ ഉത്ഭവിച്ച ചിന്താധാരകളിലെല്ലാം, വെവ്വേറെ വാക്കുകളിലാണെങ്കിലും എല്ലാവരും ഇതുതന്നെ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: