കൊച്ചി: പദ്ധതി രൂപീകരണം പിഴവില്ലാതെ നടപ്പാക്കുന്നതില്‍ സ്ഥിതിവിവരക്കണക്കുകളിലെ കൃത്യത പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് പുറമെ ഇവ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിയണം. അടിസ്ഥാന വിവര ശേഖരണം വികസനത്തിന്റെ അടിത്തറയാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
ജില്ലാതല ബിസിനസ് രജിസ്റ്റര്‍ തയാറാക്കുന്നതിന് മുന്നോടിയായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13-ാം ധനകാര്യ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാതല സ്ഥിതിവിവര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബിസിനസ് രജിസ്റ്ററുകള്‍ തയാറാക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരായ എസ്. ലീലാദേവി, എസ്. ഗോപകുമാര്‍, ജില്ലാ ഓഫീസര്‍ എ.എം. സുകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും സമ്പൂര്‍ണമായ പട്ടികയാണ് ബിസിനസ് രജിസ്റ്റര്‍. ഉല്പാദനം, നിര്‍മാണം, സേവനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ബിസിനസ് രജിസ്റ്റര്‍ തയാറായാല്‍ സര്‍വെ നടപടികളുടെ പ്രാഥമിക പ്രക്രിയയായ ലിസ്റ്റിങ് ഓരോ തണവയും നടത്തുന്നത് ഒഴിവാക്കാന്‍ കഴിയും. ജില്ല ബിസിനസ് രജിസ്ട്രാറായ ജില്ലാ കളക്ടര്‍ക്ക് കീഴിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
രജിസ്റ്റര്‍ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റും അനുബന്ധ വിവരങ്ങളും സമാഹരിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമിലാക്കും. തുടര്‍ന്ന് ഓരോ സ്ഥാപനത്തിനും ബിസിനസ് രജിസ്റ്റര്‍ നമ്പര്‍ (ബിആര്‍എന്‍) നല്‍കും. സ്ഥാപനങ്ങളുടെ ഉടമസ്ഥന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, പ്രവര്‍ത്തനം, തൊഴിലാളികളുടെ എണ്ണം തുടങ്ങിയവ ഫീല്‍ഡ് സന്ദര്‍ശനം നടത്തി ശേഖരിക്കും. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ വിവരങ്ങളും ഈ ഘട്ടത്തില്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ പുതുക്കുന്നതിനും സംവിധാനമുണ്ടാകും. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കും ഈ ബിസിനസ് രജിസ്റ്റര്‍ ലഭ്യമാക്കുമെന്നും സാമ്പത്തിക സ്ഥിതിവിവര വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: