ന്യൂദല്‍ഹി: രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. രാജ്യത്തെ പ്രമുഖ ഊര്‍ജ്ജോത്പാദക കമ്പനികളുടെ മേധാവികള്‍ പി.ചിദംബരവുമായി നടത്തിയ കൂടുക്കാഴ്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. അതേ സമയം കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തണമെന്നും പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മേധാവികള്‍ ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി എന്‍ടിപിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരൂപ് റോയ് ചൗധരി കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു. കല്‍ക്കരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഖാനി വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്ച്ചചെയ്തയായും ചൗധരി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദം അവസാനിച്ചപ്പോള്‍ 1.35 ലക്ഷം കോടി രൂപയുടെ ഓഡര്‍ ലഭിച്ചതായി ഭെല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി.പ്രസാദ റാവു പറഞ്ഞു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടാണ് ഭെല്ലിന്റെ നിക്ഷേപമെന്നും വിവിധ പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കുന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2012-13 ല്‍ ഇന്ത്യയില്‍ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കോള്‍ ഇന്ത്യ സിഎംഡി എസ്.നരസിംഹ് റാവു പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 25,400 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് പുറമെ 14,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും റാവു വ്യക്തമാക്കി.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഒന്‍ജിസിയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച് ധനകാര്യ മന്ത്രി പി.ചിദംബരം മുമ്പാകെ വിശദീകരിച്ചിട്ടുണ്ടെന്ന് ചെയര്മാന് സുധീര്‍ വാസുദേവ പറഞ്ഞു. 1.64 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ഇക്കാലയളവില്‍ ഒഎന്‍ജിസി നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 33,650 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം നിക്ഷേപിക്കും.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് 45,000 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ പ്രമുഖ ഉരുക്ക് നിര്‍മാതാക്കളായ സെയില്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് സി.എസ്.വര്‍മ പറഞ്ഞു.
നിര്‍മാണ മേഖലയെ ഉത്തേജിപ്പിച്ച് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ചിദംബരം നടത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിട്ടാണ് താഴ്ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8 ശതമാനമായിരുന്നു. നിര്‍മാണ മേഖലയുടെ മോശം പ്രകടനമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: