ചെന്നൈ: സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ് ഉറപ്പാക്കുമ്പോഴും ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കുമെന്നും ജയലളിത പറഞ്ഞു. ഇത്തരം കുറ്റകൃതൃങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും പ്രതികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കുക തുടങ്ങിയ നിമയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
ഇതേസമയം,സ്ത്രീകളുടെ സുരക്ഷയ്ക്കായി പതിമൂന്നിന കര്മപദ്ധതിയുമായാണ് ജയലളിത സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ദല്‍ഹിയിലെ സംഭവത്തിനുശേഷം സ്ത്രീ സുരയ്ക്കുവേണ്ടി നടപടികള്‍ സ്വീകരിക്കുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതി തമിഴ്നാട് സര്‍ക്കാരിന് ലഭിച്ചു. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുന്നതിനും ലൈംഗികശേഷി നഷ്ടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജയലളിത പറഞ്ഞു.
കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ ദിവസേന വിചാരണ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിലുള്ള ലൈംഗിക പീഡനക്കേസുകളില്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ കണ്ടെത്താന്‍വേണ്ടി എല്ലാ പൊതുകെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടുകഴിഞ്ഞു. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ എല്ലാ ചികിത്സാച്ചെലവുകളും വഹിക്കുമെന്നും ഇവരുടെ പുനരധിവാസത്തിനായി പരിശ്രമിക്കുമെന്നും ജയലളിത വ്യക്തമാക്കി.
സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ഹെല്പ്പ്ലൈന് സംവിധാനം ആരംഭിക്കും. പീഡനക്കേസുകള്‍ അന്വേഷിക്കുന്നതിന് എല്ലാ ജില്ലകളിലും അതിവേഗ മഹിളാ കോടതികള്‍ സ്ഥാപിക്കുമെന്നും ജയലളിത ഉറപ്പ് നല്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കെതിരായുളള ലൈംഗിക അതിക്രമങ്ങള്‍ ഗുരുതരമായ കുറ്റമായി കണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അത് അന്വേഷിക്കുമെന്നും പതിമൂന്നിന പദ്ധതിയില്‍ പറയുന്നു. പീഡനക്കേസുകള്‍ ഓരോ ജില്ലയിലേയും എസ്. പിയും, ഡിജിപിയും ഓരോ മാസവും നിരീക്ഷിക്കും. കോടതിയില്‍ കെട്ടിക്കിടക്കുന്ന പീഡനക്കേസുകളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയും, പീഡനത്തിനിരയായവര്‍ക്ക് അര്‍ഹിക്കുന്ന നീതി ലഭ്യമാക്കുമെന്നും പദ്ധതിയില്‍ ജയലളിത ഉറപ്പ് നല്കുന്നു.
തമിഴ്നാട്ടിലെ ഗുണ്ടാ നിയമം ഭേദഗതി ചെയ്യുമെന്നതാണ് പദ്ധതിയിലെ ഏറെ ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഹിളാ കോടതികള്‍ സ്ഥാപിക്കുന്നതിനോടൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരെ സഹായിക്കുന്നതിനും വനിതാ അഭിഭാഷകരെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കും. സ്ത്രീകള്‍ അധികമായി എത്തുന്ന സ്ഥലങ്ങളിലെല്ലാം പോലീസിനെ അതികമായി വിന്യസിക്കും. തുടങ്ങിയ പദ്ധിതികളാണ് ജയലളിത മുന്നോട്ട് വെക്കുന്നതും തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നതും.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷയേറിയ സംസ്ഥാനം തമിഴ്നാടാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലാണ്. പകലും, രാത്രിയിലും ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണെന്നും ബസിലോ, മറ്റിടങ്ങളില്‍ വെച്ചോ ഒരു തരത്തിലുള്ള അതിക്രമങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഉള്‍ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നത്. സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നിരിക്കെയാണ് കൂടുതല്‍ സുരക്ഷാ പദ്ധതികളുമായി ജയലളിത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: