കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡീസല്‍ വില വര്‍ധന കേരളത്തിന് ഒരുലക്ഷം കോടി രൂപയിലേറെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്ക്കെത്തുന്ന അന്യസംസ്ഥാന ചരക്ക് വാഹനങ്ങളുടേയും ആഭ്യന്തര സര്‍വീസുകളുടേയും ഗതാഗത മേഖലയിലുണ്ടാക്കുന്ന അധിക ചെലവുകളുടെ അടിസ്ഥാനം കണക്കാക്കിയുള്ള പ്രാഥമിക വിലയിരുത്തലാണിതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ തലത്തില്‍ ലോറി ഉടമ സംഘടനകള്‍ ചരക്ക് കൂലി വര്‍ധനവായി 15 ശതമാനം അധിക നിരക്ക് ചുമത്തുവാന്‍ തീരുമാനിച്ചതും അനുബന്ധമായുള്ള നികുതികളും കണക്കാക്കിയുള്ളതാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ആഭ്യന്തര സര്‍വീസുകളുടെ വര്‍ധനവ് കൂടി കണക്കിലെടുത്താല്‍ വര്‍ധന ശരാശരി 25 ശതമാനത്തിലുമേറുമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതിദിനം 12000 ത്തോളം ചരക്ക് വാഹനങ്ങളാണ് അതിര്‍ത്തി കടന്ന് കേരളത്തിലേയ്ക്കെത്തുന്നത്. ഉത്സവകാലങ്ങളില്‍ 20,000 വരെയായി വര്‍ധിക്കുകയും നിത്യോപയോഗ സാധനങ്ങള്‍ അരി, പയറുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര, പച്ചക്കറി, ഫലങ്ങള്‍, പഴങ്ങള്‍ എന്നിവയ്ക്കൊപ്പം നിര്‍മ്മാണ മേഖല വസ്തുക്കള്‍, സാങ്കേതിക രംഗം, വ്യവസായിക അസംസ്കൃത വസ്തുക്കള്‍, ഇന്ധനം, വാഹന വിപണി തുടങ്ങി അനുബന്ധ മേഖലയിലെ ഉല്പന്ന കടത്തുമായുള്ള ചരക്ക് നീക്കം വേറെയും. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്ക് നീക്കമാണ് അതിര്‍ത്തി കടന്നെത്തുന്നവയില് 70 ശതമാനവുമെന്ന് ചൂണ്ടിക്കാട്ടുന്നു. പുതിയ നിരക്കനുസരിച്ച് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള വാഹന കടത്ത് കൂലി ശരാശരി 8000-10,000 രൂപ വരെയായി ഉയര്‍ന്നു കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ളത് 10,000-13,000 രൂപയായും മഹാരാഷ്ട്രയിലേത് 20,000-28,000 രൂപയായും ആന്ധ്രയില്നിന്നുള്ളത് 12,000-15,000 രൂപയുമായാണ് വര്‍ധിച്ചിരിക്കുന്നത്. സേവനനികുതിയും മറ്റ് അനുബന്ധ ചെലവുകളും വേറെയും.
വടക്കേയിന്ത്യയില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് വാഹനനിരക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെയാണെന്നാണ് പറയുന്നത്. വാഹനമൊന്നിന് ഇന്ധന വര്‍ധനവിലൂടെ അധികമായി നല്‍കേണ്ടി വരുന്നത് ശരാശരി 1500-2000 രൂപ വരെയാണെന്നാണ് കണക്കാക്കുന്നത്. ഇത് പ്രകാരം അതിര്‍ത്തി കടന്നെത്തുന്ന വാഹന ചരക്ക് നീക്കത്തിലൂടെ കേരളത്തിന് പ്രതിദിന നഷ്ടം 4-6 കോടി രൂപവരെയായിരിക്കുമെന്നാണ് ട്രാന്‍സ്പോര്‍ട്ടിങ്ങ് മേഖലയിലുള്ളവര്‍ പറയുന്നത്. പ്രതിവര്‍ഷമിത് 1200 കോടിരൂപയിലേറെ വരുമെന്ന് വിലയിരുത്തുന്നു.
ആഭ്യന്തര ചരക്ക് നീക്കത്തിനായി സംസ്ഥാനത്ത് ഇടത്തരം-വലിയ വാഹനങ്ങളായി രണ്ടരലക്ഷത്തിലേറെ വാഹനങ്ങളാണ് സേവനം നടത്തുന്നത്. ശരാശരി വാഹനമൊന്നിന് 1000 രൂപ കണക്കാക്കിയാല്‍ പ്രതിദിന അധിക ചെലവ് 25 കോടിയോളം രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു. ഇന്ധന വില വര്‍ധനവിലൂടെ ചരക്ക് കടത്തിനത്തില്‍ പ്രതിവര്‍ഷം നഷ്ടമാകട്ടെ 7500 കോടി രൂപയിലുമേറെയാകുമെന്നും വ്യാപാരികള്‍ പറയുന്നു. റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് കടത്തിനത്തില്‍ മാത്രമല്ല ജലഗതാഗതം-റെയില്‍വേ ചരക്ക് കടത്ത് മേഖലയിലും സമാനമായ രീതിയില്‍ അധിക ബാധ്യതയുണ്ടാകുമെന്നും വാണിജ്യ മേഖല പറയുന്നു. ഒപ്പം സേവനനികുതിയിലുള്ള വര്‍ധനവുണ്ടാകും.
ഗതാഗത മേഖലയിലുണ്ടാകുന്ന വാഹനങ്ങളുടെ അധിക സാമ്പത്തിക ഭാരം പ്രതിമാസം 7000-8000 കോടിയോളം രൂപയായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഓട്ടോറിക്ഷ, ടാക്സികാര്‍, ബസ്സ്, ഇടത്തരം വാഹനങ്ങള്‍ എന്നിവയാണ് ഗതാഗത മേഖലയിലേതില്‍ കണക്കാക്കിയിരിക്കുന്നത്. പ്രതിദിനം ബസ്സ് ഒന്നിന് ഇന്ധന വര്ധനവിനത്തില് 1500-2000 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് ബസ്സ് ഉടമ സംഘടനാ പ്രതിനിധികള്‍ പറയുന്നത്. ഒന്നരലക്ഷം ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനത്ത് ഈ മേഖലയിലുണ്ടാകുന്ന നഷ്ടം പ്രതിമാസം 350 കോടി രൂപയായിരിക്കുമെന്നും പറയുന്നു. ടാക്സി-ടെമ്പോ വാഹനങ്ങളിലൂടെയുള്ള അധിക ബാധ്യതയും ഇതിന് പുറമേയാണെന്ന് ഗതാഗത മേഖല വൃത്തങ്ങള്‍ പറയുന്നു.
ഇന്ധന വില വര്ധനവിനെത്തുടര്ന്നുണ്ടാകുന്ന നിത്യോപയോഗ-നിര്‍മ്മാണ മേഖല വില വര്‍ധനവും കൂലി വര്‍ധനവും ജനങ്ങളുടെ മേല്‍ ചുമത്തുന്ന അധിക സാമ്പത്തിക ഭാരം ഇനിയും കണക്കാക്കിയിട്ടില്ല. നിഷ്ക്രിയമായ സര്‍ക്കാരും അലസ്യത്തിലായ ഉദ്യോഗസ്ഥ സംവിധാനങ്ങളും നിയന്ത്രണമില്ലാതെയുള്ള വില വര്‍ധനവും മൂലം ദുരിതത്തിലാകുന്ന അസംഘടിത ഉപഭോക്തൃ ജനത്തിന് ഇനിയുമൊരു വില വര്‍ധനവിന്റെ കടുത്ത പ്രഹരമായിരിക്കും ഇനി നേരിടേണ്ടിവരികയെന്നാണ് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വില വര്‍ധനവിന്റെ പ്രഹരത്തിന് മുമ്പേ തന്നെ ഓണ വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ തളര്‍ത്തിയതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധനവിന്റെ അധികഭാരം മറ്റൊരു വില വര്‍ധനവായി ജനം നേരിടേണ്ടിവരുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം കുടുംബ ചെലവില്‍ പ്രതിമാസം 600 ശതമാനംവരെ (ആറിരട്ടി) അധിക ചെലവ് നേരിടേണ്ടി വന്ന മലയാളി കുടുംബത്തിന് നിലവിലെ അധികഭാരം താങ്ങാവുന്നതിലുമപ്പുറമാണ്. ഇന്ധന വില വര്‍ധനയുടെ ഭീഷണിയ്ക്കൊപ്പം പാചക വാതകത്തിന്റെ നിയന്ത്രണവും സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം കേരളത്തിലെ സാധാരണ ജനതയ്ക്ക് ജീവിതം ദുഃസഹമാക്കുകയും ചെയ്യും.
വ്യാപാര-വാണിജ്യ-വ്യവസായ മേഖലയിലുണ്ടാകുന്ന അധിക ബാധ്യത വിപണിയില്‍ സാമ്പത്തിക മാറ്റങ്ങളുണ്ടാക്കുമ്പോള്‍ മലയാളക്കരയുടെ ഉല്‍പ്പന്ന വിപണിയുടെ തളര്‍ച്ച സംസ്ഥാന സാമ്പത്തിക മേഖലയ്ക്ക് വന്‍ പ്രഹരമായി മാറുകയുമാണ്. നാളികേരം, ഏലയ്ക്ക, മത്സ്യം, അടയ്ക്ക, തേയില, മലഞ്ചരക്ക് ഇനങ്ങള്‍ എന്നിവയിലുണ്ടായ വില തകര്‍ച്ചയും ആഗോളവിപണി മാന്ദ്യവും ആഭ്യന്തര ഉല്‍പ്പന്ന വിപണി മാന്ദ്യവും ആഭ്യന്തര ഉല്‍പ്പന്ന വിപണിയ്ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. നാടന്‍ ഉല്‍പ്പന്നത്തിന് വില ലഭിക്കാതിരിക്കുകയും ചരക്ക് കടത്തിന്റെ പേരില്‍ അധിക സാമ്പത്തിക ഭാരം ഏല്‍ക്കേണ്ടി വരുകയും ചെയ്യുന്ന മലയാളി ഇനിയും എന്തിനും പരാശ്രയം തേടുന്ന വിപണി സംവിധാനത്തില്‍നിന്ന് സ്വാശ്രയ ശീലനായി മാറേണ്ടിവരും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: