ട്രിപ്പോളി: ഗദ്ദാഫിയുടെ വധത്തിനുശേഷം വിമത സേന നടത്തിയ കൂടുതല്‍ കൂട്ടക്കൊലകളുടെ വിവരങ്ങള്‍ മനുഷ്യാവകാശ സംഘടന പുറത്തുവിട്ടു. ജന്മനഗരമായ സിര്‍ത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് വിമത ലിബിയന്‍ സൈന്യം ഗദ്ദാഫിയെ പിടികൂടി വധിച്ചത്. ഗദ്ദാഫിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന 66പേരെ ബന്ദികളാക്കിയ ശേഷം നടത്തിയ ക്രൂരമര്ദ്ദത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിമത സൈന്യം തന്നെ പകര്ത്തിയവയാണിത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ലിബിയന്‍ മുന്‍ ഏകാധിപതിയുടെ പുത്രന് മുത്താസിം ഗദ്ദാഫിയും ഉള്‍പ്പെടും.
ഗദ്ദാഫിയെ പിടികൂടുന്നതിന്റെയും വധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നെങ്കിലും ലിബിയന്‍ അധികൃതരുടെ വാദം ഗദ്ദാഫി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്. മനുഷ്യാവകാശ സംഘടനയുടെ തലവന്‍ പീറ്റര്‍ ബൂക്കര്ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൂട്ടക്കൊലകളുടെ വിവരങ്ങള്‍.
സിര്‍ത്തിലെ മഹറി ഹോട്ടലിന്റെ പരിസരത്താണ് 66 ഗദ്ദാഫി അനുകൂലികളുടെ വെടിയേറ്റനിലയിലുള്ള മൃതശരീരങ്ങള്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ ആളുകളുടെ കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. ഹോട്ടലിലെ ഭിത്തിയില്‍ മിസ്റാത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിമത സൈന്യത്തിന്റെ യൂണിറ്റ് വിവരങ്ങളും പെയിന്റ് ചെയ്തിരുന്നു. ലിബിയന്‍ ഏകാധിപതിയുടെ സൈന്യവും വിമതവിഭാഗവും തമ്മില്‍ എട്ട് മാസം നീണ്ടുനിന്ന രൂക്ഷപോരാട്ടങ്ങളില്‍ വന്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് ലിബിയയില്‍ അരങ്ങേറിയത്. ഗദ്ദാഫി വിരുദ്ധ സേന നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
എന്നാല്‍ കൂട്ടക്കൊലകളിന്മേല് അന്വേഷണത്തിന് ശ്രമിക്കാതെ ദേശിയ പരിവര്‍ത്തന സമിതിക്കു കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍ കൊലപാതകം നടന്ന സ്ഥലങ്ങള്‍ ശുചീകരിക്കുകയും വെടിയുണ്ടകളും വധിക്കപ്പെട്ടവരുടെ കൈകള്‍ ബന്ധിച്ചിരുന്ന പ്ലാസ്റ്റിക്ക് വള്ളികള്‍ ഉള്‍പ്പെടെ നീക്കം ചെയ്തിരുന്നു.
ഒരു രാജ്യം ഭരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് തങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞ ഗദ്ദാഫിവിരുദ്ധ സേനയോട് അനുഭാവമുള്ള ഇടക്കാല സര്‍ക്കാര്‍ ഗദ്ദാഫി കൊല്ലപ്പെട്ടത് ഗദ്ദാഫി അനുകൂലികളുടെ തോക്കില്‍ നിന്ന് വെടിയേറ്റാകാമെന്നും അഭിപ്രായപ്പെടുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴും രാജ്യത്തന്റെ പല ഭാഗങ്ങളിലും സായുധ വിഭാഗങ്ങള്‍ സമാന്തര ഭരണം നടത്തുന്നു. വിമത വിഭാഗങ്ങളെ വിചാരണനടത്തിയും അല്ലാതെയും തടവിലിടുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: