ന്യൂദല്‍ഹി: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേര 12 ഓളം കമ്പനികളുടെ ഡയറക്ടറാണെന്നും ഇവയില്‍ ആറ് കമ്പനികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും പുതിയ റിപ്പോര്‍ട്ട്. വധേരയുടെ നേതൃത്വത്തിലുള്ള കമ്പനിയും മംഗലാപുരം ആസ്ഥാനമായ ദേശീയ ബാങ്കും തമ്മില്‍ അവിശുദ്ധ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വധേരയുടെ നിയന്ത്രണത്തിലുള്ള മൂന്ന് കമ്പനികള്‍ക്ക് ദേശീയ ബാങ്കായ കോര്പ്പറേഷന് ബാങ്കില്‍ ഇപ്പോഴും അക്കൗണ്ടുണ്ടെന്നും പണമിടപാടുകള്‍ നടക്കുന്നുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് രണ്ട് കമ്പനികള്‍ക്ക് ഏത് ബാങ്കിലാണ് അക്കൗണ്ട് ഉള്ളതെന്ന് വ്യക്തമാകുന്നില്ല. എന്നാല്‍ കോര്പ്പറേഷന് ബാങ്കിന്റെ ഇതേ ബ്രാഞ്ചില്‍ അക്കൗണ്ട് ഉണ്ടാകാനാണ് സാധ്യതയെന്നും രേഖകളില്‍ ഇത് വ്യക്തമാക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ വധേര നടത്തുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് പുറമെയാണ് 12 ഓളം കമ്പനികള്‍ തുടങ്ങാനിരിക്കുന്നത്. ആറെണ്ണം ഈ വര്‍ഷം ആരംഭിക്കും. കേന്ദ്ര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കമ്പനിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. കമ്പനിയുടെ ഡയറക്ടറെക്കുറിച്ചോ ഓഡിറ്ററെക്കുറിച്ചോ ബാലന്സ്ഷീറ്റിനെക്കുറിച്ചോ രേഖപ്പെടുത്തിയിട്ടില്ല.
വധേരയുടെ നേതൃത്വത്തിലുള്ള ബ്രീസ്, സ്കൈലൈറ്റ് റിയാലിറ്റി, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നിവക്ക് കോര്പ്പറേഷന് ബാങ്കില്‍ ഇപ്പോഴും അക്കൗണ്ട് ഉണ്ട്.
2007-2008 കാലയളവില്‍ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.94 കോടിയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അനധികൃതമായി നടത്തിയ ഇടപാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാങ്ക് പാടെ നിഷേധിക്കുകയായിരുന്നു. വധേരയുടെ കീഴിലുള്ള കമ്പനിയും ബാങ്കുകളും അനധികൃതമായാണ് പണമിടപാട് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫും വധേരയും തമ്മില്‍ നടത്തിയ ഇടപാടില്‍ കോടിക്കണക്കിന് രൂപ വധേര അനധികൃതമായി സ്വന്തമാക്കിയെന്ന് വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഡിഎല്‍എഫുമായി അവിശുദ്ധ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡിഎല്‍എഫുമായി വധേര 446 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: