കൊച്ചി: കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി 150 കോടി രൂപ ആവശ്യപ്പെട്ട് പുതുക്കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ ഉരുള്‍പൊട്ടലുണ്ടായ കോതമംഗലം കടവൂര്‍, കോഴിക്കോട് പുല്ലൂരാംപാറ, കണ്ണൂര്‍ ഇരിട്ടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘവുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉരുള്‍പൊട്ടലും മറ്റ് കെടുതികളും സംബന്ധിച്ച് 76 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക വിലയിരുത്തലില്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. വിവിധ മേഖലകളിലുണ്ടായ സഞ്ചിത നഷ്ടം കണക്കാക്കിയപ്പോഴാണ് തുക 150 കോടി രൂപയിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നഷ്ടമാണ് ഇതില്‍ ഏറ്റവും കൂടുതല്‍. റോഡുകള്‍ ഒലിച്ചു പോയും കലുങ്കുകളും പാലങ്ങളും തകര്‍ന്നും നൂറു കോടി രൂപയിലേറെ നാശമാണ് സംസ്ഥാനത്തിന് നേരിട്ടത്. പൊതുമരാമത്ത്, കൃഷി, ജലസേചനം, ഭവനം, റവന്യൂ എന്നീ വകുപ്പുകള്‍ നഷ്ടം പ്രത്യേകം കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കിയിരുന്നു. കെട്ടിടം, ഭൂമി എന്നിവയുടെ നഷ്ടം കണക്കാക്കിയുള്ള ധനസഹായം ഉടനെ നല്‍കും. പുനരധിവാസത്തിനും നടപടി സ്വീകരിച്ചു വരികയാണ്. കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡേയും മുല്ലപ്പള്ളി രാമചന്ദ്രനും ഏറെ അനുഭാവപൂര്‍ണമായ സമീപനമാണ് കേരളത്തോട് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എം.എ. ഗണപതിയുടെ നേതൃത്വത്തില്‍ എസ്.എം. ഹോല്‍ക്കര്‍, ടി.കെ. ശിവരാജന്, ആര്. ഇളവരശന് എന്നിവരടങ്ങിയ സംഘമാണ് നഷ്ടം വിലയിരുത്താനെത്തിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജ്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, എ.ഡി.എം ബി. രാമചന്ദ്രന്, മൂവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ്, ഡപ്യൂട്ടി കളക്ടര്‍മാരായ മോഹന്‍ദാസ് പിള്ള, കെ.എന്‍. രാജി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: