പൊണ്ണത്തടി കുറയ്ക്കുവാനുള്ള പരക്കം പാച്ചിലിലാണ് ലോകം. എന്ത് ത്യാഗം സഹിച്ചും തടിയും കുടവയറും കുറയ്ക്കാന്‍ ജനംതയ്യാര്. ഓടിയും ചാടിയും തലകുത്തിനിന്ന് കസര്‍ത്ത് കാണിച്ചും വെറുതെ പട്ടിണികിടന്നും അവരതിന് ശ്രമിക്കുന്നു. പക്ഷെ പൊണ്ണത്തടി മാത്രം കുറയുന്നില്ല. എന്നുമാത്രമല്ല, പൊണ്ണന്മാരുടെ വണ്ണവും എണ്ണവും കൂടുകയും ചെയ്യുന്നു. ഇതെന്താ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?
തടി കൂടാന്‍ കാരണം ആര്‍ത്തിയും അമിതാഹാരവുമാണെന്ന് വിദഗ്ദ്ധര്‍ പറയും. ‘ജങ്ക് ഫുഡ്’ എന്നു വിളിക്കുന്ന ചീത്ത ഭക്ഷണമാണ് തടിയിലെ വില്ലന്‍ എന്ന് മറ്റ് ചിലര്‍. മേലനങ്ങാത്ത മനുഷ്യസ്വഭാവമാണ് കാരണമെന്ന് മൂന്നാമതൊരു കൂട്ടര്. പക്ഷെ അതൊക്കെ ഒഴിവാക്കിയിട്ടും തടി കുറയുന്നില്ലെങ്കിലോ? കുഴപ്പം മേറ്റ്വിടെയെങ്കിലുമാണെന്ന് കരുതേണ്ടി വരും. ഇതുവരെ മുങ്ങി നടന്ന ആ ഭീകരനാണ് ‘ഒബിസോജന്’. ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ ‘പൊണ്ണത്തടി ദായകന്’.
ഇംഗ്ലണ്ടിലെ വനിതാ ഡോക്ടര്‍ ആയ പൗള ബി.ഹാമില്ട്ടന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളില്നിന്നാണ് ഒബിസോജനുകളെ തേടിയുള്ള യാത്ര ആരംഭിക്കുന്നത്. പ്രസവശേഷം പണി പതിനെട്ടും പയറ്റിയിട്ടും തടി കുറയ്ക്കാനാവാതെ വന്നപ്പോഴാണ് പൗള തന്റെ നിരീക്ഷണം ആരംഭിച്ചത്. പിന്നെ ശാസ്ത്രലോകം അത് ഏറ്റെടുത്തു. അങ്ങനെ രാസവിഷങ്ങള്‍, കീടനാശിനികള്‍, വാഹനപുക, പ്ലാസ്റ്റിക് കുപ്പിയുടെ ഘടകങ്ങള്‍ തുടങ്ങിയവയുടെ പങ്ക് പുറത്തുവന്നു. ഒബിസോജനുകളുടെ പട്ടികയിലേക്ക് അവയെ ഉള്‍പ്പെടുത്തി. തുടര്‍ന്നു നടന്ന നിരീക്ഷണപരീക്ഷണങ്ങള്‍ കൂടുതല്‍ ഒബിസോജനുകളെ പുറത്തുകൊണ്ടുവന്നു. അകത്ത് ചെന്നാല്‍ പൊണ്ണത്തടി കൂട്ടുകയും ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങളെപ്പോലും പൊണ്ണന്മാരാക്കാന് കരുത്തുള്ളവര്‍.
ഇനി ഈ കരിമ്പട്ടികയിലെ വില്ലന്മാരെ അറിയുക. പാല്‍പ്പൊടി അടക്കമുള്ള ശിശുപോഷണ വസ്തുക്കളില്‍ ചേര്‍ക്കുന്ന ജനിസ്റ്റിന്; പ്ലാസ്റ്റിക് നിര്‍മിക്കുമ്പോഴും മാലിന്യം കത്തുമ്പോഴും പുറത്തുചാടുന്ന ഡയോക്സിന്‍; ഭൂഗര്‍ഭ ജലത്തിലൂടെ ശരീരത്തില്‍ നുഴഞ്ഞുകയറുന്ന ആഴ്സനിക്; ഈസ്ട്രജന് പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന മാരകമായ ഡിഡിറ്റി; വെള്ളത്തിലൂടെ ഭക്ഷ്യശൃംഖലയില്‍ കടക്കുന്ന ഡൈക്ലോറോഫിനോള്‍: ഇന്‍സുലിന്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന ഫ്രൂക്ടോസ് കല്‍ക്കരിയിലും സിഗററ്റ് പുകയിലുമൊക്കെ നിറഞ്ഞുനില്ക്കുന്ന പോളിസൈക്ക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്ബണുകള്; മാരകവിഷമായ നിക്കോട്ടിന്; ഭക്ഷണങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്രിസര്‍വേറ്റീവ് ആയ ബ്യൂട്ടൈയ്ന് പാരാബെല്; ആഹാരത്തിന് രുചി പകരാന്‍ ഹോട്ടലുടമകള്‍ പ്രയോഗിക്കുന്ന സൂത്രവാക്യമായ അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടാമൈറ്റ്); മനോരോഗ ചികിത്സയില്‍ ഷിസോഫ്രീനിയ്ക്ക് ഉപയോഗിക്കുന്ന ക്ലോസാപൈന്‍; ജലവിതരണക്കുഴലുകളില്‍ പതുങ്ങിയിരിക്കുന്ന ഓര്ഗനോഡിന്-ഇങ്ങനെ അവയുടെ പട്ടിക നീളുന്നു. പകര്‍ച്ചവ്യാധികളല്ലാത്ത മഹാരോഗങ്ങളായ ഹൃദ്രോഗം, ഹൃദയസ്തംഭനം, സന്ധിവാതം, പ്രമേഹം, ക്യാന്‍സര്‍, അതിരക്തസമ്മര്‍ദ്ദം, ലഘുരക്തസമ്മര്ദ്ദം, തൈറോയിഡ് രോഗം എന്നിവ ഉണ്ടാക്കാനും ഇവ കാരണമാകും. പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒബിസോജനുകള് എല്ലായിടത്തും ഉണ്ട്. ജലക്കുഴലിലും ശീതളപാനീയ പാത്രത്തിലും കാര്‍പ്പറ്റിലും കറന്‍സി നോട്ടിലും എല്ലാം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1980 നും 2008 നും ഇടയില്‍ ആഗോള തലത്തില്‍ പൊണ്ണത്തടിയന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവത്രെ. പക്ഷെ പൊണ്ണത്തടിയുടെ ‘തട്ടത്തിന് മറയത്തെ’ കാരണങ്ങളെക്കുറിച്ച് വളരെ കുറച്ച് ഗവേഷണങ്ങളെ നടത്തിയിട്ടുള്ളൂ. കൊളംബിയ സര്‍വകലാശാല ന്യൂയോര്‍ക്ക് നഗരത്തിലെ ഗര്‍ഭിണികളായ അമ്മമാരില്‍ നടത്തിയ പഠനം അവയില്‍ ഒന്ന്. വാഹനപുകയും വ്യാവസായിക മാലിന്യങ്ങളും അനുഭവിക്കേണ്ടിവന്ന അവരുടെ രക്തത്തില്‍ ‘പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണു’കളുടെ അംശം വളരെ കൂടുതല്‍. ഇത്തരക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുട്ടികളെക്കാള്‍ ഇരട്ടിവണ്ണം ഉണ്ടാവാനാണ് സാധ്യത. ആറിനും 19 നും മധ്യേ പ്രായമുള്ള കുട്ടികളില്‍ അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ സര്‍വേ കണ്ടെത്തിയത്. ‘2,5-ഡൈക്ലോറോഫിനോള്‍’ എന്ന വിഷത്തിന്റെ സാന്നിദ്ധ്യം. പാറ്റാഗുളിക മുതല്‍ ബാത്റൂം സാമഗ്രികളുടെ നിര്‍മാണത്തില്‍വരെ ഉപയോഗപ്പെടുത്തുന്ന ഇതിന്റെ സാന്നിദ്ധ്യത്തിന് ആനുപാതികമായി പൊണ്ണത്തടി ഉണ്ടാകുമത്രെ. പ്ലാസ്റ്റിക് കുപ്പികളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ബിസ്ഫിനോളും ശരീരത്തില്‍ കടന്നുകൂടാന്‍ ഏറെ സാധ്യത ഉണ്ടെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം പറയുന്നു. അതും പൊണ്ണത്തടി കൂട്ടുന്നതില്‍ സഹായിക്കും. വിത്ത് കോശങ്ങളെ പോലും വെറുതെ വിടില്ലത്രെ.
ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സ്ത്രീകളിലാണ്. സ്ത്രീകള്‍ക്ക് 25-31 ശതമാനംവരെ ശരീര കൊഴുപ്പ് ഉള്ളപ്പോള്‍ പുരുഷന്മാര്ക്ക് 18-25 ശതമാനം മാത്രം. അതുകൊണ്ടുതന്നെ കൊഴുപ്പില്‍ അലിഞ്ഞിറങ്ങുന്ന അന്തരീക്ഷ വിഷങ്ങള്‍ കൂടുതലായി സ്ത്രീകളെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ക്ലോസോളിന് തുടങ്ങിയ രാസവിഷങ്ങള്‍ ഹോര്‍മോണിന്റെ താളം തെറ്റിക്കുകയും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യും. അപ്പോള്‍ വളരെ കുറച്ച് കൊഴുപ്പ് മാത്രമേ ഊര്‍ജ്ജാവശ്യത്തിന് വേണ്ടി ശരീരം എടുക്കുകയുള്ളൂ. ഈ അവസ്ഥ പൊണ്ണത്തടിക്കും തുടര്‍ന്ന് പ്രമേഹത്തിനും കാരണമാകും.
ഇനി രസകരമായ ഒരു പരീക്ഷണത്തിന്റെ കാര്യം കൂടി. ‘നോണ്‍സ്റ്റിക്’ പാത്രങ്ങളും ‘തവ’കളുമൊക്കെ നിര്‍മിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത രാസവസ്തുവാണ് പെര്ഫ്യൂറോ ഒക്ടാനോയേറ്റ്. ഡെന്മാര്ക്കുകാരായ 665 സ്ത്രീകളെ തെരഞ്ഞെടുത്ത് പരിശോധിച്ച ആള് അവരുടെ രക്തത്തില്‍ ഈ വിഷാംശം കണ്ടെത്തി. അവരില്‍ ഇരുപത് വര്‍ഷത്തിനുശേഷം നടത്തിയ പരിശോധന ഒരു കാര്യം വ്യക്തമാക്കി. രക്തത്തില്‍ രാസവസ്തു വളരെ കുറച്ച് മാത്രം അടങ്ങിയ അമ്മമാരുടെ മക്കള്‍ക്ക് സാധാരണ വണ്ണം മാത്രം. എന്നാല്‍ കൂടിയ അളവ് വിഷം രക്തത്തില്‍ കലര്‍ന്ന അമ്മമാരുടെ മക്കള്‍ക്ക് മൂന്നിരട്ടി വരെ വണ്ണക്കൂടുതല്‍.
വിഷത്തിന്റെ വാഴ്ചയിലും പൊണ്ണത്തടിയിലും നാം ഇന്ത്യാക്കാരും ഒട്ടും മോശമല്ല. പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങള്‍ ഉണ്ടാക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ഗവേഷണത്തില്‍ വ്യക്തമായതാണത്. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ ആ സര്‍വേയില്‍ തടിയന്മാരുടെ എണ്ണം ഏറുന്നതായി കണ്ടെത്തി. അമിതവണ്ണവും അമിതഭാരവും ഉള്ളവരില്‍ ഒന്നാം സ്ഥാനം നമ്മുടെ കൊച്ചു കേരളംതന്നെ നേടിയെടുക്കുകയും ചെയ്തു. കേരള ജനസംഖ്യയില്‍ കാല്‍ഭാഗവും പൊണ്ണത്തടി ഭീഷണിയിലാണത്രെ. കേരളത്തിന് തൊട്ട് താഴെ തമിഴ്നാടും ആന്ധ്രയും. പക്ഷെ ആ രണ്ട് സംസ്ഥാനങ്ങളിലും പ്രകടമായ ഒരു വ്യത്യാസം ഉണ്ട്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പൊണ്ണത്തടിയന്മാര് തീരെ കുറവാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം വ്യത്യാസമില്ല. നമ്മുടെ നഗരങ്ങളില്‍ 25.7 ശതമാനം പൊണ്ണത്തടി ഭീഷണിയെ നേരിടുമ്പോള്‍ ഗ്രാമങ്ങളില്‍ അത് 21.2 ശതമാനം മാത്രം.
ജപ്പാനിലെ ഗവേഷകര്‍ ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷ വായുവിന്റെ സാംപിളില്‍ ബൈഫിനോള്‍-എ (ബിപിഎ) സാന്നിദ്ധ്യമാണ് കണ്ടെത്തിയതെന്ന് കൂടി അറിയുക. ചൈനയിലും ജപ്പാനിലും കണ്ടെത്തിയതിന്റെ പത്തിരട്ടി വിഷമാണ് മുംബൈയിലും ചെന്നൈയിലും കണ്ടെത്തിയത്. പ്ലാസ്റ്റിക് ഇലക്ട്രോണിക്സ് നിര്‍മാണവും അവയുടെ നശീകരണവുമാണ് ഈ വിഷത്തെ വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്. തടിയന്മാരുടെ രക്തത്തില്‍ മെലിഞ്ഞവരുടേതിനേക്കാള് മൂന്നിരട്ടി വരെ കാര്‍ബണിക മാലിന്യങ്ങള്‍ (പെര്സിസ്റ്റിന്റ് ഓര്‍ഗാനിക് പൊളൂട്ടന്റ്) അടങ്ങിയിട്ടുള്ളതായും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇനി ഇതുവരെ പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം. സംഗതി പ്രശ്നമാണ്. ഒബിസോജനുകളില് നിന്ന് ഒളിക്കാന്‍ ഇടമില്ല. പരമാവധി മലിനീകരണം കുറച്ച് ഒഴിഞ്ഞുമാറാമെന്നു മാത്രം. ഇത്രയും പറഞ്ഞതുകൊണ്ട് ഒബിസോജന് ഇല്ലാത്തതുകൊണ്ടുമാത്രം പൊണ്ണത്തടി പോവുമെന്ന് ആരും ധരിക്കേണ്ട. അതുകൊണ്ട് ഓട്ടവും ചാട്ടവും ആഹാരനിയന്ത്രണവും അങ്ങനെ തന്നെ തുടരട്ടെ.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: