തുലാവര്ഷമായതുകൊണ്ടാണോ എന്നറിയില്ല, മാതൃഭൂമി ആഴ്ചപ്പതിപ്പി(ഒക്ടോ.28)ല്‍ കവിതകളുടെ പെരുമഴയാണ്. സ്പെഷ്യല്‍ ഇഷ്യു എന്ന് ആംഗലേയത്തില്‍ അച്ചടിച്ച പച്ചക്കവറോടെയാണ് ഇറങ്ങിയിരിക്കുന്നത്. ഈയടുത്ത് പച്ചയെല്ലാം വിവാദത്തിലേക്കാണ് വാതില്‍ തുറന്നത് എന്നറിയുക. ഇതേതായാലും അങ്ങനെയല്ല.
പന്ത്രണ്ട് പേരുടെ (ലബ്ധപ്രതിഷ്ഠരും, അതിനടുത്ത് നില്‍ക്കുന്നവരും) കവിതകള്‍ 32 പേജില്‍ നിറഞ്ഞുകിടക്കുന്നു. മനസ്സ് നിറയുന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കേണ്ട സംഗതിയായതിനാല്‍ അഭിപ്രായം ഇല്ല.
ഒരുമുക്കവിത എന്ന പ്രധാന തലക്കെട്ടിനുശേഷം തിരിച്ചയച്ച കവിത, മരിച്ച കവിത, എഴുതാത്ത കവിത എന്നിങ്ങനെ ഇടത്തലക്കെട്ടുകള്‍ കൊടുത്ത കവിതകളാണ് സച്ചിദാനന്ദന് വക. പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തുന്ന കവിതയെക്കുറിച്ച് പരിചിന്തനം ചെയ്യുന്ന സച്ചിദാനന്ദന്, ഭര്‍തൃഗൃഹത്തിലേക്കു യാത്രയായ ഈ വധു ഇപ്പോള്‍ ജീവനോടെ തിരിച്ചുവന്നതില്‍ ആശ്വാസം കൊള്ളുന്നുണ്ട്. ആ ആശ്വാസം എത്രകാലത്തേക്ക് എന്ന് ചോദിച്ചേക്കല്ലേ. രണ്ടാമത്തെ കവിത, മരിച്ച കവിതയാണ്. കവിത മരിച്ചാല്‍ വളരെ ആഴത്തില്‍ തന്നെ കുഴിച്ചിടണമെന്നാണ് അദ്ദേഹത്തിന്റെ മതം. ഇല്ലെങ്കില്‍ അതിന്റെ പ്രേതം പലരേയും പിടികൂടുമത്രേ. നേര് പറഞ്ഞാല്‍ നവജാതരായി നടിക്കുന്ന പല കവിതകളും ശവക്കുഴിയില്‍ നിന്ന് ഒളിച്ചെണീറ്റവര് ആണുപോലും! മേലില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ കൂടുതല്‍ കൂടുതല്‍ കനമുള്ള പുരസ്കാരങ്ങള്‍ അവയ്ക്കുമീതെ അടുക്കിവെക്കണമെന്നാണ് അദ്ദേഹം കവിയ്ക്കുന്നത്. യുവകവിതകളില് മരിച്ചകവിത ദംഷ്ട്ര ആഴ്ത്താതിരിക്കാന് ഇതു തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. അടുത്തത് എഴുതാത്ത കവിതയാണ്. എന്നെങ്കിലും സ്വന്തം വാക്കുകള്‍ കണ്ടെത്തി പൂര്‍ത്തിയാക്കാനായി എഴുതാതിരിക്കുന്ന അവസ്ഥയെയാണ് ഈ കവിതയില്‍ നിര്‍ധാരണം ചെയ്തിരിക്കുന്നത്. സച്ചിദാനന്ദത്വം നിറഞ്ഞ കവിതകള്‍ പല വായനകള്‍ക്കുശേഷം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല എന്നതാണ് വസ്തുത.
മര്ത്ത്യഭാഷയിലൊതുങ്ങാത്ത കവിതയാണ് സുഗതകുമാരിയുടേത്. ഇന്നത്തെ കാലത്തിന്റെ, ആരും കാണുന്ന സ്ഥിതിഗതികളുടെ നേര്‍ച്ചിത്രത്തിലേക്ക് കവിത ചൂണ്ടുന്ന സുഗതകുമാരി പറയുന്നതിങ്ങനെ: കണ്ണുപൊത്തിക്കൊള്ക, കാണുവാന്‍ വയ്യ! ഹാ ഞങ്ങള്‍ വൈകിപ്പോയി തീരെ!
നേരത്തെ വന്നിരുന്നെങ്കില്‍ ഇങ്ങനെ കണ്ണുപൊത്തി നില്‍ക്കേണ്ടായിരുന്നു. എന്തുകൊണ്ട് നേരത്തെ എത്തിയില്ല എന്ന ചോദ്യം ഭയാനകരൂപം പൂണ്ട് നില്ക്കുമ്പോള് ഒരു മണല്ത്തരിപോലുമല്ല നാമെന്നു നാം, അറിയുന്നതാം സത്യയാമം! അടുത്തെത്തുകയും ചെയ്തു.
അഭിമുഖങ്ങള്‍ കവിതയിലൂടെ ആറ്റൂര്‍ വരച്ചുകാട്ടുന്നതും ചില സത്യങ്ങള്‍ തന്നെ. ജ്ഞാനമഗ്ദലന ക്രൈസ്തവ മിത്തിന്റെ ഉള്ളിലൂടെയുള്ള യാത്രയാണ്. അടിക്കുറിപ്പ് ചേര്‍ത്തുകൊണ്ടുള്ള രചന. വിജയലക്ഷ്മിയുടെ സ്വതേയുള്ള കരുണാര്‍ദ്ര സമീപനം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ഇതില്‍. വി.എം. ഗിരിജയുടെ മൂന്നു സംന്യാസിമാര്‍, പി.എന്‍. ഗോപീകൃഷ്ണന്റെ എന്നിട്ടും എന്റെ ജോസേ…., എസ്. ജോസഫിന്റെ കീരി, മോഹനകൃഷ്ണന് കാലടിയുടെ കല്‍ക്കരി വണ്ടി, കല്‍പ്പറ്റ നാരായണന്റെ ഒരു മുടന്തന്റെ സുവിശേഷം, ജോര്‍ജ് ജോസഫിന്റെ ദു:ഖവെള്ളിയാഴ്ചകള്‍, ഒ.പി. സുരേഷിന്റെ വെറുതെയിരിക്കുവിന്‍, കെ.സി. മഹേഷിന്റെ വിട്ടുമാറാതെ എന്നിങ്ങനെയാണ് കവിതകളുടെ തുലാവര്‍ഷം. കാരുണ്യമുള്ളവനേ കവിതയെഴുതാനാവൂ, അത് വായിക്കാനാവൂ, അതുള്ക്കൊള്ളാനാവൂ. ഇതൊന്നും നിയമമല്ല. നിയമം കൊണ്ടുവന്നാല്‍ നടക്കാനും പോകുന്നില്ല. ഒന്നിച്ചിങ്ങനെ കൊടുത്താല്‍ ഇടയ്ക്കിടെ വായിക്കുമ്പോള്‍ കിട്ടുന്ന സുഖവും സുഗന്ധവുമുണ്ടാവില്ല എന്നതാണ് പൊതുവെയുള്ള സ്ഥിതി. അത് അട്ടിമറിക്കുന്നതാണ് പുതുവഴിയെങ്കില് അങ്ങനെയും ആയിക്കൊള്ളട്ടെ. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ. എന്തായാലും കവിതയ്ക്കു കിട്ടിയ ഈ അവസരത്തിന് ബന്ധപ്പെട്ടവരോടെല്ലാം വായനക്കാര്‍ കടപ്പെട്ടിരിക്കുന്നു.
മനുഷ്യത്വത്തെ ഉണര്‍ത്തല്‍ ആരുടെ ചുമതലയാണ്. അത്തരം ചുമതലകള്‍ ഇന്നിന്നവര്ക്കാണെന്ന് കളം വരച്ച് എഴുതിവെച്ചിട്ടുണ്ടോ? ഉണ്ടായാലും ഇല്ലെങ്കിലും അത് തന്റെ ചുമതലയല്ലെന്ന് പറയുന്നു ഒരു കവി. എന്തെങ്കിലും ലക്ഷ്യം വെച്ചുകൊണ്ടല്ല എഴുതുന്നതെന്നും കവിത മനസ്സിലുണ്ടായാല്‍ മതിയെന്നും എഴുതണമെന്നോ വായിക്കണമെന്നോ ഇല്ലെന്നും ഈ കവി പറയുന്നു. ഒരു വിധപ്പെട്ടവര്‍ക്കൊക്കെ പ്രിയങ്കരനായ ആറ്റൂര്‍ രവിവര്‍മയാണ് ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്നുത്. മനുഷ്യത്വത്തെ ഉണര്‍ത്തല്‍ എന്റെ ചുമതലയല്ല എന്ന തലക്കെട്ടില്‍ എ.കെ. അബ്ദുള്‍ ഹക്കീം കവിയുമായി നടത്തിയ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം. സമൂഹത്തിനുവേണ്ടിയാണ് രചനയെന്നും അതിനൊരു ലക്ഷ്യമുണ്ടാവണമെന്നും വാദിക്കുന്നവരുടെ കൂട്ടത്തില്‍ ആറ്റൂരിനെ പെടുത്തേണ്ട എന്നത്രേ കവിയുടെ നിലപാട്.
കവിതവരുന്ന വഴിയെപ്പറ്റിയുള്ള ദീര്‍ഘമായ മറുപടിയില്‍ നിന്ന് രണ്ടു വരി കണ്ടാലും: കവിത ഞാന്‍ കൊതിച്ചാലുണ്ടാകുന്നതല്ല. ഒരു ശ്രമവും കൂടാതെ തോന്നുകയും ചെയ്യും. നല്ല കവിതയിലൊക്കെ അപ്രതീക്ഷിതത്വം ഉണ്ടാകും. താനല്ല എഴുതുന്നത് എന്ന തോന്നലിനെപ്പറ്റി പലരും പറഞ്ഞിട്ടുണ്ടല്ലോ. വഴിയില്‍ പെട്ടെന്നൊരുള്ക്കാഴ്ച. വളമിട്ട് കാത്തിരുന്ന് വളര്‍ത്തേണ്ടതുണ്ട്. അങ്ങനെ വളര്‍ന്നുവരുമ്പോള്‍ അപ്രതീക്ഷിതത്വങ്ങളുടെ പൂമരക്കൊമ്പുകളില് വര്‍ണാഭമായ പൂക്കള്‍ വിടര്ന്നുനില്ക്കുന്നുണ്ടാവും. അതുകാണക്കാണെ ഒരനുഭൂതി നമ്മെ കെട്ടിപ്പുണരും. അതാണ് കവിതയുടെ കൈപ്പുണ്യം.
ഒരു കവിത നല്ലതാവുന്നതെങ്ങനെയാണ്. അതിന് ആറ്റൂരിന്റെ മറുപടി ഇങ്ങനെ: കവിയുടെ ആലോചനയ്ക്കപ്പുറത്തേക്കെത്തുമ്പോഴാണ് അത് നല്ല കവിതയാകുന്നത്. കവിയോട് ചോദിച്ചാല്‍ ഉത്തരം കിട്ടാത്ത പലതുമുണ്ടാവും കവിതയില്‍. കടന്നു കാണുന്നവനേ കവിയാകാന്‍ കഴിയൂ എന്ന പ്രമാണവും ഇതിനൊപ്പം ചേര്‍ത്തു വായിക്കുക.
പുനര്‍വായന പംക്തിയില്‍ ഒ.വി. ഉഷ അക്കിത്തം കവിതകളുടെ ഉള്‍ക്കരുത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ മുന്‍നിര്‍ത്തി ചുരുള്‍ നിവര്‍ത്തുന്നു. കുളിച്ചീറന്‍മാറി സ്വാമിയുടെ മുമ്പില്‍ നില്ക്കുന്ന അനുഭവവും തെരുവില്‍ കാക്ക കൊത്തുന്ന പെണ്ണുടല്‍ കാണുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യത്തിന്റെ പെരുങ്കടലും സമ്മേളിക്കുന്ന അക്കിത്തം കവിത ആര്ദ്രാനുഭവങ്ങളുടെ പൊള്ളലും കുളിര്മയുമാകുന്നതെങ്ങനെയെന്നാണ് ഉഷ ചികഞ്ഞുനോക്കുന്നത്. ധന്യം ഈ വഴി.
ഭരണകൂടം ചീഞ്ഞുനാറുമ്പോള്‍ നമ്മള് മൊത്തം ചീഞ്ഞുനാറുമെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. തലസ്ഥാനത്തെ നാറ്റവും അതിന്റെ അനന്തരഫലങ്ങളും (മുഴുവനാവാത്തതിനാലാണ് ബഹുവചനം) കലാകൗമുദി (ഒക്ടോ.28) വിശകലനം ചെയ്യുന്നു. രാഷ്ട്രീയം അഴുകുന്ന മാലിന്യപുരം എന്ന ലേഖനത്തിലൂടെ (അങ്ങനെ പറഞ്ഞുകൂടെങ്കിലും) അജയ് മുത്താനയാണ് രാഷ്ട്രീയനാറ്റം വിശകലനിക്കുന്നത്. സാധാറിപ്പോര്ട്ടിനപ്പുറം ജീവനില്ലാത്ത സാധനം. മാലിന്യനിര്‍മ്മാര്‍ജനം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമായി പരിമിതപ്പെടുത്തുമ്പോള്‍ ഇതും ഇതിലപ്പുറവും വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ലോകത്ത് ഏത് കോണില്‍ എന്ത് സംഭവിച്ചാലും പ്രതിഷേധവും പ്രതികരണവുമായി ഇറങ്ങിത്തിരിക്കുന്നവരാണ് മലയാളികള്‍. ദൈവത്തിന്റെ സ്വന്തം നാടായി അഭിമാനിക്കുമ്പോള്‍ ചെകുത്താന്റെ ചെയ്തികള്‍ അവരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നത് അല്‍ഭുതകരമല്ലേ? തൊട്ടയല്‍ രാജ്യത്ത് വിദ്യാഭ്യാസാവകാശത്തെപ്പറ്റി പ്രതികരിച്ചതിന് ഒരു ടീനേജ്കാരിയെ വെടിവെച്ചിട്ട താലിബാനിസത്തിനെതിരെ നമ്മള് നിശ്ശബ്ദരാവുന്നു. ഒരു സിനിമയില്‍ എന്തോ പരാമര്‍ശമുണ്ടെന്നതിന്റെ പേരില്‍ കലാപവും കവിതയും ചര്‍ച്ചാ സായാഹ്നവും സംഘടിപ്പിച്ച നാം എന്തേ മലാല യൂസഫ് എന്ന പന്ത്രണ്ടുകാരിയുടെ ദാരുണാനുഭവങ്ങളെ നിസ്സംഗതയുടെ പുതപ്പിട്ടുമൂടി? ഉത്തരം ഏറെ ലളിതമാണെന്ന് നമുക്കറിയാം. ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുതപ്പിന്റെ സുഷിരങ്ങളിലൂടെ നോക്കി ആശ്വാസപ്പെട്ട് സുഖനിദ്രയിലാണ്. പ്രതികരണത്തിലെ പക്ഷപാതത്തെ ചൂണ്ടിക്കാണിച്ച് കലാകൗമുദി (ഒക്ടോ. 28)യില്‍ ഹമീദ് ചേണ്ടമംഗലൂരുമായി ദിപിന് മാനന്തവാടി നടത്തുന്ന അഭിമുഖം ശ്രദ്ധേയം. തന്നാലാവുന്നത് എപ്പോഴുമെന്നപോലെ ഹമീദ് ചെയ്യുന്നു. മലയാളി മലാലയെ കണ്ടില്ലേ? എന്നാണ് തലക്കെട്ട്. കണ്ടു, നല്ലവണ്ണം കണ്ടു. ആയതിനാല്‍ ഞങ്ങള്‍ അടയിരിക്കുന്നു എന്നേ പറയാനാവൂ. വെടിയുണ്ടകള്‍ക്ക് മുന്നിലൊരു ശലഭം എന്ന തലക്കെട്ടില്‍ മലാലയുടെ ജീവിത കഥയും കലാകൗമുദി ഇതള്‍വിടര്‍ത്തുന്നു.
ബൈജുഭാസ്ക്കറിന്റേതാണ് രചന. ജന. 3ല്‍ തുടങ്ങി ഫെബ്രു. 19ല്‍ അവസാനിക്കുന്ന അവളുടെ ഡയറിക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്. പീഡന പര്‍വങ്ങളുടെ പിന്നാലെ പായുന്ന സര്‍വമാധ്യമങ്ങളും ഇക്കാര്യത്തില്‍ സുഖസുന്ദരമായ മൗനം പാലിച്ചതില്‍ സന്തോഷിക്കുക!
ഇനി എം.കെ. ഹരികുമാറിന്റെ അക്ഷരജാലകത്തിലേക്ക്. (ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുന്നേ സൂചിപ്പിച്ച കവിതകളും താഴെക്കുറിക്കുന്ന വരികളും തമ്മില്‍ ഒരു ബന്ധവുമില്ല. വല്ലവര്‍ക്കും അങ്ങനെ തോന്നുന്നുവെങ്കില്‍ യാദൃച്ഛികം എന്നേ പറഞ്ഞു കൂടൂ. കാരണം ഇതു വായിച്ചിട്ടല്ല ഹരികുമാര്‍ എഴുതിയത്. മുന്‍കൂര്‍ ജാമ്യം സമാപ്തം) ഇന്ന് മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം മലിനജലമൊഴുക്കുന്നത് കുറെ കവികളാണ്. ഒന്നും വായിക്കാത്ത കുറേപ്പേര്. ഒരു വികാരവും ജനിപ്പിക്കാത്ത വരണ്ടവരികള് എഴുതിത്തള്ളുകയാണ്. മനസ്സില്‍ തോന്നുന്ന തരം കാര്യങ്ങളെല്ലാം കവിതയായി ഇവര്‍ സ്വയം പ്രഖ്യാപിക്കുകയാണ്. കവിത എഴുതാത്ത ഉമ്മന്‍ചാണ്ടിയോട് ബഹുമാനം തോന്നുന്നു. സകലരും കവിത എഴുതുമ്പോള്‍ ഇതില്‍ നിന്ന് മാറി നില്ക്കുന്നുണ്ടല്ലോ. ആര്‍ജവത്തെ ചില്ലുകൂട്ടിലിട്ടാലും ഇരുമ്പുപെട്ടിയിലടച്ചാലും അതിന്റെ ചൂടും ചൂരും ഇല്ലാതാക്കാനാവില്ല. ആയതിനാല്‍ എം.കെ. ഹരികുമാറിന് വന്ദനം, ശതശത വന്ദനം.
തൊട്ടുകൂട്ടാന്‍
കൂരകള്‍ സ്വന്തം ശവക്കുഴികളാക്കി
ഇതിലേക്കിറങ്ങിപ്പോയവര്‍
ഇന്നു കേള്‍പ്പതു നെഞ്ചില്‍
തിത്തിരിക്കിളിപ്പാട്ടല്ല
ക്വാറി ക്രഷര്‍ യന്ത്രത്തിന്
ഇരമ്പങ്ങള്‍…..
-ദേശമംഗലം രാമകൃഷ്ണന്
കവിത: വളര്‍ത്തുകാട്
മാധ്യമം ആഴ്ചപ്പതിപ്പ് (ഒക്ടോ.29)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: