ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള ഒരു യാത്ര. സങ്കല്പത്തില്തന്നെ ആഹ്ലാദവും അതിലേറെ ആകാംക്ഷയും നിറഞ്ഞതാകുമെന്നതില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാരുകളുടെ മാധ്യമ വിനിമയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്നും 25 പേരാണ് യാത്രതിരിച്ചത്. മഞ്ഞില്‍ തണുത്തുവിറച്ച, പട്ടാളക്കാരേയും പട്ടാളവാഹനങ്ങളും കൊണ്ട് നിറഞ്ഞ പ്രദേശം. വെളുത്തതെങ്കിലും മുഷിഞ്ഞ കൂര്‍ത്തയും പാന്റും ധരിച്ച് നീണ്ട താടിയും തലയില്‍ കെട്ടും കയ്യില്‍ ആയുധവുമുള്ള തീവ്രവാദ യുവാക്കള്‍ കറുത്ത പര്‍ദയില്‍ സൗന്ദര്യം മറച്ച ആകെ മൂടിയ സ്ത്രീരൂപങ്ങള്‍. മോസ്കുകള്‍ കൊണ്ടുനിറഞ്ഞ, മൃഗങ്ങളെ കൊന്നു തൂക്കിയിരിക്കുന്ന അറവുശാലകള്‍ ധാരാളം ഉള്ള ഒരു കാശ്മീര്‍. പുറപ്പെടുമ്പോള്‍ മനസ്സില്‍ കാശ്മീരിനെകുറിച്ചുള്ള ചിത്രം അതായിരുന്നു. യാത്രയിലുടനീളം പട്ടാളം വാഹനവും ഞങ്ങളേയും പരിശോധിക്കും എന്നും സ്ഫോടനങ്ങളും വെടിവെപ്പും കാണേണ്ടിവരുമെന്ന് പ്രതീക്ഷിച്ചു. നീണ്ട ആപ്പിള്‍ത്തോട്ടങ്ങളും വിശാലമായ കുങ്കുമപ്പൂ പാടങ്ങളും ദേവദാരു വൃക്ഷങ്ങളുടെ വനസമൃദ്ധിയും നല്കുന്ന പ്രകൃതിഭംഗിയും ഒക്കെയായിരുന്നു മനസില്‍.
ഇന്ദ്രപ്രസ്ഥംവരെ വിമാനത്തില്‍. അവിടെനിന്ന് പ്രത്യേക ബസ്സില്‍. ഇതിഹാസയുദ്ധഭൂമിയും ഭഗവദ്ഗീതയുടെ ജന്മഗൃഹവുമായ കുരുക്ഷേത്ര ലക്ഷ്യമാക്കി ദല്‍ഹിയില്‍ നിന്നും ബസ് പുറപ്പെട്ടു. സ്വാതന്ത്ര്യ വാഞ്ഛയുടേയും പോരാട്ട വീര്യത്തിന്റെയും വീരമൃത്യുവിന്റേയും സ്മരണ പേറുന്ന ജാലിയന്‍ വാലാബാഗിലേക്കായി. ക്ഷാത്രവീരത്വമായി പോരാടിയവരുടെ ചോരവീണു കുതിര്‍ന്ന മണ്ണില്‍ തൊട്ടുനമസ്ക്കരിച്ചു. പിന്നെ, ഒരുകാലത്ത് തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിപോയ പവിത്ര സങ്കേതമായ സുവര്ണക്ഷേത്രത്തിലെത്തിയപ്പോള് വല്ലാത്തൊരനുഭൂതിയായി. രാഷ്ട്രസ്നേഹത്തിന്റെയും ത്യാഗവീര്യത്തിന്റേയും ഊര്‍ജ്ജം സിരകളില്‍ കുത്തിനിറയ്ക്കുന്ന വാഗാ അതിര്‍ത്തിയിലെത്തിയപ്പോഴാണ് രാഷ്ട്രസ്നേഹം തിളച്ചുമറിയുന്നത്. അവിടെ സൈനിക പ്രകടനവും വീക്ഷിച്ച് ജമ്മുകാശ്മീരിന്റെ അതിര്‍ത്തിയായ ലഖന്പൂര് എത്തുമ്പോള്‍ നാട്ടില്‍ നിന്ന് തിരിച്ച് രണ്ട് ദിവസം കഴിഞ്ഞിരുന്നു.
ജമ്മുകാശ്മീര്‍ എന്നു പറയുമ്പോള്‍ രണ്ടല്ല മൂന്നുപ്രദേശങ്ങളാണ്. ജമ്മുവും കാശ്മീരും പിന്നെ ലഡാക്കും. നമ്മുടെ മലബാര്‍ തിരുവിതാംകൂര്‍ കൊച്ചി എന്നതുപോലെ. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് ജമ്മു. ഉണ്ടായിരുന്ന ഹിന്ദുക്കളെയെല്ലാം ആട്ടിയോടിച്ചതിനെത്തുടര്ന്ന് 99ശതമാനത്തിലധികം മുസ്ലീങ്ങള്‍ മാത്രമുള്ളതാണ് കാശ്മീര്‍. ലഡാക്കും മുസ്ലീം ഭൂരിപക്ഷ പ്രദേശം. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ച് ഞങ്ങളുടെ വാഹനം ജമ്മുകാശ്മീരിലേക്ക് കടന്നപ്പോള്‍ ഉച്ചകഴിഞ്ഞു. രാത്രി 10 മണിയോടെ 400 കിലോമീറ്റര്‍ താണ്ടി ശ്രീനഗറില്‍ എത്താമെന്നായിരുന്നു പ്രതീക്ഷ. അവിചാരിതമായി പെയ്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും നടന്നുകൊണ്ടിരിക്കുന്ന റോഡ് വികസനവും മൂലം ഗതാഗതതടസ്സം പ്രതീക്ഷിച്ചതിനാല്‍ ജന്മനഗരത്തെ ഒഴിവാക്കി മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. ഇടയ്ക്ക് ഒന്നുരണ്ട് സ്ഥലത്ത് ഗതാഗതകുരുക്കുള്ളതിനാല് മുന്നോട്ടുപോകുന്നത് പോലീസ് വിലക്കി. പരിചയ സമ്പന്നനായ ഡ്രൈവറുടെ 500 രൂപ കൈമടക്കിലൂടെ തടസ്സം നീങ്ങി.
യാത്ര തുടങ്ങി അരമണിക്കൂര്‍ കഴിയുംമുന്പേ ജമ്മുകാശ്മീരിന്റെ വശ്യസൗന്ദര്യം മനസ്സിലേക്ക് ആവാഹിച്ചു. ഇടതൂര്‍ന്ന പൈന്മരങ്ങളും നിരനിരയായ കുന്നുകളും ഇടയ്ക്കിടെയുള്ള വീടുകളും വഴിയോരങ്ങളിലെ വൈഷ്ണവോ ധാബകളും (ധാബ എന്നാല്‍ ഹോട്ടല്‍. വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്കാണ് വൈഷ്ണവോ ധാബ എന്നുപറയുന്നത് വൈഷ്ണവി ക്ഷേത്രവുമായി ബന്ധപ്പെട്ടാകാം ഈ പേര് വന്നത്. ചൈനീസ് റസ്റ്റോറന്റ് എന്നുപറയുന്നത് പോലെ പഞ്ചാബിലും ജമ്മുകാശ്മീരിലുമുള്ള എല്ലാ വെജിറ്റേറിയന്‍ ഹോട്ടലുകളുടേയും പേര് ‘വൈഷ്ണോ ധാബ’ എന്നാണ്)ആട്ടിന്ക്കൂട്ടങ്ങളുമായി നടക്കുന്ന മനുഷ്യരുമൊക്കെ പുതുകാഴ്ചകളായി. വറ്റിവരണ്ട രാവിനദി ഭാരതപ്പുഴയെ ഓര്‍മിപ്പിച്ചു. ഇടയ്ക്കിടെ വാഹനം നിര്‍ത്തി പ്രകൃതിസൗന്ദര്യം ആസ്വദിച്ച് സാവധാനമായിരുന്നു യാത്ര. ഇരുട്ടു വീണിട്ടും ശ്രീനഗറിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്നു പിന്നിട്ടിരുന്നില്ല. കാഴ്ച മങ്ങിയതോടെ ബസ്സില്‍ ഗാഢനിദ്രയിലായി എല്ലാവരും. ശ്രീനഗറില്‍ താമസിക്കേണ്ട ഹോട്ടലില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 5മണി.
ശ്രീ ശങ്കരാചാര്യര്‍ തപസ്സനുഷ്ഠിച്ച പവിത്രമായ മലമുകളിലേയ്ക്കായിരുന്നു ശ്രീനഗറിലെ ആദ്യയാത്ര. താഴ്വാരത്തുത്തന്നെ പട്ടാളത്തിന്റെ വാഹനപരിശോധന. പട്ടാളത്തിന്റെ സാന്നിധ്യവും കൂടുതല്‍. മലമുകളില്‍ എത്തിയപ്പോള്‍ കയ്യില്‍ രാഖിയും നെറ്റിയില്‍ കുങ്കുമവും തൊട്ട യുവാക്കള്‍ ഭക്ഷണം വിളമ്പുന്നു. ബസുമതി ചോറും സാമ്പാറും പയര്‍ കറിയും ചേര്‍ന്ന അന്നദാനം ഞായറാഴ്ചകളില്‍ പതിവാണ്. ഇത് കാശ്മീര്‍ തന്നെയോ എന്നു സംശയം ജനിപ്പിക്കുന്നതാണ് കാഴ്ച. 270 പടികള്‍ ചവിട്ടിക്കയറി ശ്രീ ശങ്കര ക്ഷേത്രത്തിലെത്തി. കരിങ്കല്ലില്‍ തീര്‍ത്ത വലിയ അമ്പലം. അടുത്തുതന്നെ ശ്രീ ശങ്കരാചാര്യര്‍ തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലം. ചെറിയ വാതില്‍ മാത്രമുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഇടുങ്ങിയ മുറിയില്‍ അല്പനേരം ധ്യാനത്തിലിരുന്നശേഷമാണ് തീര്‍ത്ഥാടകര്‍ മടങ്ങുക. ക്ഷേത്രമുറ്റത്തിരുന്നാല് ശ്രീനഗര്‍ നഗരം ഏറെക്കുറെ പൂര്‍ണമായി കാണാന്‍ കഴിയുന്ന മനോഹരകാഴ്ച. നൂറ്റാണ്ടുമുന്പ് ശ്രീശങ്കരാചാര്യര്‍ എങ്ങനെ ഇവിടെ എത്തി എന്ന അത്ഭുതത്തോടൊപ്പം അദ്ദേഹത്തിന്റെ നാട്ടുകാരനായതില്‍ അഭിമാനവും നുരഞ്ഞുപൊങ്ങിയ നിമിഷം.
ശ്രീ ശങ്കരഭൂമിയില് നിന്നിറങ്ങി ഷാലിമാര്‍ ഗാര്ഡനിലേയ്ക്കായിരുന്നു യാത്ര. ശ്രീനഗറില്‍നിന്ന് 15കിലോമീറ്റര്‍ അകലെ ദാല്‍ തടാകത്തിനു സമീപത്തെ അതിമനോഹരമായ പൂന്തോട്ടം. മുഗള്‍ ഭരണാധികാരി ജഹാംഗീര്‍ തന്റെ പ്രിയപത്നി നൂര്‍ജഹാനുവേണ്ടി നിര്മിച്ചതാണീ ഉദ്യാനം. ഓഫ് സീസണ് ആയതിനാല്‍ ഉദ്യാനഭംഗി അത്ര ആകര്‍ഷകമായില്ല. പൂന്തോട്ട കാഴ്ചയ്ക്കുശേഷം പ്രസിദ്ധമായ ഹസ്രത്ത്ബാല്‍ മസ്ജിദിലേക്ക്. ദാല്‍ തടാകത്തിനഭിമുഖമായി നില്ക്കുന്ന മസ്ജിദ് മുഗള്‍ സാമ്രാജ്യത്തിന്റെ സംഭാവനയായി തലയുയര്ത്തിനില്ക്കുന്നു. പ്രവാചകന്റേത് എന്നു കരുതുന്ന തലമുടി ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് യാതൊരു തടസ്സവും കൂടാതെ പള്ളിക്കുള്ളില്‍ കയറാം. തിരക്കോ ബഹളമോ ഇല്ല. സഹായത്തിനായി ഏതാനുംപേര്‍ പള്ളിയിലുണ്ട്. ഏതാനുംവര്‍ഷം മുന്‍പ് ഹസ്രത്ത്ബാല്‍ ദിവസങ്ങളോളം ദേശീയ ശ്രദ്ധാകേന്ദ്രമായിരുന്നു. തീവ്രവാദികള്‍ പള്ളിയില്‍ തമ്പടിച്ച് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയപ്പോഴായിരുന്നു ഇത്. ദിവസ ങ്ങള് നീണ്ട നടപടിക്കൊടുവില്‍ തീവ്രവാദികളെ വകവരുത്തിയാണ് പള്ളി പട്ടാളം മോചിപ്പിച്ചത്. കാശ്മീരില്‍ ആദ്യമായി യാചകരെ കണ്ടത് ഈ പള്ളിമുറ്റത്താണ്. പള്ളിയില്‍ നിന്നിറങ്ങി ഷോപ്പിംഗ്. കാശ്മീരിന്റെ കച്ചവടകേന്ദ്രമായ ലാല്‍ ചൗക്ക് ആയിരുന്നു ലക്ഷ്യം. കുങ്കുമപ്പൂവും ഡ്രൈഫുഡും കമ്പിളി വസ്ത്രങ്ങളും ഒക്കെ വാങ്ങികൂട്ടി. വിലപേശി സാധനം വാങ്ങണം. 1000 രൂപയെന്നു പറയുന്ന സാധനത്തിന് 100രൂപ തരാമെന്നു പറഞ്ഞ് തുടങ്ങണം. എങ്കില്‍ 200 രൂപ യെങ്കിലും ഉറപ്പിക്കാം. നിശാന്ത് ഡ്രൈഫുഡ് എന്ന കടയില്‍ കയറി കുങ്കുമപ്പൂവിന് വിലപേശി. സ്വര്‍ണ്ണത്തേക്കാള്‍ വിലയാണിവിടെ കുങ്കുമപ്പൂവിന്. ഒര്‍ജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റുകളും ഉള്ളതിനാല്‍ വലിയ വില നല്കി വാങ്ങാന്‍ മടി. വിലപേശുന്നതിനിടയില് കടയുടമ ഫറൂക്ക് അഹമ്മദിനെ പരിചയപ്പെട്ടു. ബിജെപിയെ പിന്തുണയ്ക്കുന്ന “ജന്മഭൂമി” പത്രത്തിന്റെ പ്രതിനിധിയെന്നു പറഞ്ഞപ്പോള്‍ ചര്‍ച്ച രാഷ്ട്രീയത്തിലേക്കായി. ഇന്റര്‍നാഷണല്‍ പൊളിറ്റിക്സില്‍ ബിരുദധാരിയായ ഫറൂക്ക് മൂന്നരപതിറ്റാണ്ടായി ഈ കട നടത്തുകയാണ്. സ്വതന്ത്ര കാശ്മീരിന്റെ സജീവ വക്താവായിരുന്നു. “സ്വതന്ത്രകാശ്മീര്‍ എന്നത് സ്വപ്നം മാത്രമാണ്.തെറ്റിധാരണകൊണ്ടും പ്രേരണകൊണ്ടും ചിലര്‍ ഇപ്പോഴും വിഘടനവാദ പ്രവര്‍ത്തനം എന്നാല്‍ നടത്തുന്നുണ്ട്. ഭാരതത്തിന്റെ ഭാഗമായി നില്‍ക്കുന്നതുതന്നെയാണ് നല്ലതെന്ന തിരിച്ചറിവ് യുവാക്കള്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. സഞ്ചാരികളുടെ വരവും കച്ചവടം പഴയ കാലത്തേതുപോലെ തിരികെ വരുന്നു.” ഫറൂക്കിവിന്റെ വാക്കുകളില്‍ പുതിയ പ്രതീക്ഷ. പട്ടാളസാന്നിധ്യം അറിയാത്ത ഒരു വീടുപോലും കാശ്മീരില്‍ കാണില്ല. ഹിത പരിശോധന എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ.് അഥവാ നടന്നാല്‍ത്തന്നെ കാശ്മീര്‍ ഭാരതത്തിനൊപ്പം നില്‍ക്കണം എന്നതാവും ഫലം. ഫാറൂക്ക് നയം വ്യക്തമാക്കി.
തൊട്ടടുത്തുതന്നെയുള്ള തുണിക്കച്ചവടക്കാരന് അന്‍വറിന്റെ വാക്കുകളില്‍ തെളിഞ്ഞതും ദേശാഭിമാനമായിരുന്നു. തന്റെ മുത്തച്ഛന് മരണാനന്തരബഹുമതിയായി ഇന്ദിരാഗാന്ധി നല്കിയ പുരസ്ക്കാരം ഉയര്‍ത്തികാട്ടി വികാരവായ്പോടെയായിരുന്നു അന്‍വറിന്റെ വാക്കുകള്‍. “അയല്‍ക്കാരായ ഹിന്ദുകുടുംബത്തിനു നേരെ ആക്രമണം നടത്താനെത്തിയ വിഘടനവാദികളെ ചെറുക്കുന്നതിനിടയിലാണ് മുത്തച്ഛന് വധിക്കപ്പെട്ടത്. ആ മുത്തച്ഛന്റെ പേരില്‍ ഞാന്‍ അഭിമാനിയായിരുന്നു. ജീവന് നല്‍കിയും ഹിന്ദു സഹോദരന്മാരെ സംരക്ഷിക്കണം എന്ന വികാരം തന്നെയാണ് എന്റെ മനസ്സിലും.” വാഗാ അതിര്‍ത്തിയില്‍ സൈനിക പ്രകടനം കണ്ടപ്പോള്‍ ഉണ്ടായ അനുഭവം തന്നെയായിരുന്നു അന്‍വറിന്റെ വാക്കുകള്‍ കേട്ടപ്പോഴും.
നിശബ്ദഭംഗികൊണ്ട് പ്രകൃതിയുമായി ഒട്ടി നില്ക്കുന്ന ഗുല്മാര്ഗിലേക്കായിരുന്നു കാശ്മീരിലെ രണ്ടാം ദിവസത്തെ യാത്ര.
ശ്രീനഗറില്‍നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള ഗുല്‍മാര്‍ഗിലേക്ക് രാവിലെ ഏഴ് മണിയോടെ തിരിച്ചു. സമുദ്രനിരപ്പില്‍നിന്ന് 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മാര്‍ഗിലേക്കുള്ള യാത്ര വര്‍ണനാതീതം. മനസ്സിലുണ്ടായിരുന്ന കാശ്മീര്‍ ഭംഗി അനുഭവിക്കുന്ന നിമിഷങ്ങള്‍. ദേവദാരുവും പൈന്മരങ്ങളും നിറഞ്ഞ കാടുകള്‍. ദൂരെദൂരെ കാണുന്ന പര്‍വത നിരകള്‍. കൊച്ചുകൊച്ച് അരുവികള്‍. ഇടയ്ക്കിടെ പച്ചപ്പാടങ്ങള്‍, പൂക്കള്‍ പുതച്ച താഴ്വരകള്‍. ഫസ്റ്റ് ഗിയറില്‍ ചുരം കയറിയുള്ള ബസ്സ് യാത്ര….
ബസ് ഇടയ്ക്കിടെ നിര്‍ത്തി പ്രകൃതിദൃശ്യങ്ങള്‍ മനസ്സിലും ക്യാമറയിലും പകര്‍ത്തി. ഒന്‍പത് മണിയോടെ ഗുല്മാറിലെത്തി. ബസ്സ് ഇറങ്ങിയാല്‍ ഒരു മണിക്കൂര്‍ കൂടി നടക്കണം. കുതിരയുമായി ആളുകള്‍ പൊതിയും. ആളൊന്നിന് 500 രൂപ ചോദിച്ചു തുടങ്ങും. 50 രൂപയ്ക്കുവരെ സമ്മതിച്ച് ഒരു കിലോമീറ്റര്‍ ദൂരം ചിലര്‍ കുതിരപ്പുറത്തിരുന്നുപോയി. ഞാന്‍ ഉള്‍പ്പെടെ ചിലര്‍ തണുപ്പ് ആസ്വദിച്ചു നടന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോണ്ടോളയായ ഗുല്‍മാര്‍ഗിലെ കേബിള്‍ കാര്‍ സഞ്ചാരമാണ് പ്രധാനം. മഞ്ഞു കാണാനുള്ള യാത്ര. രണ്ടു ഘട്ടമായിട്ടാണ് പൈന്‍മരങ്ങള്‍ക്കിടയിലൂടെയുള്ള ആകാശ യാത്ര. 300 രൂപയുടെ ടിക്കറ്റ് എടുത്ത് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ മഞ്ഞു വീഴ്ച കണ്ടില്ലെങ്കില്‍ 500 രൂപ കൂടി നല്കി രണ്ടാംഘട്ടയാത്ര ചെയ്യാം. പ്രാദേശിക വാസികള്‍ കുതിരപ്പുറത്തിരുത്തിയും മഞ്ഞ് വീഴുന്ന ഉള്മലനിരക്കിലേക്ക് കൊണ്ടുപോകും. ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ കനത്തമഴ. അതുകൊണ്ടുതന്നെ രണ്ടാംഘട്ടം റദ്ദാക്കി. മഞ്ഞ് വീഴ്ച നേരില്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമംപേറി നില്‍ക്കുമ്പോഴാണ് നല്ല പരിചയമുള്ള ചില മുഖങ്ങള്‍. കേരളത്തില്‍ നിന്നുള്ള എംഎല്‍എ സംഘമാണ്. റോഷി അഗ്റ്റിനും, എം.എ.വാഹിദും, ബാബുപാലിശ്ശേരിയും, വിന്‍സന്റുമൊക്കെ അടങ്ങിയ സംഘം. നിയമസഭാസമിതിയുടെ പേരു പറഞ്ഞ് കാശ്മീര്‍ ഭംഗി ആസ്വദിക്കാനെത്തിയതാണ്. കമ്പിളിയില്‍ പുതച്ചുനിന്നിരുന്നതിനാല് പെട്ടെന്ന് മനസ്സിലായില്ല.
ഗുല്‍മാര്‍ഗ്ഗില്‍ നില്‍ക്കുമ്പോഴാണ് ശ്രീനഗറിലെ ഒരു പട്ടാള ക്യാമ്പ് കാണാനുള്ള സമയം ലഭിച്ചകാര്യം പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചത്. നാലുമണിയോടെ രാഷ്ട്രീയ റൈഫിള്‍സിന്റെ കുമോണിലെ ക്യാമ്പില്‍ ചെല്ലാനായിരുന്നു അറിയിപ്പ്. പ്രകൃതിഭംഗിയുടെ ലാസ്യലയനം അവാഹിച്ച താഴ്വരയില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള പട്ടാള ക്യാമ്പിലേക്ക.് ബസ്സില്‍ ശ്രീഗറിലെത്തി അവിടെനിന്നും ചെറുവണ്ടികളിലായി കാശ്മീരിന്റെ ഗ്രാമങ്ങള്‍ താണ്ടി വേണമായിരുന്നു കുമോണ്‍ പട്ടാളക്യാമ്പില്‍ എത്താന്‍. അവിടെ ഹൃദ്യമായ സ്വീകരണം. ക്യാമ്പ് തലവന്‍ കേണല്‍ മനീഷ് ചതുര്‍വേദി പട്ടാളം ചെയ്തുവരുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.
പട്ടാളക്കാരെ ശത്രുക്കളെപോലെ നാട്ടുകാര്‍ നോക്കുന്ന അവസ്ഥ മാറി നാട്ടുകാരുമായി ഇഴുകി ചേരാന്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ‘സത്ഭാവന’പരിപാടിയുടെ വിജയം.
പട്ടാളം നേരിട്ടുനടത്തുന്ന സ്കൂളുകളുടെ മികവിനെകുറിച്ചും സൈനികര്‍ ഗ്രാമത്തിലേക്കിറങ്ങി നടത്തുന്ന സേവനങ്ങളെകുറിച്ചും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളെകുറിച്ചും ചതുര്‍വേദി വിശദീകരിച്ചു. ഈ വര്‍ഷം കുബോള് പട്ടാളക്യാമ്പിനുള്ളില് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. സൈന്യത്തിന്റെ സാന്നിധ്യത്തെ ശല്യമായി കണ്ടിരുന്നവര്‍ ഇപ്പോള്‍ അതൊരു ആശ്വാസമായി കാണുന്നതായി ചതുര്‍ദേവി പറയുമ്പോള്‍ മറിച്ചൊന്നും തോന്നിയില്ല. തീവ്രവാദികള്‍ ശക്തമായിരുന്ന കുമേണ് മേഖലയില്‍ ഈ വര്‍ഷം ഇതേവരെ അനിഷ്ടസംഭവം ഒന്നും ഉണ്ടാകാത്തതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പട്ടാളക്യാമ്പിലെ സല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോള്‍ രാത്രി 7മണി.
ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടിലായിരുന്നു അന്നത്തെ അന്തിയുറക്കം തീരുമാനിച്ചിരുന്നത്. ഞങ്ങളുടെ വാഹനം മുന്നോട്ടുനീങ്ങി അധികം വൈകാതെ ഒരു സ്ത്രീ വണ്ടിക്ക് കൈനീട്ടി. ഡ്രൈവര്‍ വണ്ടിനിര്‍ത്തി. അല്പനിമിഷത്തിനുള്ളില് തന്നെ അവര്‍ ഞങ്ങളുമായി ചങ്ങാത്തത്തിലായി. കൈയ്യിലിരുന്ന ആപ്പിള്‍ ഞങ്ങള്‍ക്ക് തന്നു. ആവശ്യപ്പെട്ടപ്പോള്‍ സുന്ദരശബ്ദത്തില്‍ കാശ്മീര്‍ ഗാനങ്ങള്‍ ആലപിച്ചു. യാതൊരു അപരിചത്വവും ഇല്ലാതെ ഞങ്ങളില്‍ ഒരാളായി മാറി. പേര് ആമിന. നേഴ്സിംഗിന് പഠിക്കുകയാണ്. പഠനത്തിനുശേഷം തിരികെ പോകാന്‍ ബസ് കാത്തുനിന്നപ്പോഴാണ് ഞങ്ങളുടെ വാഹനം വന്നത്. ഏതാണ്ട് ഒരുമണിക്കൂറിനുശേഷം ആമിന ഇറങ്ങി. അവളെകാത്ത് അച്ഛന് നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ എല്ലാവരേയും അവര്‍ വീട്ടിലേക്ക് ക്ഷണിച്ചു. 25 പേരുണ്ടെന്നു പറഞ്ഞപ്പോള്‍ എത്രപേരുണ്ടായാലും കുഴപ്പമില്ലന്നായിരുന്നു മറുപടി. വീട്ടില്‍ പോകണമെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും രാത്രി വൈകിയതിനാല്‍ ഉപേക്ഷിച്ചു. എങ്കിലും ആമീന എല്ലാവരുടെയും മനസ്സില്‍ മാലാഖയായി മാറി. അപരിചിതരുടെ വണ്ടിക്കു കൈകാട്ടി അതില്കയറി യാത്രക്കാരില്‍ ഒരാളായിമാറാന്‍ കഴിയുന്ന സ്ത്രീകള്‍ കേരളത്തിലുണ്ടോ എന്ന സംശയം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു.
ഞങ്ങളുടെ വാഹനത്തിലെ കിളി ജബാര്‍ ഞങ്ങളില്‍ ചിലര്‍ സിഗററ്റ് വലിച്ചപ്പോള്‍ അവനും വേണം ഒരെണ്ണം. കിളിന്തുപയ്യനു സിഗററ്റോ എന്ന ചോദ്യവുമായിട്ടാണ് അവന്റെ ആഗ്രഹത്തിനു തടയിട്ടത്. സംസാരിച്ചപ്പോഴാണ് 14 കാരനായ അവനാണ് വീട്ടിലെ ഏക വരുമാനം എന്നറിഞ്ഞത്. അച്ഛനില്ല. അമ്മ ഉള്‍പ്പെടെ ഏഴ് പേരടങ്ങിയ കുടുംബം കഴിയുന്നത് അവന് കൊണ്ടുവരുന്ന പണം ഉപയോഗിച്ചാണ.് കുട്ടിത്തം മാറാത്ത അവന്റെ മുഖത്തിന് കൂടുതല്‍ സൗന്ദര്യമുണ്ടെന്ന് അപ്പോള്‍ തോന്നി.
കാശ്മീര്‍ യാത്രയുടെ പൂര്‍ണ്ണത ദാല്‍ തടാകത്തിലൂടെയുള്ള ശിക്കാര (അലങ്കരിച്ച മേലാപുളള കൊച്ചു വള്ളം) സവാരിയും ഹൗസ് ബോട്ടിലെ താമസവുമാണ്. 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ദാല്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ തടാകമാണ്. രാത്രി വൈകി എത്തിയതിനാല്‍ ശിക്കാരി സവാരി ആസ്വാദിക്കാന്‍ കഴിഞ്ഞില്ല. വേമ്പനാട്ടുകായല്‍ പരപ്പിലൂടെ ഒഴുകിനടക്കുന്ന ഹൗസ്ബോട്ടുകളെപോലെയായിരുന്നില്ല ഇവിടുത്തെ ബോട്ടുകള്‍. അത്യാഡംബരങ്ങളായ അവ തറയില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. വിശാലമായ സിറ്റിംഗ് റൂം, ഓഫീസ് റൂം, നാല് ബെഡ്റൂം എല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യം. കാശ്മീരി കല്യാണത്തിന്റെ പാര്‍ട്ടി ഞങ്ങളുടെ ഹൗസ് ബോട്ടിനോടുചേര്ന്നുള്ള ബോട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ഏതാണ്ട് അര്‍ധരാത്രി കഴിയുംവരെ പാര്‍ട്ടിയില്‍ പങ്കാളികളായി. രാവിലെ 7മണിക്ക് മുന്‍പ് ശ്രീനഗറിനോട് വിട പറയണമായിരുന്നു. ഹൗസ് ബോട്ടില്‍ നിന്ന് കരയിലേക്ക് ശിക്കാര വള്ളത്തില്‍. വഞ്ചിക്കാരനാണ് പറഞ്ഞത് ഇന്ന് ബന്ദാണെന്ന്. നബിയെ മോശമായി ചിത്രീകരിച്ച് അമേരിക്കയില്‍ സിനിമ ഇറങ്ങിയതിനെതിരെ. മനസ്സില്‍ ഭയമായി. എന്തുചെയ്യും. ബന്ദ് ദിനത്തിലെ ബസ് യാത്ര. അതും കാശ്മീരിലൂടെ. വിവേകാനന്ദ ട്രാവല്‍സിലെ ശശിയുടെ വാക്കുകള്‍ വിശ്വസിച്ച് ബസില്‍ കയറി. 140 കിലോമീറ്റര്‍ അകലെയുള്ള പ്ലാനിടോപ്പിലേക്ക്. ബന്ദായതിനാല്‍ കടകളൊക്കെ അടഞ്ഞുകിടക്കുന്നു. റോഡില്‍ വാഹനങ്ങളും കുറവ്. ഭയന്നതുപോലെ തടയലോ കല്ലേറോ ഉണ്ടായില്ല. പ്രകൃതിസൗന്ദര്യത്തിന്റെ മൂര്‍ത്തിഭാവങ്ങള്‍ കണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ക്രിക്കറ്റ് ബാറ്റുകള്‍ ഉണ്ടാക്കുന്ന ഫാക്ടറികളും ഇടതൂര്‍ന്ന ആപ്പിള്‍ തോട്ടങ്ങളും മനം മയക്കുന്ന ചോലകളും അതിഗംഭീരമായ മലനിരകളും ദേവതാരുവും പൈന്‍ മരങ്ങളും ഇടതൂര്‍ന്ന കാടുകളും ആട്ടിന്ക്കൂട്ടങ്ങളും ഒക്കെ ആവോളം ആസ്വദിച്ചു. കാശ്മീര്‍ ഗ്രാമഭംഗി ശരിക്കും നുകര്‍ന്നുള്ള യാത്ര. ബന്ദിന്റെ കാര്യം ഗ്രാമങ്ങള്‍ അറിഞ്ഞില്ല എന്നുതോന്നി. ബന്ദിന്റെ ബാലപാഠങ്ങള്‍ കാശ്മീരികള്‍ കേരളത്തില്‍ വന്നു പഠിക്കേണ്ടിവരുമെന്ന് തോന്നി. അമര്‍നാഥ് യാത്രയുടെ കവാടമായ പ്ലാനിടോപ്പില് എത്തിയപ്പോള്‍ ഇരുട്ടു വീണിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയോളം ഉയരത്തില്‍ നില്ക്കുന്ന പ്ലാനിടോപ്പ് രാജ്യത്തെ മികച്ച ഹില്ടോപ്പുകളിലൊന്നാണ്. ഞങ്ങള്‍ കുറച്ചുപേര്‍ കാടിന്റെ സൗന്ദര്യം. ആസ്വാദിക്കാനായി ടോര്‍ച്ചുമായി നടക്കാനിറങ്ങി. ഇടതൂര്‍ന്ന ദേവതാരു മരങ്ങള്‍ക്കിടയിലൂടെ ശുദ്ധവായു ശ്വസിച്ച് ഏതാണ്ട് മൂന്നുമണിക്കൂര്‍ നടന്നു. മറക്കാനാവാത്ത അനുഭവം. താമസിച്ചിരുന്ന ഹോട്ടലിനു മുന്നില്‍ പ്രത്യേക സ്ഥലത്ത് ദേവതാരുവിറകുകള്ക്കൊണ്ട് അഗ്നികുണ്ഡം ഉണ്ടാക്കി. അതിനുചുറ്റും ഡാന്‍സും പാട്ടുമായി ഏതാണ്ട് വെളുപ്പാന്‍കാലം വരെ ക്യാമ്പ് ഫയര്‍ ആസ്വാദിച്ചു.
പിറ്റേന്ന് ദല്‍ഹിയിലേക്ക് മടക്കം. രാവിലെ 6ന് ബസില്‍ കയറിയാല്‍ രാത്രി 11 മണിയോടെ ദല്ഹിയിലെത്താം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 23 മണിക്കൂര്‍ തുടര്‍ച്ചയായ ബസ് യാത്രക്ക് ശേഷം വെളുപ്പിന് 5 മണിയോടെയാണ് ദല്‍ഹിയിലെത്തിയത്. ഭാരത് ബന്ദായതിനാല്‍ ദല്‍ഹിയിലെ പുറംകാഴ്ചകളും ഷോപ്പിംഗും വെട്ടിക്കുറച്ചു. നാലുമണിക്ക് എ.കെ.ആന്റണിയുടെ ഓഫീസില്‍ ചായ സല്‍ക്കാരവും രാത്രി ശശിതരൂരിന്റെ വീട്ടില്‍ അത്താഴവും. അതീവ സുരക്ഷാമേഖലയായ പ്രതിരോധമന്ത്രാലയത്തില്‍ ഒരു മണിക്കൂറോളം. മലയാളി എന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍.
ആന്റണി സംസാരിച്ചതും കാശ്മീരിനെകുറിച്ചായിരുന്നു. മൂന്നുവര്‍ഷമായി കാശ്മീര്‍ തികച്ചും ശാന്തമാണെന്നും ഈ അവസ്ഥ പുരോഗമിക്കുകയേയുള്ളൂവെന്നും കേന്ദ്ര പ്രതിരോധമന്ത്രിയുടെ ദൃഡ സ്വരം. പാട്ടും ഡാന്‍സും ഒക്കെയായിട്ടായിരുന്നു തരൂരിന്റെ വീട്ടിലെ അത്താഴവിരുന്ന്. തരൂരും ഭാര്യ സുനന്ദ പുഷ്ക്കറും സുനന്ദയുടെ സഹോദരന് മേജര്‍ ഹരീഷും കാശ്മീരി പാട്ടുപാടി. കാശ്മീരികാരിയായ സുനന്ദയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ഠമായ കാശ്മീരി അത്താഴം കാശ്മീര്‍ യാത്രയുടെ അവസാന ഇനമായിരുന്നു.
ഒന്‍പതു ദിവസത്തെ യാത്രക്ക്ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോള്‍ മനസ്സില്‍ നേരത്തെയുണ്ടായിരുന്ന കാശ്മീര്‍ ചിത്രം മാഞ്ഞിരുന്നു. പുതിയൊരു കാശ്മീരാണ് മനസ്സുനിറയെ. പ്രകൃതിഭംഗി പൂത്തുലഞ്ഞ, ആത്മീയത തളംകെട്ടിയ, നിഷ്കങ്കരായ ജനങ്ങള്‍ ഏറെയുള്ള കാശ്മീര്‍.
ലാല്‍ ചൗക്കിലെ കച്ചവടക്കാരായ ഫറുക്കിന്റെയും അന്‍വറിന്റേയും പ്രതീക്ഷ പുലര്‍ത്തുന്ന വാക്കുകളും ആമീനയുടെ നിഷ്കളങ്കമായ ഇടപെടലുകളും കേണല്‍ മനീഷ് ചതുര്‍വേദിയുടെ ആത്മവിശ്വാസവും എ.കെ.ആന്റണിയുടെ വിശദീകരണവും ബന്ദുദിനത്തിലെ ബസ് യാത്രയും…. വായിച്ചറിഞ്ഞും പറഞ്ഞുകേട്ടുമുള്ള കാശ്മീരിന്റെ നേര് വിപരീതങ്ങളായിരുന്നു.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: