ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളായ റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയില്ല. അതേസമയം കരുതല്‍ ധാനാനുപാത നിരക്കി (സിആര്‍ആര്‍) ല്‍ കാല്‍ശതമാനം കുറവ് വരുത്തി. 4.75 ശതമാനമായിരുന്ന സിആര്‍ആര്‍ ഇപ്പോള്‍ 4.5 ശതമാനമായി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സുക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ഒരു ഭാഗമാണ് കരുതല്‍ ധനാനുപാതം. സിആര്‍ആര്‍ കുറച്ചതിലൂടെ ബാങ്കിങ് മേഖലയിലേക്ക് 17,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്തംബര്‍ 22 മുതലാണ് പുതുക്കിയ സിആര്‍ആര്‍ നിരക്ക് നിലവില്‍ വരിക.
പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിരക്കുകളില്‍ മാറ്റം വരുത്താത്തത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ് ആര്‍ബിഐ ധനനയത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 8 ശതമാനമായി നിലനിര്‍ത്തി. ജൂലൈ 31 ന് നടന്ന ഒന്നാം പാദ ധന അവലോകന നയത്തില്‍ റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റം വരുത്താതെ 7 ശതമാനമായി നിലനിര്‍ത്തിയിരുന്നു. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടിയ സാഹചര്യത്തില്‍ പണപ്പെരുപ്പം വരും നാളുകളിലും ഉയരാന്‍ സാധ്യതയുള്ളതിനാലാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാവാതിരുന്നതെന്നാണ് കരുതുന്നത്.
ആഗസ്റ്റില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയിലിത് 6.87 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് 4-5 ശതമാനമാണെങ്കിലാണ് ‘കംഫര്‍ട്ടബിള്‍ ലെവല്‍’ എന്ന് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. അതേസമയം എസ്എല്‍ആര്‍ നിരക്ക് 24 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറച്ചിരുന്നു.
2010 ന് ശേഷം ഒരു തവണമാത്രമാണ് ആര്‍ബിഐ വായ്പാ നിരക്കുകള്‍ കുറച്ചത്. ഏപ്രിലില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ അര ശതമാനം കുറവ് വരുത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 13 തവണ നിരക്കുകള്‍ ഉയര്‍ത്തിയതിന് ശേഷമായിരുന്നു തികച്ചും അപ്രതീക്ഷിതമായ ഈ നടപടി.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായി തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിനുമായി പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
2012 ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനം 0.1 ശതമാനമായാണ് ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: