കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെട്ടിടനികുതി നയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി തുറമുഖ ട്രസ്റ്റിന് വന്‍ പ്രഹരമായി മാറുന്നു. മുന്‍വര്‍ഷങ്ങളില്‍ കൊച്ചിന് കോര്പ്പറേഷന് നല്‍കാറുള്ള കെട്ടിടനികുതിയിനത്തില്‍ നല്കുന്ന തുകയെക്കാള്‍ അഞ്ചിരട്ടി വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളുടെ കെട്ടിടനികുതി ലെവിനിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് 2011 ജനുവരിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്ക്കാര്ഓഫീസ് കെട്ടിടങ്ങളില്‍നിന്ന് സേവനനികുതിയുടെ 50-75 ശതമാനം വരെ ലെവിതുക ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്. ഇതുപ്രകാരം ഏഴ് ശതമാനം നിരക്കില്‍ മുന്‍കാലങ്ങളില്‍ നികുതി ലെവി നല്‍കിയിരുന്ന കൊച്ചി തുറമുഖ ട്രസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ഭാരമാണ് പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍കാലങ്ങളില്‍ 34 ലക്ഷത്തോളം രൂപയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് മേഖലയില്‍നിന്ന് കൊച്ചിന് കോര്പ്പറേഷന് ലഭിക്കാറുണ്ടായിരുന്നതെങ്കില് പുതിയ ഉത്തരവിലൂടെ പ്രതിവര്‍ഷം രണ്ട് കോടിയിലേറെ രൂപയാണ് നല്‍കേണ്ടിവരികയെന്ന് കണക്കാക്കുന്നു. 2011 ഏപ്രില്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് പുതിയ കെട്ടിടനികുതി നിരക്ക് പ്രാബല്യത്തില്‍ വരിക.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ഉത്തരവിറങ്ങിയതിന് പിന്നാലെ കൊച്ചിന് കോര്‍പ്പറേഷന്റെ മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസിലെ റവന്യൂ ഉദ്യോഗസ്ഥര്‍ തുറമുഖ പരിധിയിലെ കെട്ടിടങ്ങളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. വന്‍കിട ഹോട്ടലുകള്‍, ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, സംഭരണശാലകള്‍ തുടങ്ങിയവപ്രവര്ത്തിക്കുന്ന കൊച്ചി തുറമുഖ ട്രസ്റ്റ് പരിധിയില്‍നിന്ന് വന്‍ കെട്ടിടനികുതിലെവി ഈടാക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. പ്രാഥമിക കണക്കെടുപ്പ് പ്രകാരം രണ്ട് കോടി രൂപയുടെ വരുമാനമാണ് കൊച്ചി തുമുഖ ട്രസ്റ്റിന്റെ പരിധിയില്നിന്നുണ്ടാകുകയെന്നാണ് കണക്ക്. കഴിഞ്ഞ കാലങ്ങളിലെ നികുതിലെവി ലഭ്യതയെക്കാള്‍ ആറിരട്ടി അധികവരുമാനമാണിത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: