ന്യൂദല്‍ഹി: വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയുമാണ് സ്ത്രീ ശാക്തീകരണം ഉറപ്പാക്കേണ്ടതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ശരിയായ ആരോഗ്യപരിപാലനവും ലഭ്യമാകുന്നു എന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ടതിന് ശേഷം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്നും അദ്വാനി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസകാര്യത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെടുക്കുന്ന പ്രയത്നത്തെ അദ്ദേഹം പ്രശംസിച്ചു.
ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അതേ അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ലഭിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതില് ബിജെപി മുഖ്യമന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്വാനി വ്യക്തമാക്കി.
ആരോഗ്യമേഖലയില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും മരണനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കണമെന്നും അദ്വാനി ഓര്‍മ്മിപ്പിച്ചു. സ്ത്രീകള്‍ക്കുള്ള പ്രത്യേക ആരോഗ്യപരിരക്ഷയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മെഡിക്കല്‍ അസോസിയേഷന് മുന്നോട്ട് വയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: