പണമാണ് പ്രശ്നം. അത് ഉണ്ടാക്കാനും ബുദ്ധിമുട്ടാണ്, ചിലര്‍ക്ക് ചെലവഴിക്കാനും. പണത്തിനു മീതെ ഏതോ ഒരു വിദ്വാന് പറക്കാറില്ലെന്നും പറയാറുണ്ട്. ചിലര്‍ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, എല്ല് വെള്ളമാക്കി മേപ്പടി സാധനം ഉണ്ടാക്കും. മറ്റു ചിലര്‍ അങ്ങനെ പണിയൊന്നും എടുക്കാറില്ല. ആരെങ്കിലും വേണ്ടപ്പെട്ടവര്‍ പണിയെടുക്കും. എന്നുവെച്ചാല്‍ വിയര്‍ക്കും. അതിന്റെ ഓഹരിചുളുവില് അടിച്ചെടുക്കും. ചിലപ്പോള്‍ അറിയാതെ അക്കൗണ്ടിലേക്ക് ഒഴുകിനിറയും. അതിനൊക്കെ ഭാഗ്യം ചെയ്യണം. ചുമ്മാഭാഗ്യമല്ല പരമഭാഗ്യം. അത്തരം ഭാഗ്യം ചെയ്ത പുമാന്മാരുടെ കൂട്ടത്തിലേക്കിതാ സോണിയാമെയ്നോയുടെ പ്രിയപ്പെട്ട പുത്രിയുടെ പ്രിയ കണവന് സ്വര്ണച്ചെരിപ്പിട്ട് പ്രവേശിക്കുന്നു; കൊടുക്കിന്‍ കൈ.
കുറ്റംപറയുന്നതിനും ഒരതിര് വേണമല്ലോ. സോണിയയോ അവരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ, മരുമോന് റോബര്‍ട്ട് വദ്രയ്ക്ക് വേണ്ടി നേരിട്ട് ശുപാര്‍ശ നടത്തിയിട്ടില്ല. (കേജ്രിവാളിന്റെ കൈയില്‍ മേപ്പടി സംഗതിക്ക് തെളിവുണ്ടോ എന്ന് നിശ്ചയമില്ല) ചിലര്‍ക്ക് കൈവരുന്ന മഹാഭാഗ്യമായി മാത്രമേ ഇതിനെ കണക്കാക്കിക്കൂടൂ. തിര്വന്തോരത്തെ ഒരു പുമാന് വിയര്‍പ്പോഹരിയായി ചിലത് കിട്ടിയെന്ന് പുക്കാര്ത്തുണ്ടാക്കിയതിനെത്തുടര്ന്ന് മന്ത്രിപ്പണി ഉപേക്ഷിക്കേണ്ടിവന്ന രാജ്യമാണ് നമ്മുടേത്. അങ്ങിനെയിരിക്കും കാലത്തിങ്കല്‍ നെഹ്റുപാരമ്പര്യത്തിന്റെ (അത് കോണ്‍ഗ്രസ് എന്നും ചില കൂട്ടര്) ഇങ്ങേയറ്റത്തെ കുട്ടിത്തമ്പ്രാന് ഏടാകൂടത്തിന് ഇറങ്ങിപ്പുറപ്പെടുമോ? നമ്മുടെ പ്രദേശിക കാര്യം നോക്കുക. ഒരു എസ്ഐ, സിഐ, പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍ ഇത്യാദിമഹാന്മാരുടെ മക്കള്‍ക്ക് മേപ്പടി വിദ്വാന്മാര് ശുപാര്ശിക്കാതെതന്നെ എന്തെന്തൊക്കെ കിട്ടുന്നു. അന്നേരത്താണ് ഇക്കാണായ മഹാരാജ്യത്തെ നയിച്ചു കൊണ്ടുപോകുന്ന മഹിളാമണിയുടെ (സര്‍ദാര്‍ജിയെ വിട്ടേക്കൂന്ന്) മരുമകന് ചില ചില്ലറ തടഞ്ഞത്.
ഒന്നിനും കേജ്രിവാളും സംഘവും സമ്മതിക്കുന്നില്ലെന്ന് വെച്ചാല്‍ എന്തുചെയ്യും. അത്യാവശ്യം വ്യവസായം നന്നായിക്കോട്ടേന്ന് വെച്ചാണ് വദ്രയും സംഘവും ചെറിയചെറിയ ഭൂമികച്ചോടോം മറ്റു ചെയ്യുന്നത്. ദയവു ചെയ്ത് നാട്ടുകാരേ, മഹാജനങ്ങളേ അദ്യം വിയര്പ്പോഹരിവാങ്ങിക്കൊള്ളട്ടെ. നമുക്കെന്ത്കാര്യം. നമുക്കിങ്ങനെ മാസം കൂടുമ്പോള്‍ ഗ്യാസ് കുറ്റിക്ക് 30 ഉം 40 ഉം ഉറുപ്യവെച്ച് കൂട്ടിക്കൊടുക്കാം. എന്തൊക്കെ പറഞ്ഞാലും എല്ലാവര്ക്കും കോടീശ്വരന്മാരും ലക്ഷാധിപതിമാരും ആവാന്‍ കഴിയില്ല. പക്ഷേ, അവസരം ഒരുക്കിക്കൊടുക്കാനാവും. നമുക്കും പറയാമല്ലോ അച്ചങ്ങായിയുടെ കൊട്ടാരത്തിന് ഞാനും കൊടുത്തിട്ടുണ്ട് അഞ്ചുറുപ്യ എന്ന്. അതും അഭിമാനിക്കാവുന്നത് തന്നെയല്ലേ. നമ്മുടെ രാജ്യത്തെ കോടീശ്വരന്മാരുടെ കൂട്ടത്തില്‍ നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്റെ പേരില്ലാതെ പോവുന്നത് നമുക്ക് നാണക്കേടല്ലേ? അത്തരം നാണക്കേടുകള്‍ മാറ്റിയെങ്കിലേ നമുക്ക് മുന്നേറാനാകൂ. സോണിയാമ്മായിയെകിട്ടിയ വദ്രയുടെ ജന്മം സഫലമാകട്ടെ. എല്ലാ അമ്മായിമാരും മരുമോന്മാര്ക്കായാണ് അപ്പംചുടുന്നതെന്നാണല്ലോ പ്രമാണം. അത് ഇക്കാര്യത്തിലും നടക്കട്ടെ.
അതിനെക്കുറിച്ച് കേരളകൗമുദിയിലെ സുജിത്തിനും (ഒക്ടോ.7) ഒരു അഭിപ്രായമുണ്ട്. നിങ്ങള്‍ക്കുള്ള എതിരഭിപ്രായം അദ്ദേഹത്തെ അറിയിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. ആസ്വദിക്കുക, വേണ്ടുവോളം. അപ്പങ്ങള്‍ ചുട്ട്ചുട്ട് കച്ചോടം പൊട്ടിയാല്‍ എന്തു ചെയ്യും എന്ന് മാത്രം ചോദിക്കരുത് പ്ലീസ്.
ഒരു നാട് നിലവിളിച്ചാല്‍ എന്തു ചെയ്യും? പരിഹാരങ്ങള്‍ പലതുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്ക് നിലവിളികേള്ക്കാതിരിക്കാം, അതാസ്വദിക്കാം; എന്നെന്നേക്കുമായി നിലവിളിനിശ്ശബ്ദമാക്കാം. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമം നിലവിളിയുടെ ഗ്രാമമാണ്. പ്രതീക്ഷകളുടെ പൂക്കാലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത നിസ്സഹായരുടെ നാട്. രാഷ്ട്രീയ- ഉദ്യോഗസ്ഥ- ഭരണകൂടങ്ങളുടെ മുമ്പില്‍ ആ ഗ്രാമത്തിന്റെ കണ്ണീരിന് വിലയില്ലതന്നെ. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ കുരുങ്ങിപ്പിടയുന്ന നിലവിളി ഇങ്ങനെ അനേകം ഗ്രാമങ്ങളില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുന്നുണ്ട്. അതിനെക്കുറിച്ചാണ് മാധ്യമം ആഴ്ചപ്പതിപ്പ് (ഒക്ടോ. 15) പറയുന്നത്. ഒരു നാട് നിലവിളിക്കുന്നു എന്ന തലക്കെട്ടില്‍ എട്ടുപേജുവരുന്ന നിലവിളി തയാറാക്കിയത് അമിയമീത്തല് ആണ്. ആ നിലവിളിയുടെ വേദനയത്രയും ഒപ്പിയെടുത്തിരിക്കുന്നതാവട്ടെ ബൈജു കൊടുവള്ളിയും. കാസര്‍കോട് ടൗണില്‍നിന്ന് മംഗലാപുരം ഭാഗത്തേക്ക് കഷ്ടിച്ച് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഈ ചെറിയപഞ്ചായത്ത് പക്ഷേ, എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തായി ഭരണകൂടം കരുതിയിട്ടില്ല. എന്നുവെച്ചാല്‍ ദുരിതം അളക്കുന്ന ഭരണകൂട അളവുകോലിനും പുറത്താണ് നിലവിളിയുടെ ഈ ഗ്രാമം. വേദനയുടെ ഒരു സാമ്പിള്കണ്ടാലും: വിവരിക്കാന്‍ കഴിയാത്തത്, ബുദ്ധിയുറയ്ക്കാത്ത, എന്നാല്‍ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കേണ്ട അമ്മമാരുടെ അവസ്ഥയാണ്.
ഉറക്കമൊഴിച്ച് കണ്ണിന് തടങ്ങള്‍ കറുത്തുവീര്‍ത്ത അവരുടെ മുഖങ്ങളില്‍ രക്തയോട്ടം നിലച്ചിരിക്കുന്നു. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും… അടുത്ത ബന്ധുവിന്റെ കല്യാണം പോലും അവരെ സ്പര്‍ശിക്കാതായി. പ്രായപൂര്‍ത്തിയായ ബുദ്ധിമാന്ദ്യമുള്ള മക്കള്‍ മറ്റുള്ളവരോട് മറയില്ലാതെ പ്രകടിപ്പിക്കുന്ന ലൈംഗിക ചേഷ്ടകളെ എങ്ങനെ നേരിടണമെന്ന് അവര്‍ക്കറിയില്ല. മരുമോന്മാര്ക്ക് അപ്പം ചുട്ടുകൊടുക്കുന്ന അമ്മായിമാര്‍ക്ക് ഇതിനെക്കുറിച്ചെന്ത്പറയാനുണ്ടാവും? ഇവരുടെ വേദന അറിയാന്‍ എന്ത് മാനദണ്ഡമാണ് ഇനി ഭരണകൂടം നിഷ്കര്‍ഷിക്കുക? അജണ്ടാധിഷ്ഠിത ഇടപെടലുകളുടെ മുഖമുള്ള മാധ്യമം ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മാനവികതയുടേതാണ്. മനുഷ്യാവകാശമെന്ന മേലൊപ്പിനുതാഴെയാണ് ലേഖനം കൊടുത്തിരിക്കുന്നത്. പരമ്പരാഗത മനുഷ്യാവകാശ സംഘടനക്കാര്ക്ക് ഇക്കാര്യത്തില്‍ ഒരുപാടുചെയ്യാനുണ്ട്. ഒരു സംഘടനയിലുംപെടാത്ത മനുഷ്യര്‍ക്കും.
സങ്കടപ്പെരുമഴ ഒരുഭാഗത്ത് പെയ്തുതിമിര്ക്കുമ്പോള് മറ്റൊരിടത്ത് ആഹ്ലാദനിലാവ് പരക്കുന്നുണ്ട്. മാധ്യമത്തില്‍ എം. മുകുന്ദന്റെ നോവലെറ്റ് ആരംഭിച്ചിരിക്കുന്നു. പേര്: കല്ലിങ്ങള്‍ കടവും കേളുവേട്ടന് പാലവും. പേരില്‍ത്തന്നെ ഒരു മാഹിച്ചുവ. വായനയുടെ വസന്തകാലം സമ്മാനിക്കാതിരിക്കുമോ മുകുന്ദന്?
രണ്ടു മലയാളികള്‍ ഇന്ത്യയെകണ്ടെത്തുമ്പോള് എന്തൊക്കെ സംഭവിക്കും.അതിനെക്കുറിച്ച് കവര്‍ക്കഥതന്നെ രചിച്ചിരിക്കുന്നു മലയാളം വാരിക. അവരുടെ ഒക്ടോ 12 ന്റെ ലക്കത്തില്‍ പ്രകാശ് കാരാട്ടിന്റെയും പി.വി. രാജഗോപാലിന്റെയും പ്രവര്‍ത്തന മേഖലകളെക്കുറിച്ച് അവലോകനം ചെയ്യുന്നു. ഇരുവരെക്കുറിച്ചുമുള്ള പൊതുവെണ്ടക്ക (ഇന്‍ട്രോ എന്ന് ആംഗലം) യില്‍ ഇങ്ങനെ കാണാം: ചട്ടപ്പടി സമരങ്ങളുടെയും പ്രത്യയ ശാസ്ത്ര വിശദീകരണങ്ങളുടെയും ലോകത്താണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തില്ലങ്കേരിയുടെ വിപ്ലവമണ്ണില്‍ നിന്ന് ഉത്തരേന്ത്യയിലെത്തിയ ഗാന്ധിയനായ പി.വി.രാജഗോപാല്‍ ഭൂപരിഷ്കരണത്തിനായി ലക്ഷങ്ങളെ നയിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ഇരുവരുടേതും മാര്ച്ചുതന്നെയാണ്. എന്നാല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിസത്തിന്റെ വികൃതമുഖമല്ല കോമണ്കമ്മ്യൂണിസത്തിന്റെ മനുഷ്യപ്പറ്റാണ് വേണ്ടതെന്നും അതാവും രാജഗോപാലിനോട് ജനങ്ങള്‍ക്കുള്ള താല്പര്യമെന്നും പറയാതെ പറഞ്ഞു പോകുന്നു മലയാളം. വായിക്കുക,വിശകലനിക്കുക.
ഒസ്മാനിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ബീഫ് ഫെസ്റ്റിവലിന്റെ ഉള്ളറകളില്‍ എന്താണു സംഭവിക്കുന്നതെന്ന് പറയുന്ന ഒരു ലേഖനമുണ്ട്. വാസ്തവത്തില്‍ ബന്ധപ്പെട്ടവരെ കണ്ണു തുറപ്പിക്കുന്നതാണത്. മാട്ടിറച്ചിയാണ് ഇന്ത്യയിലെ ദളിതരുടെ ഔദ്യോഗിക ഭക്ഷണമെന്നും അത് കഴിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ജാതിസമരം നടത്തേണ്ടതെന്നും പ്രഖ്യാപിച്ചുകൊണ്ടാണത്രേ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാട്ടിറച്ചിമേള നടത്തിയത്. ബീഫ് ഫെസ്റ്റിവല്‍ എന്നാണ് സോകോള്‍ഡ് പ്രചാരകര്‍ ഇതിന് നല്കിയ ഓമനപ്പേര്! അതിന്റെ രാഷ്ട്രീയമാണ് ദിവ്യദിവാകരന്‍ പൊളിച്ചടുക്കുന്നത്. തലക്കെട്ട് ഇങ്ങനെ: ബീഫ് ഫെസ്റ്റിവലും ദളിത് സമരവും. ഹിന്ദുത്വത്തോടും സവര്ണസംഘടനകളോടുമുള്ള ഇവരുടെ പകപോക്കല്‍ കൂടിയാണ് ബീഫ് ഫെസ്റ്റിവല്‍.
ഹിന്ദുമതം പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ട് പശുക്കളെയും കാളകളെയും വെട്ടിക്കൊന്നു ഹൈന്ദവതയെ തോല്‍പ്പിക്കാമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മനുഷ്യരുടെ ലോകത്ത്, ഹിന്ദുവും മുസ്ലിമും ദളിതനും സവര്‍ണ നും ഒക്കെ ഉണ്ടായിപ്പോയതിനു പാവം പശു എന്തു പിഴച്ചു സുഹൃത്തുക്കളേ… ആ മിണ്ടാപ്രാണിയുടെ ലോകത്ത് ഇതൊന്നുമില്ല. അതിനെ ഒരു വിഭാഗം മനുഷ്യര്‍ ആരാധിക്കുന്ന കാര്യമൊന്നും അതിനറിയില്ല എന്ന് ദിവ്യപറയുന്നു. ഇതില്‍ മറ്റു പലതും അടങ്ങിയിട്ടുണ്ട്. ഒരു സംസ്കാരത്തെ തച്ചുതകര്ക്കാന് എന്തും ആയുധമാക്കാം എന്നുകരുതുന്ന ശക്തികള്‍ സജീവമായ കാലമാണിത്. അതിന്റെ ഭീകരമുഖത്ത് തല്ക്കാലം ഭീകരത ദര്‍ശിക്കാനാവില്ലെങ്കിലും പോകെപ്പോകെ അതൊക്കെ രുചിക്കാനാവും. തങ്ങളുടെ നേരെയല്ലല്ലോ ഇതെന്ന് ഇപ്പോള്‍ സമാധാനിക്കുന്നവരുടെ പടിക്കലും ഭീഷണിയെത്തും. അപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടാവില്ല എന്ന സത്യം തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും ഈ ലേഖനം സഹായകമാവും. നിശ്ചയമായും കാത്തിരുന്നോളൂ. ഇതിനെ മുച്ചൂടും തകര്‍ക്കുന്ന പ്രതികരണങ്ങളാല്‍ ഇനിയുള്ള മലയാളം വാരികയുടെ ലക്കങ്ങള്‍ സമൃദ്ധമാവും.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: