നാഗ്പൂര്‍/ന്യൂദല്‍ഹി: മോഹന്‍ഭാഗവതിന്റെ പ്രസംഗം വളച്ചൊടിച്ചതിനു പുറമെ ചില മാധ്യമങ്ങള്‍ അതിനെ ദുര്‍വ്യാഖ്യാനവും ചെയ്യുന്നത് മനപ്പൂര്‍വവും ദൗര്‍ഭാഗ്യകരവുമാണെന്ന് ആര്‍എസ്എസ്.സര് സംഘചാലക് മോഹന്‍ ഭാഗവത് പാശ്ചാത്യ വിവാഹ സമ്പ്രദായത്തെപ്പറ്റിയാണ് പരാമര്‍ശിച്ചത്. ഇതിനെ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് അതീവ ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെയും കാഴ്ചപ്പാടിനെയും ഭാരതീയ വിവാഹസമ്പ്രദായവുമായി ബന്ധപ്പെടുത്തിയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് തികച്ചും തെറ്റാണ്. ആര്‍എസ്എസ് ദേശീയ സമിതിയംഗം രാംമാധവ് ചൂണ്ടിക്കാട്ടി.
പാശ്ചാത്യനാടുകളില്‍ വിവാഹം വെറും കരാര്‍ മാത്രമാണ്. ഇത് നിരവധി സാമൂഹ്യശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഭാരതത്തിലാകട്ടെ വിവാഹമെന്നത് പവിത്രമായ സങ്കല്പമാണ്. ഇത് സ്ത്രീക്ക് വളരെ ആദരവും പുരുഷന് ചില ചുമതലാബോധവും നല്കുന്നു, രാംമാധവ് പറഞ്ഞു.
മോഹന്‍ ഭാഗവത് പറഞ്ഞത് അടിമുടി തലതിരിച്ചാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീര്‍ച്ചയായും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഭാരതത്തില്‍ വിവാഹം വെറുമൊരു കരാര്‍ മാത്രമാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ വളച്ചൊടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായും രാംമാധവ് പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ സാമൂഹിക കരാറില്‍ ഏര്‍പ്പെടുന്നതായും ഭാര്യ വീട്ടുചുമതലകള്‍ നിര്‍വഹിക്കേണ്ടതാണെന്നും വീടിനുവേണ്ടി അധ്വാനിച്ച് പണം കണ്ടെത്തുകയും ഭാര്യയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞതായാണ് ടെലിവിഷന്‍ ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസം ആസാമിലെ സില്‍ചാറില്‍ നടന്ന ചടങ്ങില്‍ ഭാഗവത് നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ പാശ്ചാത്യ ജീവിത ശൈലിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാശ്ചാത്യ സംസ്കാരത്താല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലാണ് മാനഭംഗം പോലുള്ളവ കൂടുതല്‍ നടക്കുന്നതെന്നും മറിച്ച് പാശ്ചാത്യസംസ്കാരം സ്വാധീനിക്കപ്പെടാത്ത ഭാരതത്തിലെ ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉണ്ടാകാറുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ അനുകൂലിക്കുന്നതായും സര്‍സംഘചാലക് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: