കേരളത്തിലെ സാമൂഹ്യ തിന്മകള്ക്കെതിരെ പൊരുതി ജയിച്ച അയ്യന്‍കാളി അഭ്രപാളിയില്‍. പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചകളാകും”മഹാത്മാ അയ്യന്‍കാളി”. കേരളത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളില്‍ പ്രമുഖനാണ് അയ്യന്‍കാളി. അന്ധതമസിലും അയിത്തത്തിനും അനാചാരങ്ങള്‍ക്കും വിധേയരായിരിക്കുന്ന അടിയാള ജനതയെ തട്ടിയുണര്‍ത്തി പടനയിച്ച ചരിത്രപുരുഷനെക്കുറിച്ചുള്ള സമഗ്രചിത്രം. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് മുഖ്യപങ്കുവഹിച്ച ഉജ്ജ്വല വ്യക്തിത്വത്തിന്റെ പുനരവതരണം. നിരവധി ധീരോദാത്തമായ സമരങ്ങളിലൂടെ നേടിയെടുത്ത വ്യക്തിത്വം, തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍നിന്നും കൊളുത്തിവിട്ട ആ സമരാഗ്നി കേരളക്കരയില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ചതിന്റെ പുനരവതരണം.
കേരളത്തില്‍ കമ്മ്യൂണിസം കടന്നുവരുന്നതിന് എത്രയോ മുന്‍പാണ് അയ്യന്‍കാളി എന്ന നിരക്ഷരന് തെക്കന്‍ തിരുവിതാംകൂറിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ കര്‍ഷകത്തൊഴിലാളി സമരം നയിച്ചത്. ആഢ്യന്മാരായ ജന്മിമാര്‍ക്ക് ഒടുവില്‍ അടിയറവു പറയേണ്ടിവന്നു. ജന്മിമാരുടെ നെല്ലറകള്‍ നിറക്കാന്‍ അഹോരാത്രം പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട അധസ്ഥിതര്‍ക്ക് പണ്ട് കിട്ടിയത് ആട്ടും തുപ്പുമായിരുന്നു. അധഃകൃതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനായി നയിച്ച വില്ലുവണ്ടി സമരവും അവരുടെ പിഞ്ചോമനകള്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കുന്നതിനുള്ള പ്രയത്നവും കര്‍ഷകത്തൊഴിലാളി സമരവും സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ വേണ്ടി നടത്തിയ പോരാട്ടവുമെല്ലാം അയ്യന്‍കാളിയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഭാഗങ്ങളാണ്. സമരവും സംഘര്‍ഷവും സങ്കീര്‍ണവുമായ ജീവിതത്തിലൂടെ ചരിത്രപുരുഷനായ അയ്യന്‍കാളിയുടെ വീരചരിതമാണ് മഹാത്മ അയ്യന്‍കാളി എന്ന ചലചിത്രം. 200-ല്‍പ്പരം കലാകാരന്മാര് അണിനിരന്നിട്ടുണ്ട്. ഐശ്വര്യ മൂവീസിന്റെ ബാനറില്‍, സൂര്യദേവ കഥ, തിരക്കഥ സംവിധാനം നിര്‍വഹിക്കുന്നു. മഹാത്മാവിന്റെ ചിത്രം ഒക്ടോബര്‍ 19നാണ് തീയേറ്ററുകളിലെത്തുന്നത്.
മഹാത്മാ അയ്യന്‍കാളിയായി വേഷമിടുന്നത് പുതുമുഖ നടനായ അജു കാര്‍ത്തികേയനാണ്. മധു, ജഗന്നാഥവര്‍മ, ശ്വേത, മനുവര്‍മ, കനകലത, ലിസിബാബു, രമേശന് എന്നിവര്‍ക്കൊപ്പം രതീഷ് കൃഷ്ണ, കുഞ്ഞുകുഞ്ഞ്, സജിലാല്‍, ഷഫീക്ക്, സുനില്‍കുമാര്‍, ജേപ്രകാശ്, നക്ഷത്ര, പ്രവ്ദദാസ്, ശ്യാംകുമാര്‍ (ഇടുക്കി) ഷെരീഷ്(ഇടുക്കി) വിശ്വരംഭരന്, ശിവരാജന്, സജിന്‍ദാസ്, ദേവീപുരം ജയന്, പ്രതീഷ്, അദ്വൈദ് ബി.സൂര്യ തുടങ്ങിയവര്‍ വേഷമിടുന്നു. മഹാത്മ അയ്യന്‍കാളി തിരുവനന്തപുരം ചലചിത്ര സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: