ബീജിങ്: ചൈനയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ബോ ഷിലായിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഴിമതി, അതികാര ദുര്‍വിനിയോഗം, അവിഹിത ബന്ധം തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും ഷോക്കിംഗ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷനുമായ ബോയെ പുറത്താക്കിയ വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമായ നിന് ഹുയായ് ആണ് പുറത്തുവിട്ടത്.
പാര്‍ട്ടി പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മറ്റിയുമാണ് ബോയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. നവംബര്‍ എട്ടിന് നടക്കുന്ന നിര്‍ണായക പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തില്‍ അവരോധിക്കുവാനുള്ള ബോയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിനല്കിക്കൊണ്ടാണ് പാര്‍ട്ടിയുടെ സുപ്രധാന തീരുമാനം. ബ്രിട്ടീഷ് ബിസിനസുകാരനായ ഹെയ്വുഡിന് വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഗു കെലായി അറസ്റ്റിലായതോടെ ബോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് നിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു. ഗു കെലായിക്കെതിരായ കേസ് അട്ടിമറിക്കാന്‍ ബോ ന്യായാധിപന്മാരെ സ്വാധീനിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ അറസ്റ്റിലായ ബോയുടെ അനുയായിയും പോലീസ് മേധാവിയുമായിരുന്ന വാന്‍ ലിയുവിന്റെ വെളിപ്പെടുത്തലും അദ്ദേഹത്തിന് തിരിച്ചടിയായി. അധികാര ദുര്‍വിനിയോഗം ചെയ്ത ബോ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കിയതായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള വിശദീകരണക്കുറിപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. ബോയ്ക്കെതിരെയെടുത്ത നടപടി മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാഠമാകണമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: