സാന്‍ഫ്രാന്‍സിസ്കോ: ഏറെ പുതുമകളോടെ ആപ്പിള്‍ ഐഫോണ്‍ 5 അവതരിപ്പിച്ചു. ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫിന് ഷില്ലറാണ് ഐഫോണ്‍ 5 അവതരിപ്പിച്ചത്. ആപ്പിളിന്റെ മറ്റ് ഫോണുകളെ അപേക്ഷിച്ച് കനം കുറവാണെന്നതാണ് ഈ ഫോണിന്റെ സവിശേഷതകളില്‍ ഒന്ന്. മൂന്നര ഇഞ്ചില്‍ നിന്ന് നാലിഞ്ചായി എന്നതും 3ജിയില്‍ നിന്ന് 4ജി ആയി എന്നതുമാണ് ഐഫോണ്‍ 5 ന്റെ ഏറ്റവും പ്രധാന സവിശേഷത.
ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 5 എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 112 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം. ഐഫോണ്‍ 4 എസിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണിതെന്ന് ഷില്ലര്‍ പറയുന്നു.
ഐഫോണ്‍ 5 ന്റെ ബുക്കിംഗ് ഇന്നാരംഭിക്കും. സപ്തംബര്‍ 21 മുതലായിരിക്കും ഷിപ്മെന്റ് ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ യുഎസ്, കാനഡ, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളിലായിരിക്കും ഐഫോണ്‍ 5 ആദ്യം വില്പനയ്ക്കെത്തുക. മറ്റ് നൂറ് രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 5 ലഭ്യമായിത്തുടങ്ങും. യുഎസില്‍ ഈ ഫോണിന്റെ വില 199 ഡോളറാണ്.
ആപ്പിള്‍ ഐ ഫോണ്‍ 5 ന്റെ സവിശേഷതകളെ കുറിച്ച് ഏറെ നാളായി പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വിധത്തിലാണ് രൂപകല്പന. വൈഡ് സ്ക്രീന്‍ ഡിസ്പ്ലെയാണ് ഒരു സവിശേഷത. റെറ്റിന ഡിസ്പ്ലെയാണ് ഐഫോണ്‍ 5 ന്റെ നാലിഞ്ച് സ്ക്രീനിനുള്ളത്. ആപ്പിള്‍ ഡിസൈന്‍ ചെയ്ത എ6 ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ഇരട്ടി വേഗതയാണ് ഐഫോണ്‍ 5 ന് കൈവരിക്കാന്‍ സാധിക്കുക. എട്ട് മെഗാപിക്സല്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ന്യൂ ഡൈനാമിക് ലോ ലൈറ്റ് മോഡും പ്രിസിഷന്‍ ലൈറ്റ് അലൈന്‍മെന്റെ് എന്നിവയോടുകൂടി ക്യാമറയുടെ ശേഷിയും മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആപ്പിളിന്റെ സ്വന്തം മാപ്പിങ് സോഫ്റ്റ്വെയറാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന് ഐഫോണ്‍ 5 വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ 48 ദശലക്ഷത്തിനും 53 ദശലക്ഷത്തിനും ഇടയില്‍ ഐഫോണ്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. 2013 ല്‍ ഇത് 266 ദശലക്ഷമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: