ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സന്നദ്ധ പ്രവര്‍ത്തകയായ സ്കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫ്സായിയെ ആക്രമിച്ചതിന് നിശിതമായി വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ പാക് താലിബാന് ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കും രാജ്യാന്തര മാധ്യമങ്ങള്‍ക്കുമാണ് ഭീഷണി.
പാക് താലിബാന് തലവന്‍ ഹക്കിമുല്ല മെഹ്സൂദ് തന്റെ അനുയായി നദീം അബ്ബാസിനോട് മാധ്യമങ്ങള്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്കുന്ന ഫോണ്‍ സന്ദേശം ലഭിച്ച പാക് ഇന്റലിജന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ് എന്നീ നഗരങ്ങളിലെ മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കാനാണ് നദീം അബ്ബാസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ആക്രമണ വിവരം പുറത്തുവന്ന സാഹചര്യത്തില്‍ പാക് നഗരങ്ങളിലെ മീഡിയാ സ്ഥാപനങ്ങള്‍ക്ക് സുരക്ഷാ ശക്തമാക്കാന്‍ പക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. മലാലയെ ആക്രമിച്ച താലിബാന് നടപടിയ്ക്കെതിരെ രംഗത്ത് വന്ന പാക്കിസ്ഥാനിലെ പ്രമുഖ മത പണ്ഡിതന്മാരോടും ജാഗ്രതയോടെ ഇരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മലാല റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: