കൊച്ചി: റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവിനെ കാറില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഫോര്‍ട്ടുകൊച്ചി പുളിക്കലകത്ത് പരേതനായ അബ്ദുള്‍ അസീസിന്റെ മകന് ഇംതിയാസ് (33) ആണ് കൊല്ലപ്പെട്ടത്. വടുതല ചിറ്റൂര്‍ പെട്രോള്‍ പമ്പിന് സമീപം ഡിവൈന്‍നഗര്‍ റോഡില്‍ കെഎല്‍-40 എഫ് 8990 നമ്പര്‍ മാരുതി റിറ്റ്സ് കാറിലാണ് ജഡം കണ്ടെത്തിയത്. ഇവിടെനിന്ന് ഏകദേശം നാല്‍പ്പത് മീറ്റര്‍ അകലെയുള്ള വാടക വീട്ടിലാണ് കഴിഞ്ഞ ആറ് മാസമായി ഇംതിയാസ് താമസിച്ചത്. കാറിന്റെ മുന്‍ സീറ്റില്‍നിന്ന് പുറകിലേക്ക് ചാഞ്ഞ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍മുട്ടിന് സമീപം ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. മുഖം ബ്ലേഡുകൊണ്ട് വരഞ്ഞിട്ടുണ്ട്. കാറിനകം രക്തം തളംകെട്ടിയിട്ടുണ്ട്. സീറ്റിലും താഴെയുമായി സാന്താക്ലോസിന്റെ രണ്ട് മാസ്ക്കുകളും ഒരു തോര്‍ത്ത് മുണ്ടുമുണ്ട്. തോര്‍ത്തുകൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചതായും സൂചനയുണ്ട്. മാസ്ക്കിലും രക്തം പുരണ്ടിട്ടുണ്ട്.
പ്രധാന റോഡില്‍നിന്ന് കാറ് കിടക്കുന്ന ഇടറോഡുവരെ ഒമ്പതിടങ്ങളിലായി ചോരത്തുള്ളികളുണ്ട്. റോഡില്‍നിന്ന് വെട്ടിയശേഷം കാറില്‍ കൊണ്ടിട്ടതാകാമെന്ന് സംശയിക്കുന്നു. രാവിലെ അഞ്ചരയോടെ ഇതുവഴി പോയ സ്വകാര്യബസ് ജീവനക്കാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ട്രാഫിക് പോലീസും ചേരാനല്ലൂര്‍ പോലീസും സ്ഥലത്തെത്തി.
ബുധനാഴ്ച രാത്രി പതിനൊന്നുവരെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ ചേര്‍ത്തലയില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു. രാത്രിയില്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലുംഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുകളുമായുള്ള വാക്കേറ്റമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഇംതിയാസ് ഗള്‍ഫിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തി റിയല്‍എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയായിരുന്നു. കൊച്ചി മേനക റോഡില്‍ നാല് മാസംമുമ്പ് ‘ആക്ടിവേറ്റര്‍ ബില്‍ഡേഴ്സ്’ എന്ന സ്ഥാപനവും തുടങ്ങി.
ഭാര്യ: ആലിയ. ഒമ്പത് മാസം പ്രായമുള്ള മകനുണ്ട്.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക്, ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ്സ്ക്വാഡ് മണംപിടിച്ച് അകലെയുള്ള തോടുവരെ എത്തി. ഉച്ചയ്ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: