കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ മുഖ്യമന്ത്രിക്കേസരയിലെത്തിച്ചത് മാവോയിസ്റ്റുകളാണെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംപി. മമത മാവോയിസ്റ്റുകളുടെ സഹായത്താലാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംപി. കബീര്‍ സുമനാണ് ആരോപിച്ചത്. മാവോയിസ്റ്റ് നേതാവായിരുന്ന കിഷന്‍ജിയെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ വെസ്റ്റ് മിഡ്നാപ്പൂരില്‍ മമത ഒരു സീറ്റ് പോലും നേടില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നന്ദിഗ്രാം, ലാല്‍ഗഡ്, സിംഗൂര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളായിരുന്നെന്നും കബീര്‍ സുമന് ആരോപിച്ചു. നന്ദിഗ്രാം സംഭവത്തില്‍ മാവോയിസ്റ്റ് നേതാവ് സുമിത് സിന്‍ഹ, സിദ്ദിഖില്ല ചൗധരി തുടങ്ങിയവര്‍ക്ക് നേരിട്ട് പങ്കുണ്ടായിരുന്നു. കലാപം നടക്കുമ്പോള്‍ മാവോയിസ്റ്റ് സംഘടനകളെ രാജ്യവ്യാപകമായി നിരോധിച്ചിരുന്നില്ലെന്നും കബീര്‍ സുമന് പറഞ്ഞു. സ്വതന്ത്രമായാണ് മാവോയിസ്റ്റ് നേതാക്കള്‍ ഇതില്‍ പങ്കെടുത്തതെന്നും താന്‍ കുമ്പസാരം നടത്തുകയല്ല വാസ്തവമെന്തെന്ന് വിശദീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ സുഹൃത്തുക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കബീര്‍ സുമന് വ്യക്തമാക്കി. എന്നാല്‍ പുറത്താക്കപ്പെട്ട കബീര്‍ സുമന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്. ലാല്‍ഗഡിലെ കലാപത്തിന് ശേഷം വെസ്റ്റ് മിഡ്നാപ്പൂരിലെ മാവോയിസ്റ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസിന് അവിശുദ്ധബന്ധമുണ്ടെന്ന് സിപിഎം ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ഈ ആരോപണം മമത തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: