മരട്: പനങ്ങാട് എസ്എന്‍ഡിപിയുടെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. നടുത്തുരുത്തി ഭാഗത്തെ 1481-ാം ശാഖാ യോഗത്തിന്റെ വകയായുള്ള കൊടി മരത്തിലെ പീതവര്‍ണ്ണ പതാകയാണ് തുടര്‍ച്ചയായി രണ്ടുദിവസം നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൊടി നശിപ്പിച്ചതിന് പിന്നില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കൊടിമരം നശിപ്പിച്ചതിനെതിരെ ശാഖായോഗം ഭാരവാഹികള്‍ പനങ്ങാട് പോലീസില്‍ പരാതി നല്കി.
ശ്രീനാരായണ ഗുരുദേവനെ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് അധിക്ഷേപിച്ച സംഭവത്തിനെതിരെ പനങ്ങാട് പ്രദേശത്ത് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മുന്‍പ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 1483 നമ്പര്‍ ശാഖയുടെ പ്രസിഡന്റ് കൂടിയായ കെ.കെ.മണിയപ്പന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. എന്നാല്‍ ഇയാള്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്ന സഹകരണ ബാങ്കിന്റെ ഡയറക്ടറും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്നു.
വി.ജെ.പൗലോസിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ ആള് പ്രതിഷേധത്തില്‍ പങ്കെടുത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയം തിങ്കളാഴ്ച പനങ്ങാട് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ ഒരു പൊതു പരിപാടിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പങ്കെടുത്ത യോഗത്തില്‍ പ്രാദേശിക, താലൂക്ക് ശാഖായോഗം നേതാക്കള്‍ കോണ്‍ഗ്രസ് നേതാവ് പോളച്ചന് മണിയംകോടിനേയും മറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് തൊട്ടടുത്ത ദിവസം ശാഖായോഗത്തിന്റെ വക കൊടിമരം നശിപ്പിക്കപ്പെട്ടതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഇതിനിടെ കോണ്‍ഗ്രസിന്റെ കുമ്പളം മണ്ഡലം കമ്മറ്റിയോഗത്തില്‍ ഡിസിസി സെക്രട്ടറി പോളച്ചന് മണിയംകോട് വി.ജെ.പൗലോസിനെ ന്യായീകരിച്ചതായും പറയപ്പെടുന്നുണ്ട്. ഡിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ പോളച്ചന് യോഗത്തില്‍ ആവര്‍ത്തിച്ചതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഈ വിഷയത്തിലും എസ്എന്‍ഡിപി യോഗം കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊടിമരം നശിപ്പിച്ചതിന് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: